‘ഇപിയെ ഒറ്റിക്കൊടുത്ത് പിണറായി രക്ഷപെടാന്‍ ശ്രമിക്കുന്നു; കൊണ്ടു നടന്നതും നീയേ ചാപ്പാ, കൊല്ലിച്ചതും നീയേ ചാപ്പാ’: വിഡി സതീശന്‍
കൊച്ചി: കേരളത്തിലെ ബിജെപി പ്രഭാരി പ്രകാശ് ജാവഡേക്കറുമായി സിപിഎം നേതാവ് ഇപി ജയരാജന്‍ കൂടിക്കാഴ്ച നടത്തിയത് മുഖ്യമന്ത്രിക്ക് വേണ്ടിയെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍. കൂട്ടുപ്രതിയെ ഒറ്റിക്കൊടുത്ത് മുഖ്യമന്ത്രി രക്ഷപ്പെടാന്‍ ശ്രമിക്കുകയാണ്. ലാവലിന്‍, മാസപ്പടി കേസുകള്‍ ഒത്തുതീര്‍പ്പാക്കാന്‍ മുഖ്യമന്ത്രിയുടെ ദൂതനായാണോ ഇപി ജാവഡേക്കറുമായി സംസാരിച്ചത്. കൊണ്ടു നടന്നതും നീയേ ചാപ്പ, കൊല്ലിച്ചതും നീയേ ചാപ്പ എന്ന ഈരടിയാണ് ഇപി ജയരാജനോട് പിണറായി ചെയ്തതിന് ഏറ്റവും ചേരുന്നതെന്ന് സതീശന്‍ പരിഹസിച്ചു.
ഇപി ജയരാജനും നന്ദകുമാറും തമ്മിലുള്ള ബന്ധം മാതമാണ് മുഖ്യമന്ത്രി തള്ളിപ്പറഞ്ഞത്. പ്രകാശ് ജാവഡേക്കറെ കണ്ടാല്‍ എന്താ കുഴപ്പമെന്നാണ് മുഖ്യമന്ത്രി ന്യായീകരിച്ചത്. എല്‍ഡിഎഫ് കണ്‍വീനറും കേന്ദ്ര കമ്മിറ്റി അംഗവുമായ ഇപി കേരളത്തിലെ തിരഞ്ഞെടുപ്പ് ചുമതലയുള്ള ബിജെപി പ്രഭാരിയെ കാണേണ്ട ആവശ്യം എന്തായിരുന്നു? ബിസിനസ് ഡീലാണോ പൊളിറ്റിക്കല്‍ ഡീല്‍ ആണോയെന്ന് വ്യക്തമാക്കണം – വിഡി സതീശന്‍ പറഞ്ഞു.
2021ലും ബിജെപി സിപിഎമ്മിനെ സഹായിച്ചിട്ടുണ്ട്. അതുപോലെ സഹായിക്കാനുള്ള ധാരണയാണ് ഈ തിരഞ്ഞെടുപ്പിലും നടത്തിയത്. കരുവന്നൂരിലും മാസപ്പടിയിലും ഇ.ഡി കടുപ്പിച്ച അന്വേഷണം എന്തായി? ഭീഷണിപ്പെടുത്തി വോട്ട് അപ്പുറത്തേക്ക് ചെയ്യിക്കാനുള്ള കടുപ്പിക്കല്‍ മാത്രമായിരുന്നു. സിഎംആര്‍എല്ലിനെ കുറിച്ച് പ്രധാനമന്ത്രി പ്രസംഗിച്ചിട്ടും ശശിധരന്‍ കര്‍ത്തയെ ചോദ്യം ചെയ്തതോടെ അന്വേഷണം അവസാനിപ്പിച്ചു. പണം കൈപ്പറ്റിയവര്‍ക്കെതിരായ അന്വേഷണം തിരഞ്ഞെടുപ്പിന് മുന്‍പ് അവസാനിപ്പിച്ചു – സതീശന്‍ കൂട്ടിച്ചേര്‍ത്തു.
എന്തിനാണ് പ്രകാശ് ജാവഡേക്കറുമായി മുഖ്യമന്ത്രിയും നേതാക്കളും ചര്‍ച്ച ചെയ്തതെന്ന് സിപിഎം വ്യക്തമാക്കണം. ഡീല്‍ എന്തായിരുന്നെന്ന് ജനങ്ങള്‍ അറിയണം. ചര്‍ച്ച നടത്തണമെന്നത് സിപിഎമ്മിന്റെ ഔദ്യോഗിക തീരുമാനമാണോയെന്നും സതീശന്‍ ചോദിച്ചു.
കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here