വീണ 1.72 കോടിക്ക് ഐജിഎസ്ടി അടച്ചു; ധനവകുപ്പിൻ്റെ വിശദീകരണത്തില്‍ തീരുമോ മാസപ്പടി വിവാദം?

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്റെ മകൾ വീണ വിജയന്റെ കമ്പനി കൊച്ചിൻ മിനറൽസ് ആന്‍റ് റൂട്ടൈൽ ലിമിറ്റഡിൽ (സിഎംആർഎൽ) നിന്നും കൈപ്പറ്റിയ 1.72 കോടി രൂപക്ക് ഐജിഎസ്ടി അടച്ചെന്ന് ധനവകുപ്പിന്റെ സ്ഥിരീകരണം. വീണ വിജയന്റെ എക്സാലോജിക് കമ്പനിയാണ് പണം കൈപ്പറ്റിയത്. ഈ തുകയ്ക്കുള്ള ഐജിഎസ്ടി കമ്പനി അടച്ചുവെന്നാണ് ധനവകുപ്പിൻ്റെ വിശദീകരണം. മാത്യു കുഴൽനാടൻ ധനമന്ത്രിക്ക് നൽകിയ പരാതിയുടെ അടിസ്ഥാനത്തിലായിരുന്നു പരിശോധന.

ജിഎസ്ടി കമീഷണർ ഇതുമായി ബന്ധപ്പെട്ട് റിപ്പോർട്ട് നൽകിയതിനെ തുടർന്നാണ് ധനവകുപ്പിന്റെ വിശദീകരണം. കർണാടക ജിഎസ്ടി വകുപ്പുമായി ബന്ധപ്പെട്ടതിന് ശേഷമാണ് റിപ്പോർട്ട് തയാറാക്കിയിരിക്കുന്നത്. അതേ സമയം, വീണ വിജയന്റെ കമ്പനി എത്ര തുകയാണ് അടച്ചതെന്നും എന്നാണ് തുക അടച്ചതെന്നും ധനവകുപ്പ് വ്യക്തമാക്കിയിട്ടില്ല. വ്യക്തിഗത വിവരമായതിനാൽ പുറത്ത് വിടാൻ കഴിയില്ലെന്നാണ് ധനവകുപ്പ് പറയുന്നത്.

മുമ്പ് എക്സാലോജിക് സിഎംആർഎല്ലുമായി നടത്തിയ ഇടപാടിന്റെ ജിഎസ്ടി വിവരങ്ങൾ നൽകാനാവില്ലെന്ന് ജിഎസ്ടി വകുപ്പ് അറിയിച്ചിരുന്നു. വിവരാവകാശ നിയമത്തിന്റെ പരിധിയിൽ വരാത്തതിനാലാണ് വിവരങ്ങൾ നൽകാനാവില്ലെന്ന് അറിയിച്ചത്. ഒരു നികുതിദായകൻ നൽകുന്ന നികുതിയുടെ വിവരങ്ങൾ വെളി​പ്പെടുത്തേണ്ടതില്ല. ഇത് വിശാലമായ പൊതുതാൽപര്യത്തിന്റെ പരിധിയിൽ വരില്ലെന്നും ജിഎസ്ടി വകുപ്പ് വ്യക്തമാക്കിയിരുന്നു.

2017 മുതൽ 2020 വരെയുള്ള കാലയളവിൽ സിഎംആർഎൽ 1.72 കോടി രൂപ വീണ വിജയന്റെ കമ്പനിക്ക് നൽകിയത് വലിയ വിവാദങ്ങൾക്ക് വഴിവെച്ചിരുന്നു. തുടർന്നാണ് മുഖ്യമന്ത്രിയുടെ മകൾ 1.72 കോടി രൂപയുടെ മാസപ്പടി കൈപ്പറ്റിയെന്ന ആരോപണം ഉയർന്നത്. സേവനങ്ങൾ നൽകാതെയാണ് മുഖ്യമന്ത്രിയുടെ മകൾക്ക് പണം നൽകിയതെന്ന ആദായനികുതി തർക്ക പരിഹാര ബോർഡ് കണ്ടെത്തലും ആരോപണങ്ങള്‍ക്ക് കരുത്ത് പകർന്നു. ഇടപാടിൽ മുഖ്യമന്ത്രിക്ക് അവിശുദ്ധ ബന്ധമുണ്ടെന്നും അതിൽ അന്വേഷണം വേണമെന്നും ആവശ്യപ്പെട്ട് പ്രതിപക്ഷം രംഗത്തെത്തിയിരുന്നു. ആരോപണം നിയമസഭയിലും പുറത്തും ആളിക്കത്തിയതോടെ സര്‍ക്കാരും സിപിഎമ്മും പ്രതിരോധത്തിലായി. വീണ നികുതി അടച്ചിട്ടുണ്ടെന്ന വിശദീകരണവുമായി മുഖ്യമന്ത്രിയും സിപിഎമ്മും നിയമസഭയിലും പുറത്തും രംഗത്തെത്തി. എന്നാൽ ആരും ഇതുവരെ കണക്കൊന്നും വെളിപ്പെടുത്തിയിരുന്നില്ല.

വീണ ഐജിഎസ്ടി അടച്ചുവെന്ന് ധനവകുപ്പ് സ്ഥിരീകരണം വന്നതോടെ അനധികൃതമായാണ് പണം കൈപ്പറ്റിയതെന്ന ആരോപണം അവസാനിക്കും എന്നാണ് സര്‍ക്കാരും സിപിഎമ്മും പ്രതീക്ഷിക്കുന്നത്. അതേ സമയം, എപ്പോഴാണ് വീണ ഐജിഎസ്ടി അടച്ചതെന്ന് വ്യക്തമാകുന്നത് വരെ വിഷയം ഉയർത്തി മുഖ്യമന്ത്രിയേയും സർക്കാരിനെയും പ്രതിരോധത്തിലാക്കാനായിരിക്കും പ്രതിപക്ഷ നീക്കം. വിവാദം ഉയർന്നതിന് ശേഷമാണ് വീണ ഐജിഎസ്ടി അടച്ചതെങ്കിൽ അത് മറ്റൊരു രാഷ്ട്രീയ വിവാദത്തിന് കൂടി തിരികൊളുത്തും.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top