കോൺഗ്രസിൽ രണ്ടഭിപ്രായമില്ല, സോളാർ ഗൂഡാലോചനയിൽ അന്വേഷണം വേണം ഇടനിലക്കാരെ പുറത്തുകൊണ്ടുവരണമെന്ന് സതീശൻ

കൊച്ചി: സോളാര്‍ ഗൂഡോലോചന സംബന്ധിച്ച സിബിഐ റിപ്പോര്‍ട്ടില്‍ അന്വേഷണം വേണമെന്നതു തന്നെയാണ് കോണ്‍ഗ്രസിന്റെയും യുഡിഎഫിന്റെയും നിലപാട്. ക്രിമിനല്‍ ഗൂഡാലോചയില്‍ ഒന്നാം പ്രതിയായ മുഖ്യമന്ത്രിയോട് അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ട് കത്ത് നല്‍കാനാകില്ല. അതുകൊണ്ട് കേരള പോലീസിന്റെ അന്വേഷണം വേണ്ട. സിബിഐ റിപ്പോര്‍ട്ടില്‍ അന്വേഷണമുണ്ടായില്ലെങ്കില്‍ നിയമപരമായ നടപടി സ്വീകരിക്കാന്‍ യുഡിഎഫും കോണ്‍ഗ്രസും തീരുമാനിച്ചിട്ടുണ്ടെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ.

ഉമ്മന്‍ ചാണ്ടി തന്നെ മൊഴി കൊടുത്ത കൊട്ടാരക്കര കോടതിയുടെ പരിഗണനയിലുള്ള കേസിലേക്ക് സി.ബി.ഐ റിപ്പോര്‍ട്ട് കൂടി നല്‍കി ശക്തിപ്പെടുത്തണമോ ഹൈക്കോടതിയെ സമീപിക്കണമോയെന്ന് നിയമവിദഗ്ധരുമായി കൂടിയാലോചന നടത്തുകയാണ്. കത്തില്‍ പേരുകള്‍ കൂട്ടിച്ചേര്‍ക്കാന്‍ അന്ന് സഹായിച്ച ഇടനിലക്കാരൊക്കെ ഇപ്പോള്‍ രംഗപ്രവേശം ചെയ്തിട്ടുണ്ട്. ഇടനിലക്കാരുമായാണ് സര്‍ക്കാരിന് സൗഹൃദം. ഇടനിലക്കാര്‍ വഴി വ്യാജനിര്‍മ്മിതയുണ്ടാക്കി എല്ലാവരെയും പെടുത്തിയതാണെന്ന് വ്യക്തമായിരിക്കുകയാണ്. അതിന് പിന്നില്‍ നടന്നത് ക്രിമിനല്‍ ഗൂഡാലോചനയാണ്. ലൈംഗിക ആരോപണത്തെ കുറിച്ചല്ല ഇപ്പോള്‍ അന്വേഷിക്കേണ്ടത്. അതേക്കുറിച്ചുള്ള അന്വേഷണ റിപ്പോര്‍ട്ട് പുറത്ത് വന്നിട്ടുണ്ട്. ലൈംഗിക ആരോപണത്തിന് വിധേയരായവരെ മനപൂര്‍വം കുടുക്കാന്‍ നടത്തിയ ഗൂഡാലോചനയെ കുറിച്ചാണ് അന്വേഷിക്കേണ്ടത്. ഇക്കാര്യമാണ് യുഡിഎഫും കോണ്‍ഗ്രസും ആവശ്യപ്പെട്ടതെന്ന് അദ്ദേഹം പറഞ്ഞു.

നിപ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കും ചികിത്സാ പ്രോട്ടോകോള്‍ നിശ്ചയിക്കുന്നതിലും ആശയക്കുഴപ്പമുണ്ട്. മറ്റ് സ്ഥലത്തേക്ക് രോഗം വ്യാപിക്കുന്നത് തടയാനുള്ള നടപടികള്‍ സ്വീകരിക്കാന്‍ സര്‍ക്കാര്‍ തയാറാകണം. കാലാനുസൃതമായി ചികിത്സാ പ്രോട്ടോകോള്‍ പരിഷ്‌ക്കരിക്കണം. ഇക്കാര്യത്തില്‍ പ്രതിപക്ഷം രാഷ്ട്രീയം കലര്‍ത്തില്ല. സര്‍ക്കാരിന്റെ നടപടികളെ പിന്തുണയ്ക്കുന്നു. കുറെക്കൂടി നന്നായി ചെയ്യണമെന്ന് മാത്രമാണ് ആവശ്യപ്പെടാനുള്ളത്.

നടന്‍ അലന്‍സിയര്‍ നടത്തിയ പരാമര്‍ശം ഒരിക്കലും പാടില്ലാത്തതാണ്. പ്രത്യേകിച്ചും കലാകാരന്‍മാരായി നില്‍ക്കുന്നവര്‍ സ്ത്രീകളെ അധിക്ഷേപിച്ച് സംസാരിക്കാന്‍ പാടില്ല. വര്‍ഷങ്ങളായി മനസില്‍ കിടക്കുന്ന പുരുഷമേധാവിത്വത്തിന്റെ ബാക്കിപത്രമാണിത്. അലന്‍സിയര്‍ നല്ല നടനാണ്. അദ്ദേഹത്തിന്റെ അപ്പന്‍ എന്ന സിനിമ പുറത്ത് വന്നപ്പോള്‍ അദ്ദേഹത്തെ വിളിച്ച് അഭിനന്ദിച്ചിട്ടുണ്ട്. പക്ഷെ അദ്ദേഹം സ്ത്രീവിരുദ്ധ പരാമര്‍ശം നടത്താന്‍ പാടില്ലായിരുന്നു. ആര് പറഞ്ഞാലും തെറ്റാണ്. അതിനൊപ്പം നില്‍ക്കില്ല.

ആപ്പുകള്‍ വഴി വായ്പ നല്‍കിയ ശേഷം നടത്തുന്ന ബ്ലാക്‌മെയിലുകളെ കുറിച്ച് പോലീസ് ഗൗരവത്തോടെ അന്വേഷിക്കണം. സൈബര്‍ ലോകത്ത് നടക്കുന്ന ക്രൈമുകള്‍ അന്വേഷിക്കാന്‍ പോലീസിന് സാധിക്കുന്നില്ല. കേരളം ആദരിക്കുന്ന അയ്യങ്കാളിയുടെ ചിത്രം നായയുടേതുമായി കൂട്ടിച്ചേര്‍ത്ത് ഫേസ്ബുക്കില്‍ പ്രചരിപ്പിച്ച ആളെ പിടിക്കാന്‍ പോലീസിന് ഇതുവരെ കഴിഞ്ഞിട്ടില്ല. എന്തൊരു അപമാനകരമാണ്. കേരളം കണ്ട ഏറ്റവും വലിയ പോരാളിയെ അപമാനിച്ചിട്ടും പ്രതിയെ കണ്ടെത്താനാകുന്നില്ല. പോലീസിനെ ആധുനികവത്ക്കരിക്കാന്‍ തയാറാകണം. മന്ത്രിസഭാ പുനസംഘടന എല്‍ഡിഎഫിന്റെ ആഭ്യന്തരകാര്യമാണ്. മുഖം മിനുക്കി മിനുക്കി വരുമ്പോള്‍ മുഖം കൂടുതല്‍ വികൃതമാകുമോയെന്ന് അപ്പോള്‍ നോക്കാം. ഇപ്പോള്‍ പറയേണ്ട.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top