പാര്‍ട്ടി യോഗത്തില്‍ പങ്കെടുക്കാത്ത വിഡി സതീശനെതിരെ കോണ്‍ഗ്രസില്‍ അമര്‍ഷം പുകയുന്നു; ഇന്ദിരാഭവനില്‍ എത്താതെ പുസ്തകമേളയില്‍ പ്രസംഗം

കോണ്‍ഗ്രസ് ഭാരവാഹിയോഗത്തില്‍ പങ്കെടുക്കാതെ പ്രതിപക്ഷനേതാവ് മുങ്ങിയതിനെതിരെ പാര്‍ട്ടിക്കുള്ളില്‍ അമര്‍ഷം പുകയുന്നു. ഇന്നലെ തിരുവനന്തപുരത്ത് ഉണ്ടായിട്ടും ഇന്ദിരാഭവനില്‍ ചേര്‍ന്ന കെപിസിസി ഭാരവാഹികളുടേയും ഡിസിസി പ്രസിഡന്റുമാരുടേയും യോഗത്തില്‍ വിഡി സതീശന്‍ പങ്കെടുത്തിരുന്നില്ല. ഇതിലാണ് വിമര്‍ശനം കടുക്കുന്നത്. ഗാന്ധിജി കോണ്‍ഗ്രസ് അധ്യക്ഷനായതിന്റെ നൂറാം വാര്‍ഷിക ചടങ്ങ് രാവിലെ നടന്നതിലും സതീശന്‍ പങ്കെടുത്തിരുന്നില്ല.

മുന്‍കൂട്ടി നിശ്ചയിച്ച പരിപാടികൾ ഉണ്ടായിരുന്നത് കൊണ്ടാണ് ഭാരവാഹി യോഗത്തില്‍ പങ്കെടുക്കാതിരുന്നത് എന്നാണ് സതീശന്റെ വിശദീകരണം. നിയമസഭയില്‍ നടക്കുന്ന പുസ്തകമേളയില്‍ രണ്ട് പരിപാടികളിലാണ് പ്രതിപക്ഷ നേതാവ് പങ്കെടുത്തത്. തദ്ദേശ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ നടന്ന പാര്‍ട്ടി മീറ്റിംഗില്‍ പങ്കെടുക്കാതെ മാറിനിന്നതിന് തൃപ്തികരമായ മറുപടി പറയാന്‍ പ്രതിപക്ഷ നേതാവിന് കഴിയാത്തതിലാണ് പാര്‍ട്ടിക്കുള്ളില്‍ മുറുമുറുപ്പ്.

ആസന്നമായ തദ്ദേശ തിരഞ്ഞെടുപ്പിനുള്ള ഒരുക്കങ്ങള്‍ നടക്കുന്നതിനിടയില്‍ നേതാക്കള്‍ തമ്മില്‍ മുഖ്യമന്ത്രി സ്ഥാനത്തെ ചൊല്ലി അടി കൂടരുതെന്ന എകെ ആന്റണിയുടെ മുന്നറിയിപ്പ് നേതാക്കള്‍ക്കിടയില്‍ ചര്‍ച്ചയായിട്ടുണ്ട്. പാര്‍ട്ടി പുന:സംഘടന നടക്കാത്തതില്‍ പ്രതിപക്ഷ നേതാവ് കടുത്ത അസ്വസ്ഥനാണ്. കഴിഞ്ഞ മൂന്ന് വര്‍ഷമായി പുന:സംഘടന ഓരോ കാരണങ്ങള്‍ പറഞ്ഞ് അനിശ്ചിതമായി നീട്ടിക്കൊണ്ട് പോവുകയാണ്. ഇക്കാര്യത്തിലെ തന്റെ അതൃപ്തി ഒളിഞ്ഞും തെളിഞ്ഞും ഹൈക്കമാന്‍ഡിന് മുന്നില്‍ അദ്ദേഹം പ്രകടിപ്പിച്ചിട്ടുണ്ട്.

ഉപതിരഞ്ഞെടുപ്പ് വിജയത്തിന് ശേഷം കെപിസിസി അധ്യക്ഷന്‍ കെ. സുധാകരനെ മാറ്റുമെന്ന പ്രചരണമുണ്ടായെങ്കിലും ഇപ്പോള്‍ അദ്ദേഹത്തെ മാറ്റേണ്ട എന്ന നിലപാടിലേക്ക് ഒരു കൂട്ടം നേതാക്കള്‍ മാറിയതും സതീശനെ അസ്വസ്ഥനാക്കിയിട്ടുണ്ട്. സുധാകരനുമായുള്ള അഭിപ്രായ വ്യത്യാസങ്ങളുടെ ഇത്തരം ചില സാഹചര്യങ്ങളിൽ നിന്ന് പ്രതിപക്ഷ നേതാവ് ഒഴിഞ്ഞു നിൽക്കുന്നത് എന്ന കാര്യം പാർട്ടിയിൽ പരസ്യമാണ്.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top