സ്‌കൂള്‍ ഉച്ചഭക്ഷണത്തിന് ഭക്ഷ്യസുരക്ഷാ ലൈസന്‍സ് വേണ്ടെന്ന ഉത്തരവ് നിരുത്തരവാദപരം; പിന്‍വലിക്കണം എന്നാവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് പ്രതിപക്ഷ നേതാവിന്റെ കത്ത്

തിരുവനന്തപുരം : സംസ്ഥാനത്തെ സ്‌കൂളുകളില്‍ ഉച്ചഭക്ഷ വിതരണത്തിന് ഭക്ഷ്യസുരക്ഷ ലൈസന്‍സ് ബാധകമാക്കേണ്ടതില്ലെന്ന ഉത്തരവ് പിന്‍വലിക്കണമെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍. സ്‌കൂളുകളില്‍ ഭക്ഷ്യ വിഷബാധയേറ്റ നിരവധി സംഭവങ്ങള്‍ സംസ്ഥാനത്തുണ്ടായിട്ടും ഗുണനിലവാര പരിശോധന വേണ്ടെന്ന് തീരുമാനിച്ചത് നിരുത്തരവാദപരവും പ്രതിഷേധാര്‍ഹവുമാണ്. ഉത്തരവ് പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍ മുഖ്യമന്ത്രിക്ക് കത്ത് നല്‍കി.

കേന്ദ്ര ഭക്ഷ്യസുരക്ഷ നിയമം നടപ്പാക്കേണ്ടത് സംസ്ഥാന സര്‍ക്കാരുകളുടെ ഭരണഘടനാപരമായ ഉത്തരവാദിത്തമാണ്. കുട്ടികളുടെ ഉച്ചഭക്ഷണത്തിന്റെ കാര്യത്തില്‍ കേന്ദ്ര നിയമം പാലിക്കേണ്ടതില്ലെന്ന തീരുമാനം അതുകൊണ്ട് തന്നെ നിയമവിരുദ്ധവുമാണ്. കുട്ടികളുടെ ആരോഗ്യത്തിന് എന്ത് വിലയാണ് ഈ സര്‍ക്കാര്‍ കല്‍പ്പിക്കുന്നതെന്ന് വ്യക്തമാകുന്നതാണ് ഈ തീരുമാനമെന്നും പ്രതിപക്ഷ നേതാവ് വിമര്‍ശിച്ചു.

കഴിഞ്ഞമാസം 23നാണ് സ്‌കൂള്‍ ഉച്ചഭക്ഷണത്തിന് ഭക്ഷ്യ സുരക്ഷ ലൈസന്‍സ് ബാധകമല്ലെന്ന് സര്‍ക്കാര്‍ ഉത്തരവിറക്കിയത്. സ്‌കൂളുകളില്‍ ഭക്ഷണം വിതരണം ചെയ്യുന്നത് ബിസിനസിന്റെ ഭാഗമായല്ല, മറിച്ച് നിയമപരമായി കൂട്ടികള്‍ക്ക് നല്‍കുന്ന ഉച്ചഭക്ഷണ പദ്ധതിക്ക് ഫുഡ് സേഫ്റ്റി ലൈസന്‍സ് ആവശ്യമില്ലെന്നാണ് പൊതുവിദ്യാഭ്യാസ അണ്ടര്‍ സെക്രട്ടറി സുനിത എസ് ജോര്‍ജിന്റെ ഉത്തരവില്‍ പറയുന്നത്.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top