‘മുഖ്യമന്ത്രിക്ക് ഓന്തിൻ്റെ സ്വഭാവം, പാലക്കാട് മത്സരം കോൺഗ്രസും ബിജെപിയും തമ്മില്‍’; പിണറായിക്കും സുരേന്ദ്രനും ഒരേ ശബ്ദമെന്നും പ്രതിപക്ഷ നേതാവ്

പാലക്കാട് ഉപതിരഞ്ഞെടുപ്പിൻ്റെ ചിത്രത്തിൽ ഇടതു മുന്നണിയും സിപിഎമ്മും ഇല്ലെന്ന വിമർശനവുമായി പ്രതിപക്ഷ നേതാവ് വിഡി സതീശൻ. മണ്ഡലത്തിൽ കോൺഗ്രസും ബിജെപിയും തമ്മിലാണ് മത്സരമെന്നാണ് സതീശൻ ഇന്ന് മാധ്യങ്ങളോട് പറഞ്ഞത്. മുസ്ലിം ലീഗ് അധ്യക്ഷനെതിരെ മുഖ്യമന്ത്രിയും ബിജെപി അധ്യക്ഷനും നടത്തിയ വിമർശനങ്ങൾക്കും അദ്ദേഹം മറുപടി നൽകി. പാണക്കാട് തങ്ങളെ വിമർശിച്ച മുഖ്യമന്ത്രിക്ക് സുരേന്ദ്രൻ പിന്തുണ നൽകിയതിന് പിന്നാലെയാണ് പ്രതിപക്ഷ നേതാവിൻ്റെ പ്രതികരണം.

Also Read: പാണക്കാട് തങ്ങളെ വിമർശിച്ച പിണറായിക്ക് സുരേന്ദ്രൻ്റെ പിന്തുണ; കോൺഗ്രസിന് രൂക്ഷ വിമർശനം

പിണറായിയുടേയും സുരേന്ദ്രൻ്റെയും ശബ്ദം ഒരേപോലെയായി എന്നായിരുന്നു സതീശൻ്റെ കുറ്റപ്പെടുത്തൽ. സാദിഖലി തങ്ങൾക്കെതിരായ മുഖ്യമന്ത്രിയുടെ പരാമർശം സംഘപരിവാറിനെ പ്രീണിപ്പിക്കനാണ്. പാലക്കാട്ടെ തിരഞ്ഞെടുപ്പ് സർക്കാരിന്റെ വിലയിരുത്തലായി മാറുമെന്ന് പറയാൻ തയ്യാറാണോയെന്നും പ്രതിപക്ഷനേതാവ് ചോദിച്ചു.

Also Read: കോണ്‍ഗ്രസില്‍ ചേരുന്നവര്‍ തങ്ങളെ വണങ്ങേണ്ട ഗതികേടില്‍; വെള്ളാപ്പളളിയേയോ സുകുമാരന്‍ നായരെയോ കാണുന്നില്ല; കെ സുരേന്ദ്രന്റെ വിമര്‍ശനം

ഹിന്ദു പത്രത്തിന് നൽകിയ അഭിമുഖത്തിലെ വിദ്വേഷത്തിന്റെ തുടർച്ചയാണ് മുഖ്യമന്ത്രി ഇന്നലെ പാലക്കാട് തങ്ങൾക്കെതിരെ നടത്തിയത്. ഉജ്ജ്വലനായ മതേതര നേതാവാണ് പാണക്കാട് തങ്ങൾ. മുനമ്പം വിഷയത്തിൽ ഭിന്നിപ്പുണ്ടാകാതിരിക്കാൻ പോരാടിയ നേതാവാണ് തങ്ങൾ. എല്ലാവർക്കും വഴികാട്ടിയായ മതേതര നിലപാടെടുത്ത നേതാവിനെയാണ് മുഖ്യമന്ത്രി അധിക്ഷേപിച്ചതെന്നും സതീശൻ പറഞ്ഞു.

Also Read: ന്യൂനപക്ഷ വോട്ടുറപ്പിക്കാൻ സന്ദീപ് വാര്യരെ ടാർഗറ്റ് ചെയ്ത് സിപിഎം; സംഘ പശ്ചാത്തലം ചൂണ്ടിക്കാട്ടി അവസാന ലാപ്പിൽ കടന്നാക്രമണം

ലോക്സഭാ തിരഞ്ഞെടുപ്പ് കാലത്ത് ന്യൂനപക്ഷ നിലപാട് കാണിച്ച മുഖ്യമന്ത്രി അതുകഴിഞ്ഞപ്പോൾ ഓന്തിന്റെ സ്വഭാവം കാട്ടി ഭൂരിപക്ഷ പ്രീണനം നടത്തുകയാണ്. സംഘപരിവാർ ഉണ്ടാക്കിയ മുനമ്പം വിഷയത്തിൽ തീരുമാനമുണ്ടാക്കാൻ സർക്കാർ മനപ്പൂർവം വൈകിപ്പിക്കുകയാണ്. ബാർട്ടർ സിസ്റ്റം പോലെ തമ്മിലുള്ള കേസുകൾ ഇല്ലാതാക്കുന്ന പരിപാടിയാണ് ഇരുപാർട്ടികളും തമ്മിൽ നടക്കുന്നതെന്നും പ്രതിപക്ഷ നേതാവ് വിമർശിച്ചു.

Also Read: പാലക്കാട് ഇരട്ട വോട്ട് നിലനിർത്തുമെന്ന് കളക്ടർ; ഏറ്റുപിടിച്ച് മുന്നണികൾ; നിയമ നടപടിക്കെന്ന് സിപിഎം

പാണക്കാട് തങ്ങളെ ആരും വിമർശിക്കാൻ പാടില്ല എന്ന് എഴുതി വച്ചിട്ടുണ്ടോ എന്നായിരുന്നു സുരേന്ദ്രൻ പിണറായിയുടെ വിമർശനത്തെ പിന്തുണച്ച് മാധ്യമ പ്രവർത്തകരോട് ചോദിച്ചത്. സാദിഖലി ശിഹാബ് തങ്ങൾ ജമാഅത്തെ ഇസ്‌ലാമിയുടെ അനുയായിയെപ്പോലെയാണ് പെരുമാറുന്നതെന്നായിരുന്നു മുഖ്യമന്ത്രിയുടെ വിമർശനം. ബിജെപി വിട്ട് കോൺഗ്രസിലെത്തിയ സന്ദീപ് വാര്യരുടെ ഇന്നലെവരെയുള്ള കാര്യങ്ങൾ ലീഗുകാർക്ക്‌ അറിയാം. പാണക്കാട്ടുപോയി രണ്ടുവർത്തമാനം പറഞ്ഞാൽ ലീഗിന്റെ പ്രതിഷേധം ശമിപ്പിക്കാൻ കഴിയുമോയെന്നു നോക്കുകയാണെന്നും മുഖ്യമന്ത്രി വിമർശിച്ചിരുന്നു.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top