ആത്മകഥ ആകാശത്തുനിന്ന് എഴുതാനാകുമോയെന്ന് പ്രതിപക്ഷ നേതാവ്; മുനമ്പത്ത് സർക്കാരിന് സംഘപരിവാർ അജണ്ടയെന്നും വിമർശനം

വയനാട്, ചേലക്കര ഉപതിരഞ്ഞെടുപ്പ് ദിവസമുണ്ടായ ഇപി ജയരാജൻ്റെ ആത്മകഥ വിവാദത്തിൽ പ്രതികരണവുമായി പ്രതിപക്ഷ നേതാവ് വിഡി സതീശൻ. ഡിസി ബുക്സ് പോലെ വിശ്വാസ്യതയുള്ള ഒരു സ്ഥാപനത്തിന് ആകാശത്തുനിന്ന് ഒരാളുടെ ആത്മകഥ എഴുതാനാകുമോ. തിരഞ്ഞെടുപ്പ് കഴിയുമ്പോൾ സത്യമെന്താണെന്ന് ഇപി. ജയരാജൻ തന്നെ പറയും. അനുമതിയില്ലാതെ എങ്ങനെയാണ് കവർ തയ്യാറാക്കാൻ കഴിയുക സതീശൻ ചോദിച്ചു.

Also Read: വാര്‍ത്തയില്‍ വന്നതല്ല തന്‍റെ ആത്മകഥയില്‍ ഉള്ളതെന്ന് ഇപി; വിവാദത്തിന് പിന്നില്‍ ഗൂഡാലോചന

സിപിഎമ്മിനും രണ്ടാം പിണറായി സർക്കാരിനും എതിരെ ഇപി ജയരാജൻ ആത്മകഥയിൽ രൂക്ഷ വിമർശനം ഉന്നയിക്കുന്നു എന്ന വിവരം ഇന്ന് പുറത്തു വന്നിരുന്നു. ‘കട്ടൻ ചായയും പരിപ്പുവടയും: ഒരു കമ്യൂണിസ്റ്റിൻ്റെ ജീവിതം’ എന്ന പുസ്തകത്തിൻ്റെ കവർ പ്രസാധകരായ ഡിസി ബുക്സ് റിലീസ് ചെയ്തിരുന്നു. എന്നാൽ താൻ ആർക്കും പുസ്തകം പ്രസിദ്ധീകരിക്കാനുള്ള അവകാശം നൽകിയിട്ടില്ല. എഴുതി തീർക്കാത്ത പുസ്തകം എങ്ങനെ പ്രസിദ്ധീകരിക്കാൻ കഴിയും എന്നാണ് ജയരാജൻ്റെ അവകാശവാദം. അതേസമയം പുസ്തകം വൈകാതെ പുറത്തിറങ്ങും എന്ന വിശദീകരണമാണ് ഡിസി ബുക്സ് നൽകുന്നത്. സാങ്കേതിക പ്രശ്നങ്ങൾ കാരണം പുസ്തകം വൈകുമെന്നാണ് അവരുടെ പ്രതികരണം.

Also Read: ജയരാജനെ തള്ളി ഡിസി ബുക്സ്; മുന്‍ നിശ്ചയപ്രകാരം പുസ്തകം പുറത്തിറക്കും; തീയതി മാറ്റിയെന്ന് മാത്രം

കത്തിൽ തുടങ്ങിയ തിരഞ്ഞെടുപ്പ് ബുക്കിൽ അവസാനിക്കുന്ന രസകരമായ കാഴ്ചയാണ് ഇപ്പോഴുള്ളതെന്നും പ്രതിപക്ഷ നേതാവ് പരിഹസിച്ചു. ആദ്യത്തെ പത്തു ദിവസം ഡിസിസിയുടെ കത്തുമായി നടന്നവർ ഇനിയുള്ള ദിവസം ഇ.പിയുടെ ബുക്കുമായി നടക്കണമെന്നും സതീശൻ പറഞ്ഞു. ഇപി ജയരാജനും രാജീവ് ചന്ദ്രശേഖറുമായി ബിസിനസ് ഉണ്ടെന്ന ആരോപണം ആദ്യം നിഷേധിച്ക്കുകയും പിന്നീട് സമ്മതിക്കുകയുമാണ് ചെയ്തത്. ഇപ്പോൾ ആത്മകഥയുടെ കാര്യത്തിലും കാര്യത്തിലും അങ്ങനെ തന്നെയാണ്. തിരഞ്ഞെടുപ്പ് കഴിമ്പോൾ അദ്ദേഹം അക്കാര്യം സമ്മതിക്കുമെന്നും പ്രതിപക്ഷ നേതാവ് വ്യക്തമാക്കി.

Also Read: ‘കട്ടൻചായയും പരിപ്പുവടയും’ വിഷയത്തില്‍ ധൈര്യം പകർന്ന് ബിജെപി; ഇപി പറഞ്ഞത് വിശ്വസിക്കുന്നുവെന്ന് സിപിഎം

മുനമ്പം വിഷയത്തിൽ സംസ്ഥാന സർക്കാരിനെയും സതീശൻ ഇന്ന് വാർത്താ സമ്മേളനത്തിൽ കടന്നാക്രമിച്ചു. സർക്കാറിന്റേത് സംഘപരിവാർ അജണ്ടക്ക് കുടപിടിച്ചു കൊടുക്കുന്ന സമീപനമാണ്. വഖഫ് വിഷയത്തിലും ഇതു തന്നെയാണ് സർക്കാർ ചെയ്യുന്നത്. സർക്കാർ നോട്ടീസ് നൽകിയ എല്ലായിടത്തും ബിജെപി നേതാക്കൾ സന്ദർശിക്കുന്നു. മനപൂർവം ബിജെപിക്ക് പറയാനുള്ള അവസരം കൊടുക്കുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

Also Read: ആത്മകഥ വിവാദത്തില്‍ പരാതിയുമായി ഇപി; ഗൂഡാലോചന അന്വേഷിക്കണം എന്ന് ആവശ്യം

വർഗീയത ആളിക്കത്തിക്കുക എന്ന അജണ്ടയാണ് ഇതിനു പിന്നിൽ. പാലക്കാട്ട് പുതിയ വോട്ടർമാരെ തടയുമെന്ന് പറഞ്ഞ സിപിഎം ജില്ലാ സെക്രട്ടറിക്കെതിരെ കേസെടുക്കണം. എല്ലാ വോട്ടർമാരും വോട്ട് ചെയ്യും. ആർക്കും തടയാനാകില്ല. ജില്ലാ സെക്രട്ടറിക്കെതിരെ തിരഞ്ഞെടുപ്പ് കമ്മിഷന് പരാതി നൽകുമെന്നും വിഡി സതീശൻ അറിയിച്ചു.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top