വാര്‍ഡ് പുനര്‍നിര്‍ണയ തീരുമാനം ഏകപക്ഷീയമെന്ന് സതീശന്‍; കൃത്രിമത്തിന് ശ്രമിച്ചാല്‍ നിയമനടപടി സ്വീകരിക്കും; മഴയില്‍ വെള്ളക്കെട്ടായിട്ടും സര്‍ക്കാര്‍ അനങ്ങുന്നില്ല

തിരുവനന്തപുരം: വാര്‍ഡുകളുടെ പുനര്‍നിര്‍ണയം സംബന്ധിച്ച് സര്‍ക്കാരിന്റേത് ഏകപക്ഷീയ തീരുമാനമാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്‍. യുഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് അന്നത്തെ പ്രതിപക്ഷവുമായി ആലോചിച്ചാണ് തീരുമാനമെടുത്തത്. എന്തെങ്കിലും കൗശലം കാണിക്കാനുള്ള വഴിയാണ് സര്‍ക്കാര്‍ തുറന്നുവയ്ക്കുന്നതെങ്കില്‍ അതിനെ നിയമപരമായി നേരിടുമെന്നും സതീശന്‍ പറഞ്ഞു. .

“പുനര്‍നിണയത്തിന്റെ പേരില്‍ കൃത്രിമം കാട്ടാന്‍ അനുവദിക്കില്ല. നിയമപരമായ മാനദണ്ഡങ്ങളുടെ അടിസ്ഥാനത്തില്‍ മാത്രമെ വാര്‍ഡ് പുനര്‍നിര്‍ണയം അനുവദിക്കൂ. മാനദണ്ഡങ്ങള്‍ ലംഘിച്ച് ഓരോരുത്തരുടെ സൗകര്യത്തിന് വാര്‍ഡ് ഉണ്ടാക്കുന്ന പഴയ രീതി പിന്തുടരാന്‍ സമ്മതിക്കില്ല.”

“കെടുകാര്യസ്ഥതയാണ് സര്‍ക്കാരിന്റെ മുഖമുദ്ര. ഇത് ഒരിക്കല്‍ കൂടി തെളിഞ്ഞിരിക്കുകയാണ്. രണ്ട് ദിവസം മഴ പെയ്തപ്പോള്‍ തിരുവനന്തപുരം ഉള്‍പ്പെടെ കേരളത്തിലെ മിക്ക ഭാഗങ്ങളും വെള്ളത്തിനടിയിലായി. പ്രീ മണ്‍സൂണില്‍ ആണ് ഈ അവസ്ഥ. മഴക്കാല പൂര്‍വ നടപടികളൊന്നും തദ്ദേശ വകുപ്പ് സ്വീകരിച്ചിട്ടില്ല. മഴക്കാല പൂര്‍വ ശുചീകരണം നടത്താതെ ബോധവത്ക്കരണ ജാഥകളാണ് നടക്കുന്നത്. ഓട വൃത്തിയാക്കുകയോ വെള്ളം പോകാനുള്ള സംവിധാനം ഒരുക്കുകയോ ചെയ്തിട്ടില്ല.”

“വലിയ മഴ വന്നാല്‍ കേരളത്തിലെ സ്ഥിതി എന്താകും? ദേശീയ പാതയുടെ പണി നടക്കുന്ന സ്ഥലങ്ങളിലെല്ലാം വൈദ്യുത ലൈനുകളും ജല വിതരണ പൈപ്പുകളും വിച്ഛേദിച്ചിട്ടുണ്ട്. പലയിടങ്ങളിലും വെള്ളം ഒഴുകിപ്പോകാനുള്ള സൗകര്യങ്ങള്‍ പോലുമില്ല. അശാസ്ത്രീയമായ രീതിയിലുള്ള ദേശീയപാത നിര്‍മ്മാണം വലിയ വെള്ളക്കെട്ടിനും വെള്ളപ്പൊക്കത്തിനും ഇടയാക്കും. ഇക്കാര്യങ്ങള്‍ ചൂണ്ടിക്കാട്ടി മുഖ്യമന്ത്രിക്ക് കത്ത് നല്‍കിയിട്ടുണ്ട്. എന്നിട്ടും സര്‍ക്കാര്‍ അനങ്ങുന്നില്ല.” – സതീശന്‍ പറഞ്ഞു.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top