ബ്രൂവറി വിഷയത്തിൽ സർക്കാർ പറഞ്ഞതെല്ലാം കളവെന്ന് പ്രതിപക്ഷ നേതാവ്; രേഖകൾ പുറത്തുവിട്ടു; പ്ലാൻ്റിന് എതിരെ ലേഖനവുമായി സിപിഐ നേതാവ് സത്യൻ മൊകേരി

പാലക്കാട് എലപ്പുള്ളി ബ്രൂവറി വിവാദം വീണ്ടും കലങ്ങി മറിയുന്നു. ഒയാസിസ് കൊമേഴ്ഷ്യൽ പ്രൈവറ്റ് ലിമിറ്റഡ് കമ്പനിക്ക് മദ്യ നിര്‍മ്മാണ പ്ലാൻ്റിന് അനുമതി നൽകിയത് ആരോടും ആലോചിക്കാതെയാണെന്ന് തെളിയിക്കുന്ന മന്ത്രിസഭായോ ഗത്തിൻ്റെ കുറിപ്പ് പ്രതിപക്ഷ നേതാവ് പുറത്ത് വിട്ടതോടെ വിഷയം സങ്കീർണമായി. ഒരു കാരണവശാലും മദ്യ നിർമ്മാണ യൂണിറ്റിന് അനുമതി നല്കരുതെന്ന ആവശ്യവുമായി സിപിഐ നേതാവ് സത്യൻ മൊകേരിയും രംഗത്ത് വന്നു.

പാലക്കാട് ഉപതെരഞ്ഞെടുപ്പ് പ്രചാരണം നടക്കുന്ന കഴിഞ്ഞ വർഷം
നവംബര്‍ എട്ടിനാണ് ഫയല്‍ മന്ത്രിസഭ യോഗത്തിന് സമര്‍പ്പിക്കാനുള്ള ഉത്തരവ് മുഖ്യമന്ത്രി നല്‍കുന്നത്. മറ്റ് ഒരു വകുപ്പിന്റെയും അനുമതി തേടുകയോ മറ്റു വകുപ്പുകളുമായി ആശയവിനിമയം നടത്തുകയോ ചെയ്തിട്ടില്ലെന്ന് ഈ ഫയല്‍ വ്യക്തമാക്കുന്നു. സര്‍ക്കാരിലോ മുന്നണിയിലോ ആലോചിക്കാതെ മുഖ്യമന്ത്രിയും എക്സൈസ് മന്ത്രിയും ചേര്‍ന്നാണ് തീരുമാനമെടുത്തത് എന്ന പ്രതിപക്ഷ ആക്ഷേപം ശരിവയ്ക്കുന്നതാണ് മന്ത്രിസഭാക്കുറിപ്പെന്ന് വി.ഡി.സതീശൻ വ്യക്തമാക്കി.
ധനകാര്യം, ജലവിഭവം, വ്യവസായം, തദ്ദേശ സ്വയംഭരണം തുടങ്ങിയ വകുപ്പുകളൊന്നും ഈ പദ്ധതിയെക്കുറിച്ച് അറിഞ്ഞിട്ടില്ല. ഇടത് മുന്നണിയിലും ഈ വിഷയം ചർച്ച ചെയ്തിട്ടില്ല.
മദ്യ നിർമ്മാണ യൂണിറ്റിന് അനുമതി നൽകിയ സർക്കാർ തീരുമാനത്തിനെതിരെ സിപിഐ എതിർപ്പ് കടുപ്പിച്ചു. ഒരു കാരണവശാലും എലപ്പുള്ളിയിൽ ബ്രൂവറി പാടില്ലെന്ന് ‘ജനയുഗ’ത്തിൽ ദേശീയ കൗൺസിൽ അംഗമായ സത്യൻ മൊകേരി എഴുതിയ ലേഖനം സർക്കാർ തീരുമാനത്തെ വെല്ലുവിളിക്കുന്നതിന് തുല്യമാണ്. ‘മണ്ണും ജലവും പരിസ്ഥിതിയും സംരക്ഷിക്കണം’ എന്ന തലക്കെട്ടിലുള്ള ലേഖനത്തിലാണ് സിപിഐ എതിര്‍പ്പിന്റെ കാരണങ്ങള്‍ വ്യക്തമാക്കുന്നത്.

“പാലക്കാട്ടെ കാർഷികമേഖല പ്രശ്നങ്ങൾ നേരിടുന്ന സന്ദർഭത്തിലാണ് പാലക്കാട് താലൂക്കിൽപ്പെട്ട മലമ്പുഴ നിയമസഭാ മണ്ഡലത്തിലെ എലപ്പുള്ളി ഗ്രാമപഞ്ചായത്തിൽ മദ്യ വ്യവസായത്തിനായി ഒയാസിസ് കൊമേഴ്ഷ്യൽ പ്രൈവറ്റ് ലിമിറ്റഡ് എന്ന സ്ഥാപനം തുടങ്ങുന്നതിന് പ്രാഥമിക അനുമതി നൽകിയിട്ടുള്ളത്. മദ്യമാണോ നെല്ലാണോ പാലക്കാട്ടെ നെൽവയലിൽ നിന്ന് ഉല്പാദിപ്പിക്കേണ്ടതെന്ന ചോദ്യം ഇതിലൂടെ ഉയർന്നുവരുന്നു.”
“മദ്യവ്യവസായത്തിന് എവിടെ നിന്നാണ് ജലം ലഭിക്കുക? നിലവിലുള്ള കൃഷി സംരക്ഷിക്കലല്ലേ പ്രധാനം എന്ന ചോദ്യം ഇതിനകം ഉയർന്നിട്ടുണ്ട്. മദ്യ കമ്പനി വെള്ളം ചൂഷണം ചെയ്യുന്നതോടെ കൃഷിക്ക് ആവശ്യമായ വെള്ളം ലഭിക്കില്ല. അതിലൂടെ കാർഷികമേഖലയാകെത്തന്നെ സ്തംഭനത്തിൽ ആകുന്ന ഗുരുതരമായ സാഹചര്യമാണ് ഉണ്ടാവുക.”
“എലപ്പുള്ളി പ്രദേശം ചിറ്റൂർ മേഖലയിലാണ്. സംസ്ഥാനത്ത് ഭൂഗർഭ ജലം ഏറ്റവും കുറഞ്ഞ മേഖലയാണ് ഇത് എന്ന് വിദഗ്ധർ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. മലമ്പുഴ ഡാമിൽ നിന്നും കൃഷിക്ക് ലഭിക്കേണ്ടുന്ന വെള്ളം മദ്യനിർമ്മാണ കമ്പനിക്ക് വിട്ടുനൽകിയാൽ നെൽകൃഷി മേഖല ആകെ ഇല്ലാതാകും. ലക്ഷക്കണക്കിന് കർഷകരുടെയും കർഷക തൊഴിലാളികളുടെയും ജീവിതമേഖലയാണ് കൃഷി. ഭക്ഷ്യസുരക്ഷയ്ക്ക് ഭീഷണി ഉയർത്തുകയും കൃഷിയെ തടസപ്പെടുത്തുകയും ചെയ്യുന്ന പദ്ധതികൾ സംസ്ഥാനത്തിൻ്റെ താല്പര്യത്തിന് നിരക്കുന്നതല്ല.” ‘ജനയുഗം’ ലേഖനത്തിൽ പറയുന്നു.
പ്രതിപക്ഷ നേതാവ് പുറത്തു വിട്ട രേഖകൾ പ്രകാരം
മദ്യ നിർമ്മാണ യൂണിറ്റിന് അനുമതി നൽകിയ വിഷയത്തിൽ മുഖ്യമന്ത്രിയും എക്സൈസ് മന്ത്രിയും പറഞ്ഞിരുന്ന വാദങ്ങൾ കളവാണെന്ന് തെളിഞ്ഞു.
ഇടത് മുന്നണിയിലെ ഒട്ടുമിക്ക ഘടക കക്ഷികളും മദ്യ നിർമ്മാണ യൂണിറ്റിന് അനുമതി നൽകിയതിൽ അസ്വസ്ഥരാണ്. പലരും പരസ്യമായി പ്രതികരിക്കാൻ തയ്യാറെടുക്കുന്നുണ്ട്.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here