വർഗീയപരാമർശം വിശദീകരിച്ച് വെള്ളാപ്പള്ളി; മലപ്പുറത്തെക്കുറിച്ച് മുമ്പ് വിഎസും പിണറായിയും പറഞ്ഞത്…

മലപ്പുറം ജില്ലയിൽ പിടികൂടിയ കള്ളക്കടത്ത് സ്വർണത്തിൻ്റെയും ഹവാല പണത്തിൻ്റെയും കണക്ക് പറഞ്ഞാണ് ഈയടുത്ത കാലത്ത് പിണറായി വിജയൻ വിവാദം ക്ഷണിച്ചുവരുത്തിയത്. പിവി അൻവർ മുഖ്യമന്ത്രിക്കെതിരെയും സിപിഎമ്മിനെതിരെയും തിരിഞ്ഞതിന് പിന്നാലെ അദ്ദേഹത്തെ കൈകാര്യം ചെയ്യാൻ എടുത്ത് ഉദ്ധരിച്ച പോലീസ് കേസുകളുടെ കണക്കുകളാണ് പിണറായി പറഞ്ഞത്. എന്നാൽ കരിപ്പൂർ വിമാനത്താവളം മലപ്പുറം ജില്ലയിലായതിനാലും അതുവഴി നടക്കുന്ന കള്ളക്കടത്തിൻ്റെ കണക്കുകൾ ആ ജില്ലയുടെ കണക്കിൽ വരുന്നതാണെന്നും, അതല്ലാതെ ഏതെങ്കിലും ഒരു വിഭാഗത്തെ ഉദ്ദേശിച്ചല്ല പറഞ്ഞതെന്നും പിന്നീട് അദ്ദേഹം വിശദീകരിച്ചു.
2005ലെ എന്‍ട്രന്‍സ് പരീക്ഷാഫലം വന്ന സമയത്ത് മലപ്പുറത്തെക്കുറിച്ച് വിഎസ് നടത്തിയ പരാമർശം വൻ വിവാദമായിരുന്നു. ‘കോപ്പിയടിച്ചാണ് മലപ്പുറത്തെ കുട്ടികൾ പരീക്ഷ ജയിക്കുന്നതെന്ന് അന്ന് പ്രതിപക്ഷ നേതാവായിരുന്ന അച്യുതാനന്ദന്‍ പറഞ്ഞതായാണ് ആക്ഷേപം ഉണ്ടായത്. എന്നാല്‍ വിദ്യാഭ്യാസമന്ത്രിയുടെ ജില്ലയായ മലപ്പുറത്ത് നിന്ന് ക്രമാതീതമായി വിജയം ഉണ്ടായത് പത്രക്കാർ ചൂണ്ടിക്കാട്ടിയപ്പോൾ, അതിനെക്കുറിച്ച് അന്വേഷണം വേണമെന്നാണ് താൻ പ്രതികരിച്ചതെന്ന് വിഎസ് പിന്നീട് വിശദീകരിച്ചു. എന്ട്രന്‍സ് റാങ്ക് ലിസ്റ്റില്‍ കൃത്രിമം കാട്ടാന്‍ മന്ത്രിയായിരുന്ന നാലകത്ത് സൂപ്പി തന്നോട് ആവശ്യപ്പെട്ടുവെന്ന് അന്നത്തെ പരീക്ഷ കണ്‍ട്രോളര്‍ ഹൈക്കോടതിയെ അറിയിച്ചത് ചൂണ്ടിക്കാട്ടിയായിരുന്നു വിഎസിൻ്റെ പ്രസ്താവന.
എന്നാൽ ഈ മട്ടിലൊന്നുമല്ല വെള്ളാപ്പള്ളി നടേശൻ്റെ പ്രതികരണം. മലപ്പുറം ഒരു പ്രത്യേക രാജ്യമാണെന്നും പേടിച്ചും ശ്വാസവായു കിട്ടാതെയുമാണ് അവിടെ ഒരുവിഭാഗം ആളുകൾ ജീവിക്കുന്നതെന്നും ആണ് വെള്ളാപ്പള്ളി പറഞ്ഞത്. നിലമ്പൂർ ചുങ്കത്തറയിലെ പൊതു പരിപാടിയിലായിരുന്നു ഈ പരാമർശം. എന്നാൽ തൻ്റെ പ്രസംഗത്തിൻ്റെ ഒരു ഭാഗം അടർത്തിയെടുത്ത് പ്രചരിപ്പിക്കുകയാണെന്ന് വെള്ളാപ്പള്ളി മാധ്യമങ്ങളോട് പറഞ്ഞു. ഈഴവ സമുദായത്തിൻ്റെ പിന്നോക്കാവസ്ഥയാണ് വിവരിച്ചത്. പറഞ്ഞതിൽ ഒരുവാക്കുപോലും പിൻവലിക്കാനില്ല. ശ്രീനാരായണീയർക്ക് മലപ്പുറത്ത് പിന്നോക്കാവസ്ഥയാണ്. ലീഗിലെ സമ്പന്നരാണ് മലപ്പുറത്തെ വിദ്യാഭ്യാസ മേഖല നിയന്ത്രിക്കുന്നതെന്നും തന്നെ വർഗീയ വാദിയാക്കാനാണ് ശ്രമമെന്നും വെള്ളാപ്പള്ളി പറഞ്ഞു.
വെള്ളാപ്പള്ളിക്കെതിരെ രൂക്ഷവിമർശനമാണ് പലകോണിൽ നിന്നും ഉയരുന്നത്. കേരളം കൂടുതൽ വർഗീയമാകുന്നുവെന്ന് കെപിസിസി മുൻ അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രൻ പറഞ്ഞു. വെള്ളാപ്പള്ളിയുടെ ആദ്യത്തെ പ്രസ്താവനയല്ല ഇത്. എല്ലാ സമയത്തും വെള്ളാപ്പള്ളിയുടെ പ്രസ്താവനകൾ വിഭാഗീയതയെ തുണയ്ക്കുന്നതാണ്. ഇപ്പോൾ സ്വാമി വിവേകാനന്ദൻ ഉണ്ടായിരുന്നെങ്കിൽ കേരളത്തെക്കുറിച്ച് ഭ്രാന്താലയത്തിന് പകരം അതിനെക്കാൾ ക്രൂരമായ വാക്ക് ഉപയോഗിച്ചേനെയെന്നും അദ്ദേഹം പറഞ്ഞു. എല്ലാ ന്യൂനപക്ഷങ്ങളും അസംതൃപ്തരാണ്, എല്ലാവർക്കും അന്യതാബോധമാണ് എന്ന് പറഞ്ഞ മുല്ലപ്പള്ളി, ശ്രീനാരായണഗുരു കാണിച്ച വഴിയിലൂടെ പോകാൻ എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി തയ്യാറാവണമെന്നും കൂട്ടിച്ചേർത്തു.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here