തരൂരേ, പടിക്കൽ കുടം ഉടയ്ക്കരുത്, കർക്കിടസന്ധ്യയിൽ രാമസ്തുതി ചൊല്ലേണ്ടന്ന് വീക്ഷണം

വ്യവസായങ്ങളെ വെള്ള പുതപ്പിച്ചവർക്ക് ശുദ്ധിപത്രം നൽകുന്നത് ആരാച്ചാർക്ക് അഹിംസാ അവാർഡ് നൽകുന്നതു പോലെയാണെന്ന് ശശി തരൂരിനെ അതിരൂക്ഷമായി വിമർശിച്ച് കോൺഗ്രസ് മുഖപത്രം വീക്ഷണം. വെളുപ്പാൻ കാലം മുതൽ വെള്ളം കോരിയിട്ട് സന്ധ്യക്ക് കുടം ഉടയ്ക്കുന്നത് പരിഹാസ്യമാണ്. തദ്ദേശ തെരഞ്ഞെടുപ്പിലെ യുഡിഎഫിന്റെ വിജയ പ്രതീക്ഷയെ കുരുതി കൊടുക്കരുതെന്ന് ‘ആരാച്ചാർക്ക് അഹിംസാ അവാർഡോ’ എന്ന തലക്കെട്ടിൽ എഴുതിയ മുഖപ്രസംഗത്തിൽ തരൂരിനെ ഓർമ്മിപ്പിക്കുന്നുണ്ട്.
സർക്കാരിൻ്റെ വ്യവസായ നയത്തെ പ്രശംസിച്ച് ഡോ ശശി തരൂർ ഇംഗ്ലീഷ് പത്രത്തിലെഴുതിയ ലേഖനത്തിൻ്റെ പേരിലാണ് കോൺഗ്രസ് പ്രവർത്തക സമിതിയംഗത്തിന് എതിരെ പാർട്ടി പത്രം തന്നെ വിമർശനം ഉന്നയിക്കുന്നത്. സർക്കാർ വിരുദ്ധ വികാരം ആളിപ്പടരുമ്പോൾ അതിന് ഊർജം പകരേണ്ടവർ തന്നെ അത് അണയ്ക്കാൻ വെള്ളം ഒഴിക്കരുതെന്നും വീക്ഷണം വിമർശിക്കുന്നു. എൽഡിഎഫ് സർക്കാരിനെതിരെ പൊരുതുന്ന കോൺഗ്രസിനെ മുണ്ടിൽ പിടിച്ചു പുറകോട്ട് വലിക്കുന്ന രീതി ആത്മഹത്യാപരമാണെന്നും വീക്ഷണം തരൂരിനെ ഓർമിപ്പിക്കുന്നു.
ട്രംപുമായി കൂടിക്കാഴ്ച നടത്തിയ മോദിയെ പ്രശംസിച്ചതിനെയും വീക്ഷണം നിശിതമായി വിമർശിക്കുന്നുണ്ട്. സ്മാര്‍ട്ട്‌സിറ്റി നടപ്പാക്കാന്‍ ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ തയ്യാറായപ്പോള്‍ അത് റിയല്‍ എസ്റ്റേറ്റ് മാഫിയകളാണെന്ന് ആക്ഷേപിച്ചു. 5000 കോടി ചെലവില്‍ വിഴിഞ്ഞം പദ്ധതി പ്രഖ്യാപിച്ചപ്പോള്‍ 6000 കോടിയുടെ അഴിമതി ആരോപിച്ചു. ടി പി ശ്രീനിവാസനെ സമ്മേളന വേദിക്കരികെ അടിച്ചുവീഴ്ത്തിയതും പ്രശംസ അര്‍ഹിക്കുന്ന മാതൃകയാണോ എന്നും എഡിറ്റോറിയല്‍ ചോദിക്കുന്നു.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here