മദ്യനയം മാറ്റുന്നതില്‍ സര്‍ക്കാര്‍ യോഗം വിളിച്ചതിന് തെളിവ് പുറത്തുവിട്ട് സതീശന്‍; എക്സൈസ് വകുപ്പില്‍ ടൂറിസം വകുപ്പ് ഇടപെട്ടു; ബാര്‍ക്കോഴയില്‍ യുഡിഎഫ് പ്രക്ഷോഭം നടത്തും
കൊച്ചി: മദ്യനയം മാറ്റുന്നതില്‍ സര്‍ക്കാര്‍ യോഗം വിളിച്ചതിന് തെളിവുണ്ടെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്‍. മെയ് 21- ന് ടൂറിസം വകുപ്പ് വിളിച്ചു ചേര്‍ത്ത യോഗത്തില്‍ ബാര്‍ ഉടമകളും പങ്കെടുത്തിട്ടുണ്ട്. ഈ യോഗത്തില്‍ ഡ്രൈ ഡേയെ കുറിച്ചും ബാറുകളുടെ പ്രവര്‍ത്തന സമയം നീട്ടുന്നതിനെ കുറിച്ചും ചര്‍ച്ച നടന്നിട്ടുണ്ട്. അതിന്റെ ഭാഗമായാണ് എറണാകുളത്ത് ചേര്‍ന്ന ബാര്‍ ഉടമകളുടെ യോഗത്തില്‍ പണപ്പിരിവിന് നിര്‍ദ്ദേശം നല്‍കിതെന്ന് സൂം മീറ്റിംഗിന്റെ ലിങ്ക് അടക്കം പുറത്തുവിട്ട് സതീശന്‍ ആരോപിച്ചു.
മദ്യനയത്തില്‍ ഒരു കൂടിയാലോചനയും നടന്നില്ലെന്ന് ടൂറിസം, എക്സൈസ് മന്ത്രിമാര്‍ പറഞ്ഞത് പച്ചക്കള്ളമാണ്. ഇതുമായി ബന്ധപ്പെട്ട് ആറ് ചോദ്യത്തിന് ഉത്തരം നല്‍കണമെന്നും പ്രതിപക്ഷ നേതാവ് ആവശ്യപ്പെട്ടു.
- എക്‌സൈസ് വകുപ്പിനെ മറികടന്ന് ടൂറിസം വകുപ്പ് എന്തിനാണ് മദ്യനയത്തില്‍ ഇടപെട്ടത്?
- ടൂറിസം വകുപ്പിന്റെ അനാവശ്യ തിടുക്കം എന്തിനു വേണ്ടിയായിരുന്നു?
- ഒരു ചര്‍ച്ചയും നടന്നിട്ടില്ലെന്ന് രണ്ടു മന്ത്രിമാരും കള്ളം പറഞ്ഞതെന്തിന്?
- ഡി.ജി.പിക്ക് എക്സൈസ് മന്ത്രി നല്‍കിയ പരാതി അഴിമതിയില്‍ നിന്ന് ശ്രദ്ധതിരിക്കാനല്ലേ?
- കെ.എം മാണിക്കെതിരെ ബാര്‍ കോഴ ആരോപണം ഉണ്ടായപ്പോള്‍ യുഡിഎഫ് സര്‍ക്കാര്‍ വിജിലന്‍സ് അന്വേഷണം പ്രഖ്യാപിച്ചു. ആ മാതൃക സ്വീകരിക്കാത്തതെന്ത്?
- സര്‍ക്കാരിനെതിരെ ഗുരുതര ആരോപണം ഉണ്ടായിട്ടും മുഖ്യമന്ത്രിയുടെ മൗനം എന്തുകൊണ്ട്?
ഈ ചോദ്യങ്ങള്‍ക്കാണ് സതീശന്‍ മറുപടി ആവശ്യപ്പെടുന്നത്. “ടൂറിസം വകുപ്പ് ബാര്‍ നയത്തില്‍ അനാവശ്യ ഇടപെടലുകള്‍ നടത്തിയിട്ടുണ്ട്. എക്സൈസ് പോളിസി മാറ്റേണ്ടത് അബ്കാരി വകുപ്പാണ്. ടൂറിസം വകുപ്പ് എന്തിനാണ് അബ്കാരി വകുപ്പിലെ യോഗം വിളിക്കുന്നത്. ബാര്‍ക്കോഴ വിഷയത്തില്‍ യുഡിഎഫ് സമരപരിപാടികളുമായി മുന്നോട്ട് പോകും. നിയമസഭയിലും വിഷയം ഉന്നയിക്കും. രണ്ടുമന്ത്രിമാരും രാജിവെച്ച് ജുഡീഷ്യൽ അന്വേഷണം നടത്തണം.” – സതീശൻ പറഞ്ഞു.
കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here