‘മന്ത്രി എംബി രാജേഷിന് മദ്യകമ്പനി നൽകിയ തുക….?’; ഇത് രാജഭരണമല്ലെന്ന് ഇടത് സർക്കാരിന് പ്രതിപക്ഷ നേതാവിൻ്റെ ഓർമ്മപ്പെടുത്തൽ
കേരളത്തിൽ അധികാരത്തിൽ ഇരിക്കുന്ന എൽഡിഎഫ് സർക്കാർ ജനാധിപത്യ സർക്കാരാണോ എന്ന സംശയം ഉയർത്തി പ്രതിപക്ഷ നേതാവ് വിഡി സതീശൻ. ഡല്‍ഹി മദ്യനയ വിവാദവുമായി ബന്ധപ്പെട്ട കേസില്‍ അറസ്റ്റിലായ ഗൗതം മല്‍ഹോത്രയുടെ ഉടമസ്ഥതയിലുള്ള കമ്പനിക്ക് സർക്കാർ മദ്യനിര്‍മാണത്തിന് അനുമതി നൽകിയതിൽ പ്രതികരിക്കുകയായിരുന്നു അദ്ദേഹം. ഇതിൽ ദുഹൂതയുണ്ട്. ഒരു ചട്ടങ്ങളും പാലിക്കാതെയാണ് ഈ കമ്പനിക്ക് മദ്യനിര്‍മാണ പ്ലാന്റ് ആരംഭിക്കാനുള്ള അനുമതി നല്‍കിയത്. കമ്പനിയെ പുകഴ്ത്തിയാണ് എക്‌സൈസ് മന്ത്രി എംബി രാജേഷ് കഴിഞ്ഞ ദിവസം സംസാരിച്ചത്. എന്ത് കിട്ടിയെന്നു മാത്രം മന്ത്രി പറഞ്ഞാല്‍ മതിയെന്നും ഇഷ്ടക്കാര്‍ക്ക് ദാനം ചെയ്യാന്‍ ഇത് രാജഭരണമല്ലെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു..
“പാലക്കാട് ജില്ലയിലെ കഞ്ചിക്കോട് എഥനോള്‍ പ്ലാന്റ്, മള്‍ട്ടി ഫീഡ് ഡിസ്റ്റിലേഷന്‍ യൂണിറ്റ്, ഇന്ത്യന്‍ നിര്‍മ്മിത വിദേശമദ്യ ബോട്ടിലിങ്ങ് യൂണിറ്റ്, ബ്രൂവറി, മാള്‍ട്ട് സ്പിരിറ്റ് പ്ലാന്റ്, ബ്രാണ്ടി അല്ലെങ്കിൽ വൈനറി പ്ലാന്റ് എന്നിവ ആരംഭിക്കുന്നതിന് മധ്യപ്രദേശ് ആസ്ഥാനമായ ഒയാസിസ് എന്ന കമ്പനിക്ക് അനുമതി നല്‍കിയുള്ള മന്ത്രിസഭ തീരുമാനത്തിനെതിരെ പ്രതിപക്ഷം കഴിഞ്ഞ ദിവസം ആരോപണം ഉന്നയിച്ചിരുന്നു. ഒരു നടപടിക്രമങ്ങളും പാലിക്കാതെയാണ് ഈ കമ്പനിക്ക് മദ്യനിര്‍മാണ പ്ലാന്റ് ആരംഭിക്കാനുള്ള അനുമതി നല്‍കിയത്. കമ്പനിയെ എങ്ങനെയാണ് തിരഞ്ഞെടുത്തതെന്നും വ്യക്തമല്ല. എന്തുകൊണ്ടാണ് ഈ കമ്പനിക്ക് മാത്രം അനുമതി നല്‍കിയത്?” – വിഡി സതീശൻ ചോദിച്ചു.
“ഭൂഗര്‍ഭ ജലം ഊറ്റിയെടുത്തതിനെ തുടര്‍ന്ന് പ്ലാച്ചിമടയിലെ കൊക്കക്കോള കമ്പനിയെ ജനങ്ങള്‍ സമരം ചെയ്താണ് പൂട്ടിച്ചത്. അതേ സ്ഥലത്താണ് ദശലക്ഷക്കണക്കിന് ലിറ്റര്‍ ജലം വേണ്ട കമ്പനിക്ക് അനുമതി നല്‍കിയിരിക്കുന്നത്. ഒരു പഠനവും നടത്താതെയാണ് സര്‍ക്കാര്‍ ഈ കമ്പനിക്ക് അനുമതി നല്‍കിയത്. മദ്യമേഖലയുമായി ബന്ധപ്പെട്ട എല്ലാ പ്രവര്‍ത്തനങ്ങള്‍ക്കുമാണ് ഈ കമ്പനിക്ക് അനുമതി നല്‍കിയിരിക്കുന്നത്. നയം മാറിയതു പോലെ പ്രഖ്യാപിക്കാതെ രഹസ്യമായാണ് ഈ അനുമതി. ഒരു നടപടിക്രമങ്ങളും പാലിക്കാതെ ഇഷ്ടക്കാര്‍ക്ക് അനുമതി നല്‍കിയതിനു പിന്നില്‍ അഴിമതിയാണ്” – പ്രതിപക്ഷ നേതാവ് കൂട്ടിച്ചേർത്തു.
മന്ത്രിക്ക് കരാർ കൊണ്ട് എന്ത് പ്രയോജനം ലഭിച്ചെന്ന ചോദ്യവും പ്രതിപക്ഷ നേതാവ് പറഞ്ഞു. എന്ത് കിട്ടിയെന്നു മാത്രം മന്ത്രി പറഞ്ഞാല്‍ മതി. കമ്പനിക്ക് പ്രവര്‍ത്തനാനുമതി നല്‍കിയതിലൂടെ എന്താണ് അവരില്‍ നിന്നും വാങ്ങിയതെന്നു മാത്രമെ വെളിപ്പെടാനുള്ളൂ. അനുമതി റദ്ദാക്കണമെന്നാണ് പ്രതിപക്ഷം ആവശ്യപ്പെടുന്നത്. കമ്പനിക്ക് പ്രവര്‍ത്തനാനുമതി നല്‍കാനുണ്ടായ സാഹചര്യങ്ങളെ കുറിച്ച് അന്വേഷിക്കണം. പദ്ധതിയുമായി മുന്നോട്ട് നീങ്ങിയാല്‍ രൂക്ഷമായ കുടിവെള്ള പ്രശ്‌നം നേരിടുന്ന പാലക്കാട് ഈ കമ്പനിയുടെ പ്രവര്‍ത്തനം അനുവദിക്കില്ല. കുപ്രസിദ്ധമായ കമ്പനിക്ക് അനുമതി നല്‍കാനുള്ള നടപടികളില്‍നിന്നും സര്‍ക്കാര്‍ പിന്‍മാറണമെന്നും സതീശൻ ആവശ്യപ്പെട്ടു.
കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here