ജെഡിഎസ്സിനെ ഇടതുമുന്നണിയിൽ നിന്ന് പുറത്താക്കുമോ?, സിപിഎമ്മിനു സംഘപരിവാറിനോട് വിധേയത്വം, ബിജെപി വിരുദ്ധത വെറും തട്ടിപ്പ്: സതീശൻ

തിരുവനന്തപുരം: ബിജെപി മുന്നണിയിൽനിൽക്കുന്ന ജനതാദൾ എസ്സിനെ (ജെഡിഎസ്)
ഇടതു മുന്നണിയിൽനിന്നു പുറത്താക്കാൻ സിപിഎമ്മിനു ധൈര്യമുണ്ടോയെന്നു പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ.
രാജ്യത്തെ പ്രതിപക്ഷ പാർട്ടികൾ ബിജെപിക്കെതിരെ ‘ഇന്ത്യ’ എന്ന വിശാല പ്ലാറ്റ്ഫോമിൽ നിൽക്കുമ്പോൾ അതിനൊപ്പം ചേരാൻ കേരളത്തിലെ സിപിഎമ്മിനു താത്പര്യമില്ല. ലാവലിനും സ്വർണക്കടത്തും മാസപ്പടിയും ഉൾപ്പെടെയുള്ള അഴിമതികളിലെ ഒത്തുതീർപ്പും സംഘപരിവാറിനോടുള്ള വിധേയത്വവും ഭയവുമാണ് ബിജെപി വിരുദ്ധ നിലപാട് സ്വീകരിക്കുന്നതിൽ നിന്നും സിപിഎം ദേശീയ നേതൃത്വത്തെ വിലക്കാൻ പിണറായിയുടെ നേതൃത്വത്തിലുള്ള കേരള ഘടകത്തെ പ്രേരിപ്പിക്കുന്നത്.
ജെഡിഎസ് സംസ്ഥാന നേതൃത്വത്തിന്റെ അറിവോടെയാണ് ദേശീയ നേതൃത്വം ബിജെപി ബന്ധത്തിലേക്ക് പോയതെന്ന് സംശയിക്കണം. ഒരു മാസമായി ഇതു സംബന്ധിച്ച വാർത്തകൾ പുറത്തു വന്നിട്ടും ദേശീയ നേതൃത്വത്തെ തിരുത്താനുള്ള ഒരു സമ്മർദവും കേരള ഘടകത്തിന്റെ ഭാഗത്തു നിന്നുണ്ടാകുന്നില്ല. ജെഡിഎസും സിപിഎമ്മും എൽഡിഎഫും കേരളത്തിലെ ജനങ്ങളോട് കാട്ടുന്നത് രാഷ്ട്രീയ ഇരട്ടത്താപ്പാണെന്നു അദ്ദേഹം പറഞ്ഞു.
ബിജെപി വിരുദ്ധ കോൺഗ്രസ് ഇതര മുന്നണിയെന്ന ആശയം ദേശീയ സമ്മേളനത്തിൽ അംഗീകരിച്ച പാർട്ടിയാണ് ജെഡിഎസ്. അതേ ജെഡിഎസ് ഇന്ന് ബിജെപി നേതൃത്വം നൽകുന്ന എൻഡിഎയുടെ ഭാഗമാണ്. കേരളത്തിലാകട്ടെ സിപിഎം നേതൃത്വം നൽകുന്ന എൽഡിഎഫിലെ ഘടകകക്ഷിയാണ് ജെഡിഎസ്. ഇത് കൂടാതെ ജെഡിഎസ് പ്രതിനിധി പിണറായി വിജയൻ മന്ത്രിസഭയിൽ അംഗവുമാണ്. ബിജെപി വിരുദ്ധതയിൽ വാചക കസർത്ത് നടത്തുന്ന സിപിഎമ്മിനും ഇടത് മുന്നണിക്കും ഇപ്പോൾ എന്ത് പറയാനുണ്ടെന്ന് സതീശൻ ചോദിച്ചു.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here