സുരക്ഷ മുഖ്യമന്ത്രിക്കു മാത്രം, പെൺകുട്ടികൾക്ക് രക്ഷയില്ലാത്ത ഭരണം, എന്നും ഒറ്റപ്പെട്ട സംഭവങ്ങളെന്ന് പ്രതിപക്ഷം
ആലുവ: വൻ പോലീസ് സുരക്ഷയിൽ മുഖ്യമന്ത്രി താമസിച്ച ആലുവ പാലസിന് സമീപം പെൺകുട്ടി അപമാനിക്കപ്പെട്ടത് ലജ്ജാകരമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. സ്ത്രീകളെയും കുട്ടികളെയും സംരക്ഷിക്കാൻ കഴിയില്ലെങ്കിൽ പരാജയം സമ്മതിച്ച് സർക്കാർ പിൻമാറണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
സ്ത്രീകളും കുട്ടികളും ഏറ്റവും കൂടുതൽ അക്രമത്തിന് ഇരയാകുന്ന സംസ്ഥാനമായി കേരളം മാറിയിരിക്കുകയാണ്. ഇതിനെ ഭരണകൂടമോ പോലീസോ നോക്കിക്കാണുന്നില്ലെന്നത് ദൗർഭാഗ്യകരമാണ്. കരച്ചിൽ കേട്ട് അയൽവാസികളെ സംഘടിപ്പിച്ച് തെരച്ചിൽ നടത്തി കുഞ്ഞിന്റെ ജീവൻ രക്ഷിച്ച സുകുമാരൻ ചേട്ടനെ അഭിനന്ദിക്കുന്നു. തെരച്ചിൽ നടത്തിയതു കൊണ്ടാണ് കുട്ടിയുടെ ജീവനെങ്കിലും രക്ഷിക്കാനായത്.
ആലുവയിലെ ആദ്യ സംഭവത്തിന് ശേഷം എന്തെങ്കിലും കരുതൽ നടപടികൾ പോലീസ് സ്വീകരിച്ചിട്ടുണ്ടോ? പട്രോളിംഗിനെ കുറിച്ച് ചോദിക്കുമ്പോൾ ആവശ്യമായ ഫോഴ്‌സ് ഇല്ലെന്നാണ് പോലീസ് പറയുന്നത്. ഇന്നലെ മുഖ്യമന്ത്രി താമസിച്ച ആലുവ പാലസ് വൻപോലീസ് സുരക്ഷയിലായിരുന്നു. മുഖ്യമന്ത്രി താമസിച്ചിരുന്ന ആലുവ പാലസിൽ നിന്നും ഒന്നര കിലോമീറ്റർ അകലെ ദാരുണ സംഭവം ഉണ്ടായെന്നത് എല്ലാവരെയും ലജ്ജിപ്പിക്കുന്നതാണ്. ഒറ്റപ്പെട്ട സംഭവങ്ങൾ സ്ഥിരമായി ആവർത്തിക്കുകയാണ്. സംസ്ഥാനത്ത് വ്യാപകമായി ഇത്തരം അക്രമങ്ങൾ വർധിക്കുകയും പോലീസ് നിർവീര്യമാക്കപ്പെടുകയും ചെയ്തിരിക്കുകയാണ് എന്നാണ് ആലുവയിൽ നടത്തിയ വാർത്താസമ്മേളനത്തിൽ വി.ഡി. സതീശൻ പറഞ്ഞത്.
കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here