മകള്‍ എക്‌സാലോജിക് തുടങ്ങിയത് ഭാര്യയുടെ പെന്‍ഷന്‍ കാശില്‍; ആരോപണങ്ങള്‍ ഏശില്ലെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: മകള്‍ വീണയുടെ കമ്പനി എക്‌സാലോജികിനെതിരായ വിവാദങ്ങളില്‍ നിശബ്ദനായിരുന്ന മുഖ്യമന്ത്രി ഇതാദ്യമായി മനസ് തുറന്നു. മകള്‍ കമ്പനി തുടങ്ങിയത് ഭാര്യ വിരമിച്ചപ്പോള്‍ കിട്ടിയ പണം കൊണ്ടാണെന്ന് തന്റെ കൈകള്‍ ശുദ്ധമാണെന്നുമാണ് നിയമസഭയില്‍ അദ്ദേഹം വ്യക്തമാക്കിയത്.
മുഖ്യമന്ത്രിയുടെ വാക്കുകള്‍ ഇങ്ങനെ: “നേരത്തേ ഭാര്യയെ കുറിച്ചായിരുന്നു. ഇപ്പൊ മെല്ലെ മകളിലേക്ക് എത്തിയിട്ടുണ്ട്. കാണേണ്ട കാര്യം എന്താന്നറിയോ, മകള് ബംഗളൂരുവിൽ കമ്പനി തുടങ്ങിയത്, എന്റെ ഭാര്യ, അവളുടെ അമ്മ റിട്ടയര്‍ ചെയ്തപ്പോൾ കിട്ടിയ കാശ്, അത് ബാങ്കില്‍ നിന്ന് എടുത്ത് കൊടുക്കുകയായിരുന്നു. നീ പോയിട്ട് നിന്റെതായ കമ്പനി തുടങ്ങ്. സ്വന്തമായിട്ട്, ചെറിയ കമ്പനി തുടങ്ങിയാ മതി, എന്ന് പറഞ്ഞിട്ട് തുടങ്ങുകയായിരുന്നു. അപ്പൊ അതില്‍നിന്ന് വന്നതുകൊണ്ടുതന്നെ ഇങ്ങനെയുള്ള കാര്യങ്ങളൊക്കെ കേള്‍ക്കുമ്പോള്‍ എനിക്കൊരു മാനസിക കുലുക്കവും ഉണ്ടാകില്ല”- പിണറായി വിജയന്‍ പറഞ്ഞു.
സിഎംആര്‍എല്ലിനെ പരോക്ഷമായി നിയന്ത്രിക്കുന്നത് മുഖ്യമന്ത്രിയാണ് എന്നുള്ള ആരോപണം അടങ്ങിയ ആര്‍ഒസിറിപ്പോര്‍ട്ട് പുറത്തുവന്നതിന് ശേഷം മാധ്യമങ്ങള്‍ മുഖ്യമന്ത്രിയോട് പ്രതികരണം തേടിയെങ്കിലും പ്രതികരിക്കാന്‍ അദ്ദേഹം തയ്യാറായിരുന്നില്ല. നേരത്തേ പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍ ആര്‍ഒസിറിപ്പോര്‍ട്ട് ഉദ്ധരിച്ച് ചില പരാമര്‍ശങ്ങള്‍ നിയമസഭയില്‍ നടത്തിയിരുന്നു. അതടക്കം എടുത്തുപറഞ്ഞുകൊണ്ടാണ് ഇന്ന് മുഖ്യമന്ത്രി സഭയില്‍ മറുപടി പറഞ്ഞത്. മുഖ്യമന്ത്രിയുടെ മറുപടിയോടെ വിഷയത്തില്‍ വരും ദിവസങ്ങളിലും നിയമസഭയിൽ ചര്‍ച്ചയുണ്ടാകുമെന്നാണ് സൂചന.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here