കേരളീയം മനസാക്ഷിയില്ലാത്ത ധൂര്‍ത്ത്, അഴിമതിയുടെ പൊന്‍കിരീടം സര്‍ക്കാറിന് നല്‍കണം; വി.ഡി.സതീശന്‍
കൊച്ചി: കേരളീയം പരിപാടിക്ക് മനസാക്ഷിയില്ലാതെ സര്‍ക്കാര്‍ കോടികള്‍ ധൂര്‍ത്തടിക്കുകയാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍. സര്‍ക്കാര്‍ വലിയ കടക്കെണിയിലാണുള്ളത്. എല്ലാവിധ പെന്‍ഷനുകളും മുടങ്ങി. സ്‌കൂളുകളിലെ ഉച്ച ഭക്ഷണത്തിന് പോലും സര്‍ക്കാരിന്റെ കയ്യില്‍ പണമില്ല. എന്നിട്ടും ധൂര്‍കത്തിന് കുറവ് വരുത്താന്‍ സര്‍ക്കാര്‍ തയാറാകുന്നില്ലെന്നും സതീശന്‍ കുറ്റപ്പെടുത്തി.
കോവിഡ് കാലത്തെ കിറ്റിന്റെ പണം പോലും സര്‍ക്കാര്‍ വിതരണക്കാര്‍ക്ക് കൊടുത്തിട്ടില്ല. സപ്ലൈക്കോയിലെ ഇ-ടെന്‍ഡറില്‍ കഴിഞ്ഞ രണ്ട് മാസമായി ആരും പങ്കെടുക്കുന്നില്ല. ആറ് മാസത്തെ കുടിശികയാണ് വിതരണക്കാര്‍ക്ക് നല്‍കാനുള്ളത്. പോലീസ് ജീപ്പുകള്‍ക്ക് എണ്ണ അടിക്കാന്‍ പോലും പൈസ ഇല്ല. ഈ സാഹചര്യത്തിലും ധൂര്‍ത്തും അഴിമതിയും യഥേഷ്ടം തുടരുകയാണെന്നും സതീശന്‍ പറഞ്ഞു. സര്‍ക്കാറിന് അഴിമതിയുടെ പൊന്‍കിരീടം നല്‍കേണ്ട അവസ്ഥയാണെന്നും സതീശന്‍ പരിഹസിച്ചു.
കേരളീയം പരിപാടി നടത്തുന്നത് എന്തിനാണെന്ന് സര്‍ക്കാര്‍ വ്യക്തമാക്കണം. പരിപാടിയിലേക്ക് പ്രതിപക്ഷ ജനപ്രതിനിധികള്‍ക്ക് ക്ഷണമുണ്ടായിരുന്നെങ്കിലും ആദ്യമേ നിരസിച്ചിരുന്നതായും സതീശന്‍ പറഞ്ഞു. കേരളീയത്തിനും മുഖ്യമന്ത്രിക്കുമെതിരെ രൂക്ഷ വിമര്‍ശനവുമായി കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തലയും രംഗത്തെത്തിയിട്ടുണ്ട്. അഴിമതിയും കൊള്ളരുതായ്മകളും വൈറ്റ് വാഷ് ചെയ്യാന്‍ വേണ്ടിയാണ് കേരളീയം. കേരളീയത്തിനായി മുഖ്യമന്ത്രിയുടെ മുഖം കണ്ടാല്‍ ആള് കൂടില്ലെന്ന് തിരിച്ചറിഞ്ഞാണ് താരനിരകളെ രംഗത്ത് ഇറക്കിയത്. ലോക്സഭ തിരഞ്ഞെടുപ്പ് മുന്നില്‍ക്കണ്ടുള്ള രാഷ്ട്രീയ കൗശലമാണ് കേരളീയം.മഹാബലി പ്രജകളെ കാണാന്‍ എത്തുന്നത് പോലെ നവകേരള സദസിന് പിണറായി തമ്പുരാന്‍ ബസില്‍ എത്തുകയാണെന്നും ചെന്നിത്തല പരിഹസിച്ചു. കേരളീയം പരിപാടി ധൂര്‍ത്താണെന്ന് ആരോപിച്ച് ആര്‍എസ്പി നടത്തുന്ന രാപകല്‍ സമരത്തിന്റെ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു ചെന്നിത്തല.
കേരളീയം വേദിക്ക് സമീപം ബിജെപി പ്രതിഷേധിച്ചു. നഗരത്തിലെ വെള്ളക്കെട്ട് പരിഹരിക്കാതെ ധൂര്‍ത്ത് നടത്തുന്നുവെന്ന് ആരോപിച്ചാണ് തിരുവനന്തപുരം നഗരസഭയിലെ ബിജെപി കൗണ്‍സിലര്‍മാരുടെ നേതൃത്വത്തില്‍ പ്രതിഷേധം നടത്തിയത്.
കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here