അഴിമതിയുടെ പണപ്പെട്ടി തിരയേണ്ടത് പിണറായി വിജയന്‍റെ ക്ലിഫ് ഹൗസിലെന്ന് സതീശന്‍; റെയ്ഡ് സിപിഎം-ബിജെപി നാടകം
പാലക്കാട്ട് കോണ്‍ഗ്രസ് വനിതാ നേതാക്കള്‍ താമസിച്ച ഹോട്ടല്‍ മുറികളില്‍ രാത്രി അപ്രതീക്ഷിത റെയ്ഡ് നടത്തിയതിന് പിന്നില്‍ വലിയ ഗൂഡാലോചന നടന്നുവെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്‍.
അഴിമതിയുടെ പണപ്പെട്ടി തിരയേണ്ടത് കോണ്‍ഗ്രസ് നേതാക്കളുടെ മുറിയിലല്ല പിണറായി വിജയന്‍ താമസിക്കുന്ന ക്ലിഫ് ഹൗസിലാണെന്നും സതീശന്‍ പറഞ്ഞു. “പോലീസ് തോന്നിവാസമാണ് കാണിച്ചത്. പോലീസിന്റെ കയ്യില്‍ ഐഡികാര്‍ഡ് പോലും ഉണ്ടായിരുന്നില്ല. റെയ്ഡ് സിപിഎം -ബിജെപി അറിവോടെയാണ്. പാര്‍ട്ടി ചാനല്‍ എങ്ങനെയാണ് റെയ്ഡ് വിവരം അറിഞ്ഞത്. അവിടെ ഡിവൈഎഫ്‌ഐ പ്രവര്‍ത്തകരുടെ സാന്നിധ്യം ഉണ്ടായിരുന്നു.”
“കോണ്‍ഗ്രസ് വനിതാ നേതാക്കളെ മനപൂര്‍വം അപമാനിക്കുകയാണ് ചെയ്തത്. ഹോട്ടല്‍ മുറിയില്‍ പി.കെ.ശ്രീമതി ടീച്ചറും താമസിച്ചിരുന്നു. ആ മുറിയില്‍ എന്തുകൊണ്ട് പോലീസ് റെയ്ഡ് നടത്തിയില്ല. ബിജെപി സംസ്ഥാന പ്രസിഡന്റ് കുഴല്‍പ്പണക്കേസില്‍ നാണംകേട്ട് നില്‍ക്കുകയാണ്. അതിന് കുടപിടിച്ചു കൊടുത്ത പിണറായി വിജയനും നാണംകെട്ട് നില്‍ക്കുകയാണ്. ഇവരെ രണ്ടുപേരെയും രക്ഷിക്കാന്‍ വേണ്ടിയുള്ള നാടകമാണ് പാലക്കാട് കണ്ടത്. റെയ്ഡിന് പിന്നില്‍ മന്ത്രി എം.ബി.രാജേഷിന് പങ്കുണ്ട്. രാജേഷ് ഒരു നിമിഷം കസേരയില്‍ ഇരിക്കാന്‍ യോഗ്യനല്ല. രാജിവച്ച് ഇറങ്ങിപ്പോകണം. “- സതീശന്‍ പറഞ്ഞു
കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here