ഇൻഷുറൻസ് പുതുക്കാൻ ഇനി പിഴയടച്ചുതീർക്കണം; നിയമ ലംഘനങ്ങളെ പിടികൂടാല്‍ പുതിയ അടവുമായി സർക്കാർ

തിരുവനന്തപുരം: സംസ്ഥാനത്ത് ഇനിമുതല്‍ ഗതാഗത നിയമ ലംഘനങ്ങൾക്കുള്ള പിഴ അടച്ചുതീർത്താല്‍ മാത്രമേ വാഹനങ്ങളുടെ ഇൻഷുറൻസ് പുതുക്കാനാകൂ എന്ന വ്യവസ്ഥയിലേക്ക് മാറുമെന്ന് ഗതാഗത മന്ത്രി ആന്റണി രാജു. നിലവിലുള്ള പിഴ പൂർണ്ണമായി അടച്ചവർക്ക് മാത്രമേ ഇൻഷുറൻസ് പുതുക്കി നൽകൂ എന്ന് മന്ത്രി വ്യക്തമാക്കി. ഇതുസംബന്ധിച്ച് ഇൻഷുറൻസ് കമ്പനികളുമായി ചർച്ച നടത്തും. എല്ലാ വർഷവും ഇന്‍ഷുറന്‍സ് പുതുക്കുന്നതോടൊപ്പം ബാക്കി നില്‍ക്കുന്ന പിഴയടക്കേണ്ട നിലയിലേക്ക് എത്തുമെന്നും മന്ത്രി പറഞ്ഞു.

സംസ്ഥാനത്ത് ജൂണ്‍ 5 മുതൽ ഓഗസ്റ്റ് 2 വരെ 32,42,277 ഗതാഗത നിയമലംഘനങ്ങള്‍ കണ്ടെത്തി. 15,83,367 നിയമലംഘനങ്ങൾക്ക് നടപടിയെടുത്തു. 3,82,580 നിയമ ലംഘനങ്ങൾക്ക് പിഴ ഈടാക്കാൻ ചലാൻ നൽകി. ഇ ചലാന്‍ വഴി 25 കോടി 81 ലക്ഷം രൂപ പിഴ തുകയായി കണക്കാക്കിയതെന്നും ഇതില്‍ 3 കോടി 37 ലക്ഷം പിഴയായി ലഭിച്ചെന്നും മന്ത്രി അറിയിച്ചു. അന്യസംസ്ഥാനങ്ങളിൽ നിന്നുള്ള വാഹനങ്ങൾക്കും എ ഐ ക്യാമറ ബാധകമാണെന്നും മന്ത്രി വ്യക്തമാക്കി.

എഐ ക്യാമറ സ്ഥാപിച്ചതിന് ശേഷം  വാഹനാപകടത്തിൽ മരിക്കുന്നവരുടെ എണ്ണം ഗണ്യമായി കുറഞ്ഞുവെന്നും മന്ത്രി പറഞ്ഞു. 2022 ജൂലൈയിൽ നിന്ന് 2023 ജൂലൈയിലേക്ക് എത്തുമ്പോള്‍ നിലവിലെ കണക്ക് അനുസരിച്ച് മരണസംഖ്യയില്‍ 67 പേരുടെ കുറവുണ്ട്. 2022 ജൂലൈയില്‍ അപകടങ്ങളിൽ പരിക്കേറ്റവരുടെ എണ്ണം 3,992 ആയിരുന്നു. 2023 ജൂലൈയിൽ വാഹനാപകടത്തിൽ പരിക്കേറ്റവരുടെ എണ്ണം 1329 ആയി കുറഞ്ഞു. 2022 ജൂലൈയില്‍ 3316 വാഹനാപകടങ്ങളാണ് സംസ്ഥാനത്തുണ്ടായത്. 2023 ജൂലൈയിൽ ഇത് 1201 ആയി കുറഞ്ഞെന്നും മന്ത്രി ചൂണ്ടിക്കാട്ടി.

അതേസമയം, വിഐപികളെ പിഴയിൽ നിന്ന് ഒഴിവാക്കുന്നു എന്ന ആരോപണം മന്ത്രി തള്ളി. 19 എംഎൽഎമാരുടെ വാഹനങ്ങൾക്കും 10 എംപിമാരുടെ വാഹനങ്ങൾക്കും പിഴ ചുമത്തിയെന്ന് മന്ത്രി അറിയിച്ചു. 328 സർക്കാർ വാഹനങ്ങൾക്ക് പിഴ ചുമത്തിയിട്ടുണ്ട്. വിഐപി വാഹനങ്ങൾ ഒന്നിലധികം തവണ നിയമലംഘനം നടത്തിയത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു. 

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top