ഭീതി പടർത്തി ലഹരിസംഘത്തിൻ്റെ വ്യാപക അക്രമം; പാസ്റ്ററെ വെട്ടി; ദമ്പതിമാരെ അക്രമിച്ചു; വിടുകൾക്കു നേരെയു ആക്രമണം; വൈകിയെത്തി പൊലീസും

തിരുവനന്തപുരം : വെള്ളറടയിൽ ലഹരി സംഘത്തിൻറെ വ്യാപക അക്രമം. ഭീകരാന്തരീക്ഷം സൃഷ്ടിച്ച സംഘം നിരവധി പേരെ ആക്രമിച്ചു. വീടുകൾക്ക് നേരെയും ആക്രമണം ഉണ്ടായി. കണ്ണന്നൂർ എന്ന സ്ഥലത്താണ് സഹോദരങ്ങളും ബന്ധവും അടങ്ങുന്ന സംഘം അഴിഞ്ഞാടിയത്.
രാത്രി 9 മണിയോടെ റോഡിൽ വാളും, കമ്പി വടിയും, കത്തിയുമായി സംഘം വാഹനങ്ങൾ തടയുകയായിരുന്നു. ബൈക്കിൽ വരികയായിരുന്ന കൺസ്യൂമർഫെഡ് ജീവനക്കാരിയെയും ഭർത്താവിനെയും ക്രൂരമായി സംഘം മർദിച്ചു. കല്ലുകൊണ്ട് തലയ്ക്കടിക്കുകയും കമ്പി കൊണ്ട് അടിക്കുകയും ചെയ്തു. ഈ സമയം അതുവഴി ബൈക്കിൽ വന്ന അമ്പൂരി സ്വദേശിയായ പാസ്റ്റർ അരുളിനെ സംഘം ചവിട്ടി വീഴ്ത്തി വെട്ടി പരിക്കേൽപ്പിച്ചു.
റോഡിലെ സംഘർഷം നോക്കിനിന്നതിനാണ് വീട്ടുടമസ്ഥനും വീടിനുനേരെയും ആക്രമണം ഉണ്ടായത്. വീട്ടിലെ ജനൽ ചില്ലുകൾ മുഴുവൻ അക്രമിസംഘം അടിച്ചു തകർത്തു. വീടിനുമുന്നിലുണ്ടായിരുന്ന സ്കൂട്ടർ ആക്രമിക്കുകയും അതിലുണ്ടായിരുന്ന പണം അപഹരിക്കുകയും ചെയ്തു.
സംഘർഷം അറിയിച്ചിട്ടും വെള്ളറട പൊലീസ് വൈകിയാണെന്ന് എത്തിയതെന്ന് നാട്ടുകാർ ആരോപിക്കുന്നുണ്ട്. പലതവണ വിളിച്ചപ്പോഴും മറ്റൊരു കേസിൽ തിരക്കിലാണെന്ന് മറുപടിയാണ് സ്റ്റേഷനിൽ നിന്നും ലഭിച്ചത്. ഈ സമയമെല്ലാം ലഹരി സംഘം അക്രമം തുടരുകയായിരുന്നു. പ്രദേശവാസികളാണ് അക്രമം നടത്തിയ സംഘത്തിൽ ഉണ്ടായിരുന്ന മൂന്നുപേരും. ഇതിൽ ഒരാളെ നാട്ടുകാർ പിടികൂടി പോലീസിൽ ഏൽപ്പിച്ചിട്ടുണ്ട്.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here