നിപ്പയില്‍ കോഴിക്കോടിനു ആശ്വാസ ദിനം; പുതിയ കേസുകളില്ല; സമ്പര്‍ക്കപ്പട്ടികയില്‍ 1233 പേര്‍

കോഴിക്കോട്: നിപ്പയില്‍ കോഴിക്കോടിനു ആശ്വാസ ദിനം. നിലവിൽ പുതിയ കേസുകൾ ഒന്നും റിപ്പോർട്ട് ചെയ്തിട്ടില്ലെന്നും ആരോഗ്യ മന്ത്രി വീണാ ജോർജ്. നിപ്പ അവലോകന യോഗത്തിന് സംസാരിക്കുകയായിരുന്നു മന്ത്രി. നിലവിൽ സ്ഥിതി നിയന്ത്രണ വിധേയമാണ്. 1233 പേരാണ് ഇപ്പോൾ സമ്പർക്കപ്പട്ടികയിലുള്ളത്. നിലവില്‍ ഹൈ റിസ്ക് സമ്പർക്ക പട്ടികയിൽ ഉള്ളത് 352 പേരാണ്.23 പേർ മെഡിക്കൽ കോളജിൽ ചികിത്സയിലുണ്ട്. ഐഎംസിഎച്ചിൽ നാലു പേരാണ് ഉള്ളത്. 36 വവ്വാലുകളുടെ സാംപിളുകൾ പരിശോധനയ്ക്കായി ശേഖരിച്ചു അയച്ചു. 34,167 വീടുകളിൽ ഗൃഹസന്ദർശനം പൂർത്തീകരിച്ചതായി മന്ത്രി പറഞ്ഞു.
ചികിത്സയിലുള്ള ഒൻപത് വയസ്സുള്ള കുട്ടിയെ വെന്റിലേറ്ററിൽ നിന്നും മാറ്റി. നിലവിൽ ഓക്സിജൻ സപ്പോർട്ടുണ്ട്. കുട്ടിയുടെ ആരോഗ്യ നിലയിലെ പുരോഗതി പ്രതീക്ഷാനിർഭരമാണെന്ന് മന്ത്രി അറിയിച്ചു. നിപ്പയ്ക്കെതിരെ ജനങ്ങളെ ചേർത്തുപിടിച്ച് ഒറ്റക്കെട്ടായാണ് സർക്കാർ പ്രവർത്തിക്കുന്നതെന്ന് മന്ത്രി പറഞ്ഞു. ഞ്ഞു. ആദ്യത്തെ നിപ്പ കേസിൽ നിന്നാണ് എല്ലാവർക്കും രോഗം ബാധിച്ചിരിക്കുന്നത്. രണ്ടാം തരംഗം ഉണ്ടായിട്ടില്ല. വൈറസിന്റെ ജീനോമിക് സീക്വൻസിങ് നടത്തി ഇത് ശാസ്ത്രീയമായി ഉറപ്പുവരുത്തും-മന്ത്രി പറഞ്ഞു,
ജനങ്ങൾ നല്ല രീതിയിൽ പ്രതിരോധ പ്രവർത്തനങ്ങളുമായി സഹകരിക്കുന്നുണ്ടെന്ന് പൊതുമരാമത്ത് ടൂറിസം മന്ത്രി പി.എ.മുഹമ്മദ് റിയാസ് പറഞ്ഞു. ഗൃഹസന്ദർശനത്തിൽ വലിയ പുരോഗതിയാണ് ഉണ്ടായിട്ടുള്ളത്. കോർപറേഷൻ, മുനിസിപ്പാലിറ്റി പരിധിയിൽ ഉണ്ടായ വർധനവ് ഇത് സാധൂകരിക്കുന്നു. ജനങ്ങൾ സ്വയം നേതൃത്വമേറ്റെടുത്തു കൊണ്ടാണ് നിപ്പ പ്രതിരോധ പ്രവർത്തനങ്ങളും സേവന പ്രവർത്തനവും നടത്തുന്നത്. എല്ലാ പ്രവര്‍ത്തനങ്ങളും പ്രശംസനീയമാണെന്ന് മന്ത്രി പറഞ്ഞു.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here