‘അത് സുരേഷ് ഗോപിയെ സതീശൻ വിളിക്കട്ടെ’; തന്തയ്ക്ക് വിളിക്കുന്നവരുടെ തന്തയുടെ തന്തയ്ക്കാണ് വിളിക്കേണ്ടതെന്ന് എംവി ഗോവിന്ദൻ
കേന്ദ്ര മന്ത്രി സുരേഷ് ഗോപിയുടെ ഒറ്റത്തന്ത പരാമർശത്തിന് മറുപടിയുമായി സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ. ബിജെപി നേതാവിൻ്റെ പരാമർശത്തോട് മറുപടി പറയുന്നില്ല. തന്തയ്ക്ക് പറയുമ്പോൾ തന്തയുടെ തന്തയ്ക്കാണ് തിരിച്ചു പറയേണ്ടതെന്നും ഗോവിന്ദൻ പറഞ്ഞു. അത് പ്രതിപക്ഷ നേതാവ് വിഡി സതീശൻ പറഞ്ഞാൽ മതി. താൻ അതിന് മറുപടി പറയുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
തൃശൂർ പൂരം കലക്കിയതുപോലെ കല്പാത്തി രഥോത്സവം കലക്കാൻ ഒരു തരത്തിലും സമ്മതിക്കില്ല. ഇ ശ്രീധരന് കിട്ടിയ വോട്ട് ഇത്തവണ ബിജെപിക്ക് പാലക്കാട് കിട്ടില്ല. അവർ മൂന്നാമതാകും. അതിൽ സംശയം വേണ്ട. എൽഡിഎഫും കോൺഗ്രസും തമ്മിലാണ് മത്സരം. എന്നാൽ കഴിഞ്ഞ തവണ ഷാഫിക്ക് കിട്ടിയ വോട്ട് രാഹുലിനും കിട്ടില്ല. സരിൻ മികച്ച മുന്നേറ്റമാണ് നടത്തുന്നത്. വിജയിക്കുമെന്നതിൽ തർക്കമില്ലെന്നും സിപിഎം സംസ്ഥാന സെക്രട്ടറി പറഞ്ഞു.
കേന്ദ്രമന്ത്രിയുടെ ഒറ്റത്തന്ത പ്രയോഗത്തിൽ പ്രതികരണവുമായി മന്ത്രി മുഹമ്മദ് റിയാസും രംഗത്തെത്തി. ഡയലോഗ് സിനിമയിൽ പറ്റുമെന്നാണ് മന്ത്രിയുടെ മറുപടി. സുരേഷ് ഗോപിയുടെ മാർക്കറ്റിംഗ് മാനേജരാണ് യുഡിഎഫ്. സുരേഷ്ഗോപിയുടെ വിജയത്തിൻ്റെ തന്ത യുഡിഎഫ് കൂടിയാണെന്നും മുഹമ്മദ് റിയാസ് വിമർശിച്ചു.
രാഷ്രീയത്തിൽ ഒറ്റ തന്ത പ്രയോഗത്തിന് മറുപടി ഇല്ല. അത് സിനിമയിൽ പറ്റും. തൃശൂരിൽ സുരേഷ് ഗോപിയുടെ വിജയത്തിന്റെ തന്ത ബിജെപി മാത്രമല്ല, കോൺഗ്രസും കൂടിയാണ്. തൃശൂരിലെ സുരേഷ് ഗോപിയുടെ വിജയത്തിന്റെ ഡിഎൻഎ ടെസ്റ്റ് ഫലം പുറത്ത് വിറ്റാൽ കാര്യങ്ങൾ അപ്പോൾ അറിയാമെന്നും മുഹമ്മദ് റിയാസ് പ്രതികരിച്ചു.
അതേസമയം തൻ്റെ പരാമർശത്തെപ്പറ്റി പ്രതികരണവുമായി സുരേഷ് ഗോപിയും ഇന്ന് രംഗത്തെത്തി. “കഴിഞ്ഞ ദിവസം ഞാൻ എന്താ പറഞ്ഞെ, ചങ്കൂറ്റമുണ്ടെങ്കിൽ എന്നാണ്. സിനിമാ ഡയലോഗായി മാത്രം എടുത്താൽ മതി എന്ന് പറഞ്ഞിട്ടാണ് ബാക്കി പറഞ്ഞത്. നിങ്ങൾ അത് എങ്ങനെയാണ് ജനങ്ങളിലേക്ക് ഒരാളെ മോശക്കാരനായി കാണിക്കാൻ ഉപയോഗിക്കുന്നത്. നിങ്ങൾക്ക് അതിനുള്ള അവകാശമില്ല. ആ ഡയലോഗ് എവിടെവേണമെങ്കിലും ആർക്ക് വേണമെങ്കിലും പറയാം. അത് സെൻസർ ചെയ്ത് തിയറ്ററിൽ ടിക്കറ്റെടുത്ത് വന്നവരുടെ മുന്നിൽ പ്രദർശിപ്പിച്ചതാണ്. ഒരുത്തന്‍റെയും തന്തയുടെ വകയല്ല എന്നല്ലേ പറഞ്ഞത്. ഇത് എല്ലായിടത്തും ഉപയോഗിക്കുന്നതല്ലേ. അത്രയേയുള്ളൂ. ആരുടെയും അപ്പന് വിളിച്ചതല്ല” – കേന്ദ്ര മന്ത്രി മാധ്യമങ്ങളോട് പറഞ്ഞു. ഇതിന് പിന്നാലെ പൂരത്തിനിടയില്‍ ആംബുലൻസിൽ വന്നിറങ്ങിയെന്ന് സുരേഷ് ഗോപി സമ്മതിച്ചു.
ആളുകൾക്കിടയിലൂടെ നടക്കാൻ കഴിയില്ലായിരുന്നു. കാൽ സുഖമില്ലാത്തതിനാലാണ് ആംബുലൻസിൽ കയറിയതെന്നുമാണ് സുരേഷ് ഗോപിയുടെ വിശദീകരണം. ഒരു രാഷ്ട്രീയവും ഇല്ലാത്ത ചില യുവാക്കൾ എടുത്താണ് തന്നെ ആംബുലൻസിൽ കയറ്റിയത് എന്നായിരുന്നു സുരേഷ് ഗോപിയുടെ പ്രതികരണം.
കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here