മുഖ്യമന്ത്രിയുടെ കള്ളപ്രചരണത്തിനാണ് തുടക്കമാകുന്നത്; അക്കൗണ്ടുകള്‍ മരവിപ്പിച്ചത് ബിജെപി ഫാസിസത്തിന്റെ ക്രൂരമുഖം; ജനം തിരിച്ചറിയും; പ്രതിപക്ഷ നേതാവ്

കോട്ടയം : മുഖ്യമന്ത്രിയുടെ കള്ളപ്രചരണത്തിനാണ് ഇന്ന് തുടക്കമായതെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. പൗരത്വ നിയമവുമായി ബന്ധപ്പെട്ട് കാസര്‍കോട് പറഞ്ഞ നട്ടാല്‍ കുരുക്കാത്ത നുണ തന്നെയാണ് മുഖ്യമന്ത്രി ഇപ്പോഴും ആവര്‍ത്തിക്കുന്നത്. രാഹുല്‍ ഗാന്ധി സിഎഎയ്ക്ക് എതിരെ പാര്‍ലമെന്റില്‍ വോട്ട് ചെയ്തതിന്റെ രേഖകള്‍ പുറത്ത് വിട്ടിട്ടും മുഖ്യമന്ത്രി അതേ നുണ ആവര്‍ത്തിക്കുന്നു. മുഖ്യമന്ത്രി തിരഞ്ഞെടുപ്പ് പ്രചരണം ആരംഭിച്ചു എന്നതിന് പകരം വ്യാജപ്രചരണം ആരംഭിച്ചു എന്ന് പറയുന്നതാകും ശരി. ചിഹ്നം സംരക്ഷിക്കാനോ ദേശീയ അംഗീകാരം നഷ്ടപ്പെടാതിരിക്കാനോ അല്ല വര്‍ഗീയതയെ കുഴിച്ചുമൂടി ഫാസിസം ഇല്ലാതാക്കാനുള്ള പോരാട്ടത്തിന്റെ ഭാഗമായാണ് കോണ്‍ഗ്രസ് മത്സരിക്കുന്നതെന്നും സതീശൻ പറഞ്ഞു:
തിരഞ്ഞെടുപ്പ് അടുക്കുമ്പോള്‍ മുഖ്യപ്രതിപക്ഷ കക്ഷിയെ ഭരണകൂടം എങ്ങനെ പ്രവര്‍ത്തിപ്പിക്കാതിരിക്കാന്‍ ശ്രമിക്കുന്നു എന്നതാണ് ആദായനികുതി വകുപ്പ് കോണ്‍ഗ്രിസന് നല്‍കിയിരിക്കുന്ന നോട്ടീസിലൂടെ ജനങ്ങള്‍ മനസിലാക്കുന്നത്. ഫാസിസത്തിന്റെ ഏറ്റവും ക്രൂരമായ മുഖമാണിത്. മത്സരിക്കാന്‍ പണമില്ലെങ്കില്‍ ജനങ്ങള്‍ സഹായിക്കും. പണം കൊണ്ടൊന്നും തോല്‍പിക്കാനാകില്ല.
ഇതിലും വലിയ പ്രതിസന്ധികള്‍ കോണ്‍ഗ്രസ് നേരിട്ടിട്ടുണ്ട്. ഈ പ്രതിസന്ധിയെയും അതിജീവിക്കും. പണം ഇല്ലാതെ എങ്ങനെയാണ് തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതെന്ന് കാണിച്ചുകൊടുക്കുമെന്നും സതീശൻ വ്യക്തമാക്കി.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here