കരുവന്നൂരിലേത് ചരിത്രത്തിലെ ഏറ്റവും വലിയ ബാങ്ക് കൊള്ള, സിപിഎം ജില്ലാ-സംസ്ഥാന നേതാക്കള്‍ക്ക് പങ്കുണ്ട്, സമഗ്ര അന്വേഷണം വേണമെന്ന് വി.ഡി.സതീശൻ
തിരുവനന്തപുരം: കരുവന്നൂർ തട്ടിപ്പ് സംസ്ഥാന ചരിത്രത്തിലെ ഏറ്റവും വലിയ ബാങ്ക് കൊള്ളയെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ. സിപിഎം സംസ്ഥാന – ജില്ലാ നേതൃത്വങ്ങൾക്ക് തട്ടിപ്പിൽ പങ്കുണ്ടെന്ന് സതീശൻ ആരോപിച്ചു. നിരപരാധികളെ കുടുക്കി വലിയ നേതാക്കളെ രക്ഷപ്പെടുത്താനുള്ള നീക്കം നടക്കുന്നുണ്ട്. കരുവന്നൂർ തട്ടിപ്പിൽ സമഗ്ര അന്വേഷണം വേണമെന്നും സതീശൻ ആവശ്യപ്പെട്ടു.
‘സംസ്ഥാന ചരിത്രത്തിൽ നടന്ന ഏറ്റവും വലിയ സഹകരണ ബാങ്ക് കൊള്ളയാണ് കരുവന്നൂരിൽ നടന്നത്. ഇത് കരുവന്നൂരിൽ മാത്രം ഒതുങ്ങി നിൽക്കുന്നതല്ല. തൃശ്ശൂർ ജില്ലയിലെ നിരവധി ബാങ്കുകൾ ഉൾപ്പെട്ട 300 കോടിയോളം രൂപയുടെ കള്ളപ്പണ ഇടപാട് കൂടി ബാങ്ക് തട്ടിപ്പിന്റെ മറവിൽ നടന്നിട്ടുണ്ട്. ഇതിന് സിപിഎമ്മിന്റെ പ്രാദേശിക നേതൃത്വത്തിന് മാത്രമല്ല ജില്ലാ – സംസ്ഥാന നേതൃത്വത്തിനും പങ്കുണ്ട്.
കരുവന്നൂരിൽ നടക്കുന്നത് കൊള്ളയും അഴിമതിയുമാണെന്ന് പറഞ്ഞ് 2011-ൽ പാർട്ടിയുടെ ഏരിയ കമ്മിറ്റിയംഗം നൽകിയ പരാതിയിൽ നിന്ന് ഇത് വ്യക്തമാണ്. ജില്ലാ – സംസ്ഥാന കമ്മിറ്റികൾ അന്വേഷണം നടത്തി കാര്യങ്ങൾ ബോധ്യമായിട്ടും കള്ളപ്പണക്കാരെയും അഴിമതിക്കാരെയും സംരക്ഷിക്കുന്ന നിലപാടാണ് സിപിഎം സ്വീകരിച്ചത്. നിരപരാധികളെ കള്ളക്കേസിൽ കുടുക്കി പ്രധാനപ്പെട്ട നേതാക്കൾ രക്ഷപ്പെടുന്ന കാഴ്ചയാണ് കരുവന്നൂരിൽ കണ്ടത്. കരുവന്നൂരിലെയും സമീപ പ്രദേശങ്ങളിലെയും ബാങ്കുകളിൽ നടന്ന കൊള്ള സംബന്ധിച്ച് സമഗ്ര അന്വേഷണം നടത്തണം . തൃശൂർ ജില്ലാ കോൺഗ്രസ്, യുഡിഎഫ് കമ്മിറ്റികൾ നിരവധി സമര പരിപാടികൾ നടത്തിയിട്ടുണ്ട്. സമരം കൂടുതൽ ശക്തിപ്പെടുത്തും.
നോട്ട് പിൻവലിക്കൽ കാലത്ത് കോടികളുടെ കള്ളപ്പണ ഇടപാടാണ് കരുവന്നൂരിലും സമീപത്തെ ബാങ്കുകളിലും നടന്നത്. സഹകരണ ബാങ്കുകൾക്ക് മേൽ അനാവശ്യ നിയന്ത്രണങ്ങൾ ഏർപ്പെടുത്താനുള്ള അവസരമാണ് സിപിഎം ഒരുക്കിക്കൊടുത്തിരിക്കുന്നത്. തിരുവനന്തപുരത്തെ കണ്ടല ബാങ്കിൽ 100 കോടിയിലധികം രൂപയാണ് ഇടപാടുകാർക്ക് നൽകാനുള്ളത്. 250 കോടിയുടെ തട്ടിപ്പാണ് ബിഎസ്എൻഎൽ സഹകരണ സംഘത്തിൽ നടന്നത്. ജനങ്ങളുടെ കോടിക്കണക്കിന് രൂപയാണ് നഷ്ടമാകുന്നത്. കരുവന്നൂരിലെ തട്ടിപ്പ് 2011-ൽ സിപിഎമ്മിന്റെ ശ്രദ്ധയിൽപ്പെട്ടിട്ടും ഒതുക്കിത്തീർക്കുകയായിരുന്നു. പാർട്ടി പിന്തുണയിലാണ് കരുവന്നൂരിലെ കൊള്ള നടന്നത്. നിരപരാധികളായ ആരെയെങ്കിലും കള്ളക്കേസിൽ കുടുക്കാൻ ശ്രമിച്ചാൽ കൂടെ നിൽക്കാൻ ഞങ്ങളുണ്ടാകും’ – വി.ഡി.സതീശൻ പറഞ്ഞു.
കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here