എക്സാലോജിക് ഹർജിയിൽ ഇന്ന് വിധി; മുഖ്യമന്ത്രിയുടെ മകൾ വീണക്ക് നിർണായകം; എല്ലാ കണ്ണും കർണാടക ഹൈക്കോടതിയിലേക്ക്
ബംഗളൂരു: മാസപ്പടി വിഷയത്തിൽ കേന്ദ്രസർക്കാർ ഏജൻസിയായ സീരിയസ് ഫ്രോഡ് ഇൻവെസ്റ്റഗേഷൻ ഓഫീസ് (എസ്എഫ്ഐഒ) നടത്തുന്ന അന്വേഷണം തടയണമെന്ന് ആവശ്യപ്പെട്ട് എക്സാലോജിക് കമ്പനി കർണാടക ഹൈക്കോടതിയിൽ സമർപ്പിച്ച ഹർജിയിൽ ഇടക്കാലവിധി ഇന്ന്. ജസ്റ്റിസ് എം.നാഗപ്രസന്ന അധ്യക്ഷനായ ബഞ്ച് ഉച്ചക്ക് രണ്ടരക്കാണ് വിധി പറയുക. എക്സാലോജിക്കിൻ്റെ ഏക ഡയറക്ടർ എന്ന നിലയിൽ കോടതി തീരുമാനം വീണക്ക് നിർണായകമാണ്. കരിമണൽ കമ്പനിയായ സിഎംആർഎല്ലും എക്സാലോജിക്കുമായി നടന്നിട്ടുള്ള 1.72 കോടിയുടെ ഇടപാടിൽ വൻ ക്രമക്കേട് ഉണ്ടെന്ന് എസ്എഫ്ഐഒ കർണാടക ഹൈക്കോടതിയെ അറിയിച്ചിട്ടുണ്ട്. ഒരു സേവനവും നൽകാതെയാണ് ഈ തുക സിഎംആർഎൽ നൽകിയതെന്നും കോടതിയെ രേഖാമൂലം അറിയിച്ചിട്ടുണ്ട്.
ഇതേ ക്രമക്കേട് ഉന്നയിച്ച് റജിസ്ട്രാർ ഓഫ് കമ്പനീസ് അന്വേഷണം പ്രഖ്യാപിച്ചതിന് പിന്നാലെയാണ് എസ്എഫ്ഐഒ രംഗത്തെത്തുന്നത് എന്നാണ് എക്സാലോജിക് ചൂണ്ടിക്കാണിക്കുന്നത്. ആദ്യ അന്വേഷണവുമായി പൂർണമായി സഹകരിച്ചിട്ടുണ്ട്. സമാന്തര അന്വേഷണമാണ് ഇപ്പോൾ നടക്കുന്നത്. ഇതിന് നിയമപരമായി നിലനിൽപ് ഇല്ലെന്നും രണ്ടാമത് തുടങ്ങിയ അന്വേഷണം റദ്ദാക്കണമെന്നുമാണ് എക്സാലോജിക്കിൻ്റെ ഹർജിയിലെ ആവശ്യം. അറസ്റ്റിന് എസ്എഫ്ഐഒ നീക്കം നടത്തുന്നുണ്ടെന്നും ഹർജിയിൽ ആശങ്ക അറിയിച്ചിട്ടുണ്ട്.
തിങ്കളാഴ്ച ഒരു മണിക്കൂറിലേറെ ഇങ്ങനെ വാദം കേട്ട ഹൈക്കോടതി അന്വേഷണവുമായി സഹകരിക്കാനും എസ്എഫ്ഐഒ ആവശ്യപ്പെടുന്ന രേഖകളെല്ലാം നൽകാനും എക്സാലോജിക്കിന് നിർദേശം നൽകി. എന്നാൽ ഹർജി തീർപ്പാകുന്നത് വരെ അറസ്റ്റ് അടക്കം നടപടികളിലേക്ക് കടക്കരുതെന്ന് എസ്എഫ്ഐഒക്കും നിർദേശം നൽകി. തുടർന്നാണ് കേസ് ഇന്ന് പരിഗണിക്കാനായി മാറ്റിയത്.
എക്സാലോജിക്കിന് 1.72 കോടി നൽകിയ കരിമണൽ കമ്പനിയായ സിഎംആർഎല്ലിലും, അവരുമായി ഓഹരി പങ്കാളിത്തമുള്ള പൊതുമേഖലാ സ്ഥാപനമായ കെഎസ്ഐഡിസിയിലും എസ്എഫ്ഐഒ പ്രാഥമിക പരിശോധനകൾ നടത്തിയിരുന്നു. പിന്നാലെ എക്സാലോജിക്കിൻ്റെ ഡയറക്ടറെന്ന നിലയിൽ വീണയെ ചോദ്യം ചെയ്യാൻ നോട്ടീസ് നൽകുമെന്ന ഘട്ടമെത്തിയപ്പോഴാണ് കമ്പനി കർണാടക ഹൈക്കോതിയെ സമീപിച്ചത്. ബെംഗളൂരുവിലായിരുന്നു കമ്പനിയുടെ ആസ്ഥാനം പ്രവർത്തിച്ചിരുന്നത്.
കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here