‘കള്ളം പറഞ്ഞ’ എക്‌സൈസ് മന്ത്രി രാജിവെക്കുമോ? കെ കരുണാകരന്റെ മുഖ്യമന്ത്രി സ്ഥാനം പോയത് കള്ളം പറഞ്ഞതിന്
‘കള്ളം പറഞ്ഞു’ എന്ന് ധ്വനി വരുന്ന ഹൈക്കോടതി പരാമര്‍ശത്തിന്റെ പേരില്‍ മുഖ്യമന്ത്രി കെ കരുണാകരന്റെ രാജി ആവശ്യപ്പെട്ട നാടാണ് കേരളം. നിലവിലെ ഒരു മന്ത്രി കള്ളം പറഞ്ഞു എന്ന് തെളിയിക്കുന്ന രേഖകള്‍ പ്രതിപക്ഷ നേതാവ് പുറത്തുവിട്ട സാഹചര്യത്തില്‍ ഇനി എന്തുണ്ടാകും എന്നാണ് രാഷ്ട്രീയ കേരളം കാത്തിരിക്കുന്നത്. ഒയാസിസ് കമ്പനി മാത്രമാണ് മദ്യ നിര്‍മ്മാണ യൂണിറ്റ് സ്ഥാപിക്കാന്‍ അപേക്ഷ നല്‍കിയത് എന്ന മന്ത്രി എംബി രാജേഷിന്റെ പ്രസ്താവന കള്ളമാണെന്ന് തെളിയിക്കുന്ന രേഖയാണ് വിഡി സതീശന്‍ ഇന്ന് പുറത്തുവിട്ടത്. ഒയാസിസ് കമ്പനി അപേക്ഷ നല്‍കുകയായിരുന്നില്ല മറിച്ച് സര്‍ക്കാര്‍ അവരെ ക്ഷണിച്ച് കൊണ്ടുവരികയായിരുന്നു എന്നാണ് ഇപ്പോള്‍ വ്യക്തമാകുന്നത്.
അടിയന്തരാവസ്ഥകാലത്ത് കോഴിക്കോട് ആര്‍ഇസി വിദ്യാര്‍ത്ഥിയായ പി രാജന്റെ തിരോധാനവുമായി ബന്ധപ്പെട്ട കേസിന്റെ വിധി ന്യായത്തിലാണ് കെ കരുണാകരനെതിരെ പരാമര്‍ശമുണ്ടായത്. രാജനെ അന്യായമായി കസ്റ്റഡിയിലെടുത്തതിനെതിരെ പിതാവ് പ്രൊഫ ടിവി ഈച്ചരവാര്യര്‍ നല്‍കിയ ഹേബിയസ് കോര്‍പ്പസ് ഹര്‍ജിയുടെ വിധി പ്രസ്താവത്തിലാണ് ഹൈക്കോടതിയുടെ വിവാദമായ പരാമര്‍ശമുണ്ടായത്. കരുണാകരന്‍ നല്‍കിയ എതിര്‍ സത്യവാങ് മൂലത്തില്‍ ‘വാദി ഉന്നയിച്ച ആരോപണത്തിന് നേരായ മറുപടിയല്ല ആഭ്യന്തര മന്ത്രി നല്‍കിയത് എന്ന് പറയേണ്ടി വന്നതില്‍ ഞങ്ങള്‍ ഖേദിക്കുന്നു’ എന്ന പരാമര്‍ശത്തിന്റെ പേരിലാണ് കെ കരുണാകരന്‍ മുഖ്യമന്ത്രി സ്ഥാനം രാജിവെച്ചത്. (TV Eachara Varier versus secretary to the ministry of home 13 April 1977 )
സര്‍ക്കാരിന്റെ ക്ഷണപ്രകാരമാണ് മദ്യ നിര്‍മ്മാണ യൂണിറ്റ് സ്ഥാപിക്കാന്‍ തങ്ങള്‍ മുന്നോട്ട് വന്നതെന്ന് വ്യക്തമാക്കുന്ന ഒയാസിസ് കമ്പനിയുടെ കത്താണ് പ്രതിപക്ഷ നേതാവ് പുറത്തുവിട്ടത്. വാട്ടര്‍ അതോറിറ്റിക്ക് 2023 ജൂണ്‍ 15നാണ് കമ്പനി കത്ത് നല്‍കിയത്. ഒയാസിസ് കമ്പനി മാത്രമാണ് മദ്യ നിര്‍മ്മാണ യൂണിറ്റ് സ്ഥാപിക്കാന്‍ അപേക്ഷ നല്‍കിയതെന്നാണ് എക്‌സൈസ് മന്ത്രി എംബി രാജേഷ് കഴിഞ്ഞ മാസം 29 ന് നടത്തിയ പത്രസമ്മേളനത്തില്‍ പറഞ്ഞത്. മന്ത്രി പറഞ്ഞത് കള്ളമാണെന്ന് തെളിയിക്കുന്ന രേഖകളാണ് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ ഇന്ന് പുറത്ത് വിട്ടത്.
2023 നവംബറില്‍ എക്‌സൈസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ക്ക് ഒയാസിസ് കമ്പനി നല്‍കിയ അപേക്ഷയില്‍ ഒരുതുള്ളി ഭൂഗര്‍ഭ ജലം എടുക്കില്ലെന്നും അത് ആവര്‍ത്തിച്ച് വ്യക്തമാക്കിയതാണെന്നും മന്ത്രി രാജേഷ് വാര്‍ത്താ സമ്മേളനത്തില്‍ അവകാശപ്പെട്ടിരുന്നു. ഭൂഗര്‍ഭ ജലത്തിന്റെ ആവശ്യം വരുന്നില്ല. തുടക്കത്തില്‍ ഫാക്ടറിക്ക് 0.05 ദശലക്ഷം ലിറ്റര്‍ വെള്ളം മാത്രം മതി. 0.5 ദശലക്ഷം ലിറ്റര്‍ വെള്ളമാണ് പൂര്‍ണ അര്‍ത്ഥത്തില്‍ കമ്പനി വന്നാല്‍ വേണ്ടിവരിക. പാലക്കാട് നഗരത്തിന് ആകെ നല്‍കുന്നതില്‍ 1.1 ശതമാനം മാത്രമാണ് പ്ലാന്റിന് വേണ്ടിവരികയെന്നും മന്ത്രി പറഞ്ഞിരുന്നു.
ഒയാസിസ് കൊമേര്‍ഷ്യല്‍ പ്രൈവറ്റ് ലിമിറ്റഡ് എന്ന സ്ഥാപനം മാത്രമാണ് മദ്യ നിര്‍മ്മാണശാല ആരംഭിക്കാന്‍ സംസ്ഥാന സര്‍ക്കാരിനെ സമീപിച്ചു എന്നാണ് എക്‌സൈസ് മന്ത്രി പറഞ്ഞുകൊണ്ടിരിക്കുന്നത്. ആ കമ്പനി മാത്രമാണ് അപേക്ഷ നല്‍കിയതെന്നും മന്ത്രി ആവര്‍ത്തിക്കുന്നുണ്ട്. എന്നാല്‍ ഇതെല്ലാം വസ്തുതാ വിരുദ്ധമാണ് എന്ന് കമ്പനി ജല അതോറിറ്റിക്ക് നല്‍കിയ അപേക്ഷയില്‍ നിന്നും തെളിയുന്നുണ്ടെന്നാണ് പ്രതിപക്ഷ നേതാവിന്റെ നിലപാട്. സംസ്ഥാന സര്‍ക്കാര്‍ ക്ഷണ പ്രകാരമാണ് അപേക്ഷ നല്‍കുന്നതെന്നാണ് വാട്ടര്‍ അതോരിറ്റിക്ക് നല്‍കിയ കത്തില്‍ കമ്പിനി പറയുന്നത്. ഈ രേഖ പുറത്തു വന്നതോടെ മന്ത്രി കള്ളം പറഞ്ഞു എന്ന് തെളിഞ്ഞതായാണ് വിഡി സതീശന്റെ നിലപാട്.
എഥനോള്‍ ലഭ്യമാക്കാന്‍ ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷന്‍ ( ഐഒസി ) അടക്കം ക്ഷണിച്ച ടെന്‍ഡറില്‍ പങ്കെടുക്കാന്‍ ജല അതോറിറ്റിയുടെ അംഗീകാരം കമ്പനിക്ക് ആവശ്യമായിരുന്നു. ഇതിനായി 2023 ജൂണ്‍ 15ന് കമ്പനി സമര്‍പ്പിച്ച അപേക്ഷയാണ് മന്ത്രിയെ പ്രതിസ്ഥാനത്ത് നിര്‍ത്തുന്നത്. മദ്യ നിര്‍മ്മാണ യൂണിറ്റുമായി ബന്ധപ്പെട്ട് തുടക്കം മുതല്‍ മന്ത്രി പറഞ്ഞതില്‍ ഒരു പാട് അവ്യക്തതകളാണ് ഇതോടെ വെളിപ്പെടുന്നത്.
കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here