ഗണേഷ് മന്ത്രിയായാൽ വെളുക്കാൻ തേച്ചത് പാണ്ടാകും; മന്ത്രിമാരെ മാറ്റിയിട്ട് കാര്യമുണ്ടോ? – വെള്ളാപ്പള്ളി നടേശൻ
തിരുവനന്തപുരം: ഗണേഷ്‌കുമാറിനെ ഉൾപ്പെടുത്തിയാൽ മന്ത്രിസഭാ വികൃതമാകുമെന്ന് എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. മൂന്നുവർഷത്തിൽ താഴെ മാത്രം കാലാവധിയുള്ള പിണറായി സർക്കാർ മന്ത്രിമാരെ അങ്ങോട്ടും ഇങ്ങോട്ടും മാറ്റി മുഖം മിനുക്കാൻ ശ്രമിച്ചാൽ വെളുക്കാൻ തേച്ചത് പാണ്ടായ അവസ്ഥയാകുമെന്നും അദ്ദേഹം പറഞ്ഞു.
ട്രാൻസ്‌പോർട്ട് മന്ത്രി മിടുക്കനാണ്. സ്വന്തം വകുപ്പ് നല്ല രീതിയിൽ കൊണ്ടുപോകുന്നുണ്ട്. മുഖം മിനുക്കാനായി അദ്ദേഹത്തെ മാറ്റിയിട്ട് അതിനേക്കാൾ മോശമായ മുഖമുള്ള സ്വഭാവ ശുദ്ധി തീരെ ഇല്ലാത്ത ഒരാളെ മന്ത്രിയാക്കിയാൽ അവസ്ഥ എന്താകും. മന്ത്രിമാരെ മാറ്റിയിട്ട് കാര്യമുണ്ടോയെന്നും വെള്ളാപ്പള്ളി ചോദിച്ചു. ഇടമലയാർ കേസിൽ കള്ളനെന്ന് കണ്ടെത്തി ശിക്ഷ അനുഭവിച്ച ആളാണ് അദ്ദേഹത്തിന്റെ അച്ഛൻ. അത് നിഷേധിക്കാൻ പറ്റുമോ.
മന്ത്രിയാക്കുന്നെങ്കിൽ ട്രാൻസ്‌പോർട്ട് വേണ്ടെന്ന് നേരത്തെ തന്നെ ഗണേഷ്‌കുമാർ പറഞ്ഞു കഴിഞ്ഞു. വേണ്ടത് എന്താണെന്നും പറഞ്ഞിട്ടുണ്ട്. അത് കിട്ടിയാലും നന്നാക്കാൻ അല്ല കറന്നു കുടിക്കാനാണ് ഉദ്ദേശ്യമെന്നും വെള്ളാപ്പള്ളി പറഞ്ഞു.
കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here