സവർക്കർ ഗോവധത്തെ എതിർത്തില്ല; ബ്രാഹ്മണനായിട്ടും മാംസം കഴിക്കുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്തെന്ന് കര്‍ണാടക മന്ത്രി

ഹിന്ദു മഹാസഭ നേതാവ് വിഡി സവർക്കർ നോൺ വെജിറ്റേറിയൻ ആയിരുന്നതിനാൽ ഗോവധത്തിന് എതിരായിരുന്നില്ലെന്ന് കോൺഗ്രസ് നേതാവും കർണാടക മന്ത്രിയുമായ ദിനേശ് ഗുണ്ടു റാവുവിൻ്റെ പ്രസ്താവന വിവാദത്തിൽ. ഒരു ബ്രാഹ്മണൻ എന്ന നിലയിൽ അദ്ദേഹം മാംസം കഴിക്കുകയും മാംസം കഴിക്കുന്നത് പരസ്യമായി പ്രോത്സാഹിപ്പിക്കുകയും ചെയ്തുവെന്നാണ് സംസ്ഥാന ആരോഗ്യ മന്ത്രിയുടെ പരാമർശം. മാധ്യമപ്രവർത്തകൻ ധീരേന്ദ്ര കെ ഝായുടെ ‘ഗാന്ധിസ് അസ്സാസിൻ: ദ മേക്കിംഗ് ഓഫ് നാഥുറാം ഗോഡ്‌സെ ആൻഡ് ഹിസ് ഐഡിയ ഓഫ് ഇന്ത്യ’(Gandhi’s Assassin: The Making of Nathuram Godse and His Idea of ​​India) എന്ന കൃതിയുടെ കന്നഡ പതിപ്പ് പ്രകാശനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി.


സവർക്കറുടെ പ്രത്യയശാസ്ത്രം മതമൗലികവാദത്തിലേക്ക് ചായുന്നു. എന്നാൽ ഗാന്ധിയുടെ ആശയങ്ങളിൽ ആഴത്തിലുളള ജനാധിപത്യ ബോധമാണുള്ളത്. ഗാന്ധിയുടെ പ്രവർത്തനങ്ങൾ സഹിഷ്ണുതയെയും എല്ലാവരെയും ഉൾക്കൊള്ളുന്നതിനെയും പ്രതിഫലിപ്പിക്കുന്നു. അതാണ് മതമൗലികവാദ ചിന്തയിൽ നിന്ന് അദ്ദേഹത്തെ വ്യത്യസ്തനാക്കുന്നതെന്നുമാണ് റാവു അഭിപ്രായപ്പെട്ടത്.


മഹാത്മാഗാന്ധിയെ വധിച്ച നാഥുറാം ഗോഡ്‌സെയുടെ മാനസികാവസ്ഥയെയും കൊലപാതക നിമിഷത്തെ ചുറ്റിപ്പറ്റിയുള്ള സംഭവങ്ങളെ കുറിച്ചും വളരെ നന്നായി പുസ്തകം അവതരിപ്പിക്കുന്നു. ഗോഡ്‌സെയുടെ ചിന്തകളെ സവർക്കർ എങ്ങനെ സ്വാധീനിച്ചുവെന്നതിൻ്റെ ഉത്തരവും എഴുത്തുകാരൻ അന്വേഷിക്കുന്നുണ്ട്. ഗാന്ധിയുടെ നിലപാടുകൾ സവർക്കറിൻ്റെ ആശയത്തില്‍ പ്രചോദിതമായ മതമൗലികവാദത്തിൻ്റെ വർദ്ധിച്ചുവരുന്ന സ്വീകാര്യതക്ക് എതിരായ ശക്തമായ പ്രതിവിധിയായി നിലകൊള്ളുന്നുവെന്നും ദിനേശ് ഗുണ്ടു റാവു പറഞ്ഞു.

കർണാടക ആരോഗ്യ മന്ത്രിയുടെ പ്രസ്താവനക്കെതിരെ ബിജെപി രംഗത്തെത്തി. കോൺഗ്രസിനെ ‘നുണകളുടെ ഫാക്ടറി’ എന്ന് വിശേഷിപ്പിച്ചാണ് ബിജെപി എംപി അനുരാഗ് ഠാക്കൂർ തിരിച്ചടിച്ചത്. സവർക്കറോടുള്ള അനാദരവ് ഇന്ത്യ വച്ചുപൊറുപ്പിക്കില്ലെന്നും അദ്ദേഹം പറഞ്ഞു. ഇന്ത്യയുടെ പ്രതിച്ഛായ തകർക്കാൻ കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി ലോകമെമ്പാടും നുണകൾ പ്രചരിപ്പിക്കുകയാണ്. അദ്ദേഹത്തിൻ്റെ പാർട്ടി ഇപ്പോൾ സ്വാതന്ത്ര്യ സമര സേനാനികളെ അപകീർത്തിപ്പെടുത്താൻ തുടങ്ങിയെന്നും അനുരാഗ് ഠാക്കൂർ ആരോപിച്ചു.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top