എകെജി സെൻ്റർ വിലാസത്തിൽ വീണ വിജയന് ആർഒസി അയച്ച കത്ത് മടങ്ങി; വിശദീകരണം തേടി ഇമെയിൽ അയച്ചതിനും മറുപടിയില്ല; കർണാടക ഹൈക്കോടതി വിധിയിൽ നിർണായക വിവരങ്ങൾ
തിരുവനന്തപുരം : മുഖ്യമന്ത്രിയുടെ മകൾ വീണ ഡയറക്ടറായ എക്സാലോജിക് കമ്പനിയുടെ റജിസ്ട്രേഷൻ രേഖകളിൽ ഉൾപ്പെടുത്തിയിരുന്നത് എകെജി സെൻ്റർ വിലാസമാണ് എന്ന വിവരം ആദ്യമായി പുറത്തുവിട്ടത് അന്തരിച്ച പിടി തോമസ് എംഎൽഎയായിരുന്നു. 2021ലായിരുന്നു ആ വെളിപ്പെടുത്തൽ പുറത്തുവന്നത്. അക്കാലത്ത് തന്നെ കേന്ദ്ര ഏജൻസികൾ എക്സാലോജിക്കിൻ്റെയും വീണയുടെയും ഇടപാടുകളിൽ അന്വേഷണം തുടങ്ങിയിരുന്നു എന്നാണ് ഇപ്പോൾ വ്യക്തമാകുന്നത്. എസ്എഫ്ഐഒ അന്വേഷണം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് കർണാടക ഹൈക്കോടതിയിൽ സമർപ്പിക്കപ്പെട്ട ഹർജിക്ക് കേന്ദ്ര ഏജൻസികൾ നൽകിയ മറുപടി സത്യവാങ്മൂലത്തിലാണ് നിർണായക വിവരങ്ങൾ തെളിയുന്നത്.
2020 ജൂൺ 16നാണ് എക്സാലോജിക്കിനുള്ള റജിസ്ട്രാർ ഓഫ് കമ്പനീസിൻ്റെ കത്ത് എകെജി സെൻ്ററിൽ എത്തുന്നത്. ആരും സ്വീകരിക്കാതെ അത് മടങ്ങിയ ശേഷം ജൂലൈ 28ന് കമ്പനിയുടെ ഏക ഡയറക്ടറായ ടി.വീണക്ക് ആർഒസി ഇമെയിൽ അയക്കുന്നു. കമ്പനിക്കെതിരെ പരാതിയുണ്ടെന്നും നടപടിയെടുക്കാതിരിക്കാൻ കാരണമുണ്ടെങ്കിൽ ബോധിപ്പിക്കാനും ആയിരുന്നു നിർദേശം. അതിനും വ്യക്തമായ മറുപടി ഉണ്ടായില്ല. എസ്എഫ്ഐഒ സമർപ്പിച്ച സത്യവാങ്മൂലത്തിൽ ഉൾപ്പെടുത്തിയ ഈ ഇമെയിൽ സന്ദേശം ഹൈക്കോടതി വിധിയുടെ പേജ് 15ൽ കാണാം. ഇതിന് ശേഷമാണ് റജിസ്ട്രേഷൻ രേഖകളിലെ വിലാസം മാറിയത് അറിയിച്ചില്ല എന്നതടക്കം കുറ്റങ്ങൾ കാണിച്ച് ആർഒസി വീണക്ക് പിഴടിച്ചത്. ഒരുലക്ഷം രൂപ പിഴയിടുകയും പിന്നീട് അത് 20,000 ആക്കി കുറയ്ക്കുകയും ചെയ്തു. പിഴ ഈടാക്കുന്നതിന് മുമ്പായി വീണയിൽ നിന്ന് ആർഒസി മൊഴി രേഖപ്പെടുത്തിയിരുന്നു. വർക്ക് ഫ്രം ഹോം ആയിരുന്ന കാലത്താണ് എകെജി സെൻ്റർ വിലാസം നൽകിയത് എന്നായിരുന്നു വിശദീകരണം. എന്നാൽ ഇത് അംഗീകരിക്കാതെയാണ് കമ്പനിക്ക് പിഴ ചുമത്തിയത്.
പിന്നാലെ 2021 ജനുവരി 29ന് വിശദമായ അന്വേഷണം ആരംഭിച്ചതായും ആർഒസി വീണയെ ഇമെയിൽ മുഖാന്തരം അറിയിച്ചിട്ടുണ്ട്. മാസപ്പടിയിലേക്ക് നയിച്ച സിഎംആർഎല്ലുമായുള്ള കരാർ സംബന്ധിച്ച അന്വേഷണത്തിൻ്റെ കാര്യമാണ് അന്നറിയിച്ചത്. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിന് മുമ്പ് തന്നെ ഈ പരിശോധനകളും അന്വേഷണങ്ങളും തുടങ്ങിയിരുന്നു എന്നാണ് ഇപ്പോൾ ഹൈക്കോടതിയിലെത്തിയ രേഖകളിൽ നിന്ന് വ്യക്തമാക്കുന്നത്. ഇതെല്ലാം അംഗീകരിച്ചാണ് ഈ ഘട്ടത്തിൽ അന്വേഷണത്തിൽ ഇടപെടാനാകില്ല എന്ന നിഗമനത്തിലേക്ക് ജസ്റ്റിസ് ആർ.നാഗപ്രസന്ന എത്തിയത്. അങ്ങനെയാണ് എസ്എഫ്ഐഒ അന്വേഷണം തുടരാൻ വഴിയൊരുങ്ങിയത്.
സംസ്ഥാനത്ത് പ്രവർത്തിക്കുന്ന മറ്റ് ചില കമ്പനികളുമായും എക്സാലോജിക് അനധികൃത കരാറുകൾ ഉണ്ടാക്കിയെന്ന ഗുരുതരമായ ആരോപണം ഈയിടെ ഉയർന്നിരുന്നു. അതിന്മേലുള്ള സ്ഥീരീകരണവും ഹൈക്കോടതി വിധിയിലൂടെ വരുന്നുണ്ട്. വിധി പകർപ്പിലെ പേജ് 20ൽ ചേർത്തിട്ടുള്ള ഇമെയിൽ സന്ദേശത്തിൽ, 2021 ഒക്ടോബർ ഒന്നിന് വീണയോട് കരിമണൽ കമ്പനിയായ സി എം ആർ എല്ലിൽ നിന്നും കൈപ്പറ്റിയ തുകയുടെയും, സമാനമായ രീതിയിൽ മറ്റു കമ്പനികളിൽ നിന്ന് കൈപ്പറ്റിയ തുകയുടെയും വിശദാംശങ്ങൾ നൽകാൻ ആവശ്യപ്പെട്ടതായി കാണാം. ഈ ഇമെയിലിൻ്റെ പകർപ്പും പൂർണമായും വിധിപ്പകർപ്പിലുണ്ട്.
മാസപ്പടി ആരോപണം പുറത്തുവന്നത് മുതൽ ഇതുവരെ സിപിഎമ്മും മുഖ്യമന്ത്രിയും ഉയർത്തിയിരുന്ന എല്ലാ വാദങ്ങളുടെയും അടിത്തറ ഇളക്കുന്നതാണ് ഈ വസ്തുതകൾ. സിഎംആർഎല്ലുമായി ഉണ്ടാക്കിയ കരാർ പ്രകാരമുള്ള സേവനം നൽകാതെയാണ് മാസംതോറും തുക കൈപ്പറ്റിയിരുന്നതെന്ന് ആദ്യമായി വെളിപ്പെട്ടത് ആദായ നികുതി ഇന്ററിം സെറ്റിൽമെന്റ് ബോർഡിന്റെ ഉത്തരവിലൂടെയാണ്. അത് ഏകപക്ഷീയമാണെന്നും വീണയുടെയോ എക്സാലോജിക്കിൻ്റെയോ വിശദീകരണം തേടാതെയാണ് ഈ നിഗമനത്തിൽ എന്നായിരുന്നു എകെ ബാലൻ അടക്കം നേതാക്കൾ ശക്തിയുക്തം വാദിച്ചത്. എന്നാൽ 2020 മുതൽ തന്നെ കേന്ദ്രസർക്കാരിൻറെ വിവിധ ഏജൻസികൾ വീണയ്ക്ക് നോട്ടീസ് നൽകി വിശദീകരണം തേടാൻ പലവട്ടം ശ്രമിച്ചിരുന്നു എന്ന് തന്നെയാണ് ഇപ്പോൾ സ്ഥിരീകരിക്കപ്പെടുന്നത്.
സിഎംആര്‍എൽ ഉടമ ശശിധരൻ കർത്തയുടെ ഭാര്യയുടെ ഉടമസ്ഥതയിലുള്ള എംപവർ ക്യാപിറ്റലിൽ നിന്ന് വീണ വിജയൻ്റെ കമ്പനി വായ്പ വാങ്ങിയതായി ഓഡിറ്റ് റിപ്പോർട്ടുകളിൽ കാണുന്നുണ്ടെങ്കിലും ബാങ്ക് രേഖകളിൽ ഈ ഇടപാടില്ല. ഈ വായ്പയുടെ കാലപരിധി, പലിശ തുടങ്ങിയ വിശദാംശങ്ങളും നൽകിയിട്ടില്ല. ഇത് പൂർണമായി തിരിച്ചുകൊടുത്തതിനും രേഖകളില്ല. അതുപോലെ ഈ കാലയളവിൽ നിരവധി ചാരിറ്റബിൾ സംഘടനകളിൽ നിന്ന് വീണയുടെ അക്കൗണ്ടിലേക്ക് പണം ഒഴുകിയതായും പരാമശമുണ്ട്. ഇങ്ങനെയെല്ലാം കൂടുതൽ വിവരങ്ങൾ പുറത്തുവരുമ്പോൾ കൂടുതൽ സങ്കീർണമാകുകയാണ് എക്സാലോജിക്കിൻ്റെയും വീണയുടെയും ഇടപാടുകൾ.
2021ലെ നിയമസഭാ തിരഞ്ഞെടുപ്പിന് മുമ്പേ ഈ അന്വേഷണങ്ങൾ തുടങ്ങിയിരുന്നു എന്നാണിപ്പോൾ വ്യക്തമാകുന്നത്. അന്വേഷണത്തിന്റെ ഭാഗമായി ഹാജരാക്കാൻ ആവശ്യപ്പെട്ട വിവരങ്ങളിൽ പലതും നൽകിയിട്ടുമില്ല. എന്നാൽ 20,000 രൂപയുടെ പിഴ ഒഴിച്ചാൽ, ഇതിലൊന്നും കേന്ദ്ര അന്വേഷണ ഏജൻസികളുടെ ഭാഗത്തുനിന്ന് കാര്യമായ നടപടി ഉണ്ടായതായി വിവരമില്ല. ലോക്സഭാ തിരഞ്ഞെടുപ്പ് പടിക്കലെത്തി നിൽക്കുമ്പോൾ രാഷ്ട്രീയമായ കൂടുതൽ ആരോപണങ്ങൾക്കും വഴിമരുന്നിടുകയാണ് ഈ ഇടപാടുകളെല്ലാം.
കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here