എസ്ഡിപിഐയുമായി ധാരണയില്ലെന്ന് സതീശന്‍; തീവ്രവാദ സ്വഭാവമുള്ളവരുമായി ചര്‍ച്ച നടത്തില്ല; കേന്ദ്രത്തിനെതിരെ സുപ്രീംകോടതിയില്‍ പോയ സര്‍ക്കാര്‍ വടി കൊടുത്ത് അടി വാങ്ങി

തിരുവല്ല: ലോക്സഭാ തിരഞ്ഞെടുപ്പില്‍ യുഡിഎഫിന് എസ്ഡിപിഐ പിന്തുണ വാഗ്ദാനം ചെയ്തിരിക്കെ പ്രതികരണവുമായി വി.ഡി.സതീശന്‍. എസ്ഡിപിഐയുമായി യുഡിഎഫിന് ഒരു ധാരണയുമില്ല. അവരുമായി സംസാരിച്ചിട്ടുമില്ല. തീവ്രവാദ സ്വഭാവമുള്ള ഒരു സംഘടനയുമായും യുഡിഎഫ് ചര്‍ച്ച നടത്തില്ല. പല കക്ഷികളും യുഡിഎഫിന് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്. ഇഷ്ടമുള്ളവര്‍ വോട്ട് ചെയ്യും – സതീശന്‍ പറഞ്ഞു.

“ഫാസിസത്തെ നേരിടാന്‍ കോണ്‍ഗ്രസിന് മാത്രമെ കഴിയൂവെന്നും കോണ്‍ഗ്രസ് ഇല്ലെങ്കില്‍ മതേതര ശക്തികള്‍ പരാജയപ്പെടുമെന്നുമാണ് അവര്‍ പറഞ്ഞത്. അപ്പോള്‍ കോണ്‍ഗ്രസ് അതൊന്നും അല്ലെന്ന് പറയണോ. ഫാസിസ്റ്റ് ശക്തികളെ നേരിടാന്‍ സിപിഎമ്മിന് കഴിയില്ല. ഞാന്‍ മത്സരിച്ച ആറ് തിരഞ്ഞെടുപ്പുകളിലും ജമാ അത്ത് ഇസ്ലാമിയും വെല്‍ഫെയര്‍ പാര്‍ട്ടിയും പിന്തുണ നല്‍കിയത് എല്‍ഡിഎഫിനാണ്. പിണറായി വിജയനും കോടിയേരി ബാലകൃഷ്ണനും ജമാ അത്ത് ആസ്ഥാനത്ത് പോയി അമീറിനെ കണ്ടിട്ടുണ്ട്. അന്നെല്ലാം അവര്‍ മതേതരവാദികളായിരുന്നു. 2019ലെ തെരഞ്ഞെടുപ്പില്‍ ബിജെപിയെ തോല്‍പ്പിക്കാന്‍ അവര്‍ കോണ്‍ഗ്രസിന് പിന്തുണ നല്‍കി. അതോടെ അവര്‍ വര്‍ഗീയവാദികളായി. സിപിഎമ്മാണോ സര്‍ട്ടിഫിക്കറ്റ് നല്‍കുന്നത്. കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പില്‍ എസ്ഡിപിഐ സിപിഎമ്മിനൊപ്പമായിരുന്നു.”

“റിയാസ് മൗലവി വധക്കേസില്‍ പ്രോസിക്യൂഷനും പോലീസും പരാജയപ്പെട്ടെന്ന് കോടതിയാണ് പറഞ്ഞത്. പ്രതികള്‍ ആര്‍എസ്എസ് ആണെന്ന് തെളിയിക്കാന്‍ ഹാജരാക്കിയ ആറ് സാക്ഷികളില്‍ ഒരാളെ മാത്രമാണ് വിസ്തരിച്ചത്. വണ്ടിപ്പെരിയാര്‍ കേസിലും ഇതുതന്നെയാണ് നടന്നത്. ഡിവൈഎഫ്ഐക്കാരെ രക്ഷിക്കാന്‍ ശ്രമിച്ച അതേ രീതിയാണ് ആര്‍എസ്എസുകാരെ രക്ഷിക്കാന്‍ റിയാസ് മൗലവി കൊലക്കേസിലും ചെയ്തത്. മുന്‍ റവന്യൂ മന്ത്രിയും സിപിഐ നേതാവുമായി ചന്ദ്രശേഖരനെ ആര്‍എസ്എസുകാര്‍ ആക്രമിച്ച കേസിലെ സാക്ഷികളായിരുന്ന സിപിഎം നേതാക്കള്‍ കൂറുമാറി. മറ്റൊരു കേസില്‍ ഉള്‍പ്പെട്ട സിപിഎമ്മുകാരെ രക്ഷിക്കുന്നതിന് വേണ്ടിയാണ് സാക്ഷികള്‍ കൂറുമാറിയത്. ഇത് സിപിഎമ്മും ആര്‍എസ്എസും തമ്മിലുള്ള ഒത്തുകളിയായിരുന്നു.”

“സാമ്പത്തിക പ്രതിസന്ധി ചൂണ്ടിക്കാട്ടി സുപ്രീംകോടതിയില്‍ പോയ കേരള സര്‍ക്കാര്‍ വടി കൊടുത്ത് അടി വാങ്ങി. കഴിഞ്ഞ എല്‍ഡിഎഫ് സര്‍ക്കാരിന്റെ കാലത്തുണ്ടായ മിസ്‌ മാനേജ്മെന്റാണ് സാമ്പത്തിക പ്രതിസന്ധിക്ക് കാരണമെന്നാണ് സുപ്രീം കോടതി പറഞ്ഞിരിക്കുന്നത്. 2020 മുതല്‍ പ്രതിപക്ഷം ഉയര്‍ത്തിയ വാദങ്ങളാണ് സുപ്രീം കോടതി ശരി വച്ചിരിക്കുന്നത്. നാല് ലക്ഷം കോടി രൂപയുടെ പൊതുകടത്തിലേക്ക് കൂപ്പ് കുത്തിയ കേരളം വീണ്ടും കടമെടുത്താലുള്ള അവസ്ഥ എന്തായിരിക്കും. കേരളത്തിന്റെ ഷേപ്പ് തന്നെ മാറ്റിയ തോമസ് ഐസക് തന്നെയാണ് പത്തനംതിട്ടയുടെ മുഖച്ഛായ മാറ്റുമെന്നും അമ്പതിനായിരം പേര്‍ക്ക് തൊഴില്‍ നല്‍കുമെന്നും പറയുന്നത്.” – സതീശന്‍ പറഞ്ഞു.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top