സുരേഷ് ഗോപിക്കെതിരെയുള്ള വാഹന രജിസ്ട്രേഷന്‍ കേസില്‍ വിചാരണ ഇന്ന്; പുതുച്ചേരി വ്യാജവിലാസത്തില്‍ രജിസ്റ്റര്‍ ചെയ്തത് രണ്ട് ആഡംബര കാറുകള്‍; 30 ലക്ഷത്തിന്‍റെ നികുതി നഷ്ടമെന്ന് കണ്ടെത്തല്‍
കൊച്ചി: നടനും ബിജെപി നേതാവുമായ സുരേഷ് ഗോപിക്കെതിരെയുള്ള വാഹന രജിസ്ട്രേഷൻ കേസിൽ വിചാരണ ഇന്ന് ആരംഭിക്കും. വാഹന നികുതി വെട്ടിച്ച കേസിലാണ് വിചാരണ. ജനപ്രതിനിധികൾക്കുള്ള എറണാകുളത്തെ പ്രത്യേക കോടതിയിലാണ് വിചാരണ നടക്കുന്നത്.
വ്യാജ വിലാസം ഉപയോഗിച്ച് പുതുച്ചേരിയില്‍ വാഹനം രജിസ്റ്റർ ചെയ്ത് നികുതി വെട്ടിച്ചുവെന്നാണ് കേസ്. 2010, 2016 വർഷങ്ങളിലായി രണ്ട് ആഡംബര കാറുകളാണ് സുരേഷ് ഗോപി പുതുച്ചേരിയിലെ വ്യാജ മേൽവിലാസം ഉപയോഗിച്ച് രജിസ്റ്റർചെയ്തത്. കേരളത്തിന് 30 ലക്ഷം രൂപയുടെ നികുതി നഷ്ടം ഉണ്ടായെന്ന് ക്രൈംബ്രാഞ്ച് കണ്ടെത്തിയിരുന്നു. കേസ് റദ്ദാക്കണമെന്ന സുരേഷ് ഗോപിയുടെ ആവശ്യം കോടതി നേരത്തെ തള്ളിയിരുന്നു.
നികുതിവെട്ടിക്കുകയെന്ന ഉദ്ദേശ്യത്തോടെ പുതുച്ചേരിയിൽ ഇല്ലാത്ത മേൽവിലാസത്തിൽ വ്യാജരേഖയുണ്ടാക്കി സംസ്ഥാന സർക്കാരിലേക്ക് അടയ്ക്കേണ്ട നികുതിപ്പണം വെട്ടിച്ചെന്നാണു കുറ്റപത്രത്തിലെ ആരോപണം.
പുതുച്ചേരി ചാവടിയിലെ കാര്‍ത്തിക അപ്പാര്‍ട്ട്‌മെന്റില്‍ വാടകയ്ക്ക് താമസിക്കുന്നുവെന്ന് വ്യാജ വിലാസമുണ്ടാക്കിയാണ് വാഹനങ്ങള്‍ സുരേഷ് ഗോപി രജിസ്റ്റര്‍ ചെയ്തതെന്നായിരുന്നു ക്രൈംബ്രാഞ്ച് കണ്ടെത്തല്‍. അതേസമയം കേസില്‍ മുന്‍പ് തന്നെ നടന് കോടതി ജാമ്യം അനുവദിച്ചിരുന്നു.
കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here