ക്യാപ്റ്റന്‍ പിണറായി കിതക്കുമ്പോള്‍ കുതിക്കുന്ന സതീശന്‍; പാലക്കാട്ടെ സര്‍ജിക്കല്‍ സ്‌ട്രൈക്ക് ഗ്രാഫ് ഉയര്‍ത്തുന്നു

മുഖ്യമന്ത്രി പിണറായി വിജയനുമായി ഒരു താരതമ്യം പോലും അപ്രസക്തമായ സമയത്താണ് പ്രതിപക്ഷ നേതൃസ്ഥാനത്ത് വിഡി സതീശന്‍ എത്തുന്നത്. ഒരു അധികാര സ്ഥാനത്തും ഇരുന്നിട്ടില്ലാത്ത ഒരു എംഎല്‍എ മാത്രമായി കടന്നു വന്ന സതീശന്‍ ഇന്ന് ആ നിലയില്‍ ഉള്ള ആളല്ല. നിയമസഭയിലെ മിന്നും പോരാട്ടത്തില്‍ മാത്രം ഒതുങ്ങിയിരുന്ന സതീശന്‍ ഇപ്പോള്‍ കളത്തിലിറങ്ങി കളി നിയന്ത്രിക്കുന്ന നിലയിലേക്ക് മാറിയിട്ടുണ്ട്.

പിണറായി വിജയനെന്ന നേതാവിന്റെ കരുത്തില്‍ മുന്നോട്ടു പോയ സിപിഎം ഇന്ന് അതിജീവനത്തിനായി പോരാടേണ്ട നിലയിലാണ്. പിണറായി വിജയന്റെ ജനപ്രീതി ഇടിഞ്ഞതും കടുത്ത ഭരണവിരുദ്ധ വികാരവുമെല്ലാം സിപിഎമ്മിന് തിരിച്ചടിയാവുകയാണ്. ഈ ഇടത്തേക്കാണ് സതീശന്‍ കോണ്‍ഗ്രസിനെ നയിച്ചെത്തുന്നത്. പ്രതിപക്ഷ നേതാവായതിന് ശേഷം തൃക്കാക്കര ഉപതിരഞ്ഞെടുപ്പ് മുതല്‍ എല്ലാ തിരഞ്ഞെടുപ്പുകള്‍ക്കും ചുക്കാന്‍ പിടിക്കുന്നത് സതീശന്‍ നേരിട്ട് സ്ഥലത്ത് ക്യാംപ് ചെയ്ത് തന്നെയായിരുന്നു. ആലത്തൂരിലെ പരാജയമല്ലാതെ മറ്റൊരു തിരിച്ചടിയും ഇതുവരെ സതീശന് അഭിമുഖീകരിക്കേണ്ടിയും വന്നിട്ടില്ല.

പാലക്കാട് ഉപതിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസില്‍ എല്ലാമെല്ലാം സതീശന്‍ തന്നെയാണ്. സ്ഥാനാര്‍ഥി നിര്‍ണ്ണയം മുതല്‍ എല്ലാം നേരിട്ടുള്ള മേല്‍നോട്ടത്തില്‍ സംഘടിപ്പിക്കുന്നു. ഇതിനിടയിലെ വലിയൊരു സര്‍ജിക്കല്‍ സ്‌ട്രൈക്കായിരുന്നു സന്ദീപ് വാര്യരുടെ കോണ്‍ഗ്രസ് പ്രവേശനം. ഇതിനു പിന്നിലെ എല്ലാ ചരടുവലിയും നടത്തിയത് സതീശന്‍ നേരിട്ടായിരുന്നു. സതീശനെ മാത്രം വിശ്വസിച്ചാണ് ഹൈക്കമാന്‍ഡും ഈ നീക്കങ്ങള്‍ക്കെല്ലാം പച്ചക്കൊടി കാണിച്ചതും.

സന്ദീപിനുള്ള ഉറപ്പുകള്‍ എഐസിസി നേതൃത്വത്തില്‍ നിന്ന് തന്നെ നേരിട്ട് വാങ്ങിയെടുക്കാ സതീശന് കഴിഞ്ഞു. പാലക്കാട്ടെ നേതാക്കളെ പൂര്‍ണ്ണമായും മാറ്റി നിര്‍ത്തി അത്രയും വിശ്വസ്തരെ മാത്രം സതീശന്‍ കൂടെക്കൂട്ടിയപ്പോള്‍ എല്ലാ രഹസ്യങ്ങളും ചോരുന്ന കോണ്‍ഗ്രസിലെ പതിവും ഇല്ലാതായി. ഡിസിസി പ്രസിഡന്റ് പോലും ഈ വിവരങ്ങളെല്ലാം അറിഞ്ഞത് എല്ലാ തീരുമാനമായ ശേഷമായിരുന്നു.

സംസ്ഥാന കോണ്‍ഗ്രസില്‍ നിന്ന് പദ്മജ വേണുഗോപാലിനെ അടര്‍ത്തിയെടുത്ത ബിജെപിക്ക് അതിലും വലിയ മറുപടിയാണ് കോണ്‍ഗ്രസ് നല്‍കിയത്. ദേശീയ തലത്തില്‍ പോലും കോണ്‍ഗ്രസ് ഇത് ഉയര്‍ത്തി ബിജെപിയെ ആക്രമിക്കും എന്ന് ഉറപ്പാണ്. ഇതെല്ലാം സതീശന്‍ എന്ന നേതാവിന്റെ കരിയറില്‍ നിര്‍ണ്ണായകമാകും എന്ന് എന്ന് ഉറപ്പാണ്.

ഇനി പാലക്കാട് കൂടി വിജയിക്കാനായാല്‍ കോണ്‍ഗ്രസ് അധികാരത്തില്‍ എത്തിയാല്‍ മുഖ്യമന്ത്രി ആരാകും എന്നതിന് മറ്റൊരു നേതാവിന്റേയും പേര് പോലും പറയാത്ത നിലയിലേക്ക് കാര്യങ്ങള്‍ എത്തും. പ്രതിപക്ഷ നേതാവാകുമ്പോള്‍ സ്വന്തമായി ഗ്രൂപ്പോ അണികളോ ഇല്ലാതിരുന്ന നേതാവാണ് മൂന്നര വര്‍ഷം കൊണ്ട് ഈ നിലയിലേക്ക് എത്തിയതെന്നത് പ്രസക്തമാണ്.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top