സതീശനെതിരെ അന്വേഷണം ആവശ്യമില്ലെന്ന് വിജിലന്‍സ്; 150 കോടി വാങ്ങിയതിന് തെളിവില്ല; ഹര്‍ജിയില്‍ കോടതി ശനിയാഴ്ച വിധി പറയും

തിരുവനന്തപുരം: വി.ഡി.സതീശനെതിരായ സില്‍വര്‍ ലൈന്‍ ആരോപണത്തില്‍ അന്വേഷണത്തിന്റെ ആവശ്യമില്ലെന്ന് കോടതിയില്‍ വിജിലന്‍സ്. സിൽവർലൈൻ പദ്ധതി അട്ടിമറിക്കാൻ പ്രതിപക്ഷ നേതാവ് 150 കോടി രൂപ കൈക്കൂലി വാങ്ങിയെന്നത് വെറും ആരോപണം മാത്രമാണെന്നും മാധ്യമ വാര്‍ത്തകള്‍ അല്ലാതെ പരാതിക്കാരന്റെ കയ്യില്‍ ഒരു തെളിവുമില്ലെന്നും വിജിലന്‍സ് അഭിഭാഷകന്‍ കോടതിയെ അറിയിച്ചു. ഹർജിയിൽ വാദം പൂർത്തിയായി. ഈ ആരോപണവുമായി ബന്ധപ്പെട്ടു കൂടുതൽ തെളിവുണ്ടോയെന്നു പരാതിക്കാരനായ എ.എച്ച്.ഹഫീസിനോടു കോടതി ആരാഞ്ഞിരുന്നു.ശനിയാഴ്ച വിജിലൻസ് കോടതി വിധി പറയും.

പരാതിയുമായി ബന്ധപ്പെട്ട് വിജിലൻസ് അന്വേഷണം നടത്തിയിട്ടില്ല. പി.വി.അൻവർ എംഎൽഎ ആരോപണം ഉന്നയിച്ചതു നിയമസഭയിലാണ്. തിരഞ്ഞെടുപ്പു ഫണ്ടിനു വേണ്ടിയാണ് കോർപറേറ്റുകളിൽ നിന്നു പണം വാങ്ങിയതെങ്കിൽ അതു തിരഞ്ഞെടുപ്പു കമ്മീഷനാണ് അന്വേഷിക്കേണ്ടത്. ഒന്നിനും തെളിവില്ല. അതിനാൽ ഈ കേസിൽ അന്വേഷണം ആവശ്യമില്ല. നിയമസഭാ സാമാജികർക്കു പ്രത്യേക അധികാരമോ പരിരക്ഷയോ ഉണ്ടോയെന്ന് വ്യക്തത വരുത്തണം. നിയമോപദേശത്തിന്റെ അടിസ്ഥാനത്തില്‍ പരാതി വിജിലൻസ് ഡയറക്ടർ സർക്കാരിനു കൈമാറിയെന്ന് അഭിഭാഷകൻ കോടതിയെ അറിയിച്ചു.

സിൽവർലൈൻ പദ്ധതി അട്ടിമറിക്കാൻ ഇതര സംസ്ഥാനങ്ങളിലെ ഐടി കമ്പനികളിൽനിന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ 150 കോടിരൂപ കൈക്കൂലി വാങ്ങിയെന്ന ഗുരുതര ആരോപണമാണ് പി.വി.അൻവർ നിയമസഭയില്‍ ഉന്നയിച്ചത്. ലോറികളിൽ 50 കോടി രൂപ വീതം മൂന്നു ഘട്ടങ്ങളിലായി തൃശൂർ ചാവക്കാടിന് അടുത്തുള്ള ചേറ്റുവ കടപ്പുറത്ത് എത്തിച്ചു. അവിടെനിന്ന് രണ്ട് ആംബുലൻസുകളിലായി ഈ തുക വി.ഡി.സതീശന്റെ സുഹൃത്തുകളുടെ കൈയിലെത്തിച്ചു. കർണാടകയിൽ ഈ പണം നിക്ഷേപിച്ചെന്നും അൻവർ നിയമസഭയിൽ ആരോപിച്ചു.

കേരളത്തില്‍ അടിസ്ഥാന സൗകര്യം വർധിച്ചാൽ കർണാടകയിലെയും മറ്റു സംസ്ഥാനങ്ങളിലെയും ഐടി മേഖലയ്ക്ക് തിരിച്ചടിയാകും. കോൺഗ്രസിനെ കൂടെനിർത്തി ഒരു ലോബി സിൽവർലൈൻ പദ്ധതിയെ എതിർത്തു. പദ്ധതി മുടക്കാനുള്ള ദൗത്യം സതീശനെ ഏൽപ്പിക്കുകയായിരുന്നു. അദ്ദേഹത്തിനുള്ള ഓഫർ കേരളത്തിന്റെ മുഖ്യമന്ത്രി പദവിയായിരുന്നെന്നും അൻവർ ആരോപിച്ചിരുന്നു.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top