ക്രൂരത അറിയാതെ മകനെ ആവും വിധം സംരക്ഷിച്ച് അഫാന്റെ ഉമ്മ; കട്ടിലില്‍ നിന്നും വീണു പരുക്കേറ്റെന്ന് മജിസ്‌ട്രേറ്റിന് മൊഴി നൽകി

വെഞ്ഞാറമൂട് അഞ്ചുപേരെ കൊലപ്പെടുത്തിയ മകന്റെ ക്രൂരത പുറത്തറിയിക്കാതെ അമ്മ ഷെമിന. പോലീസിന് മുന്നില്‍ പറഞ്ഞ അതേ കള്ളം മജിസ്ട്രേറ്റിന് മുന്നിലും ആവര്‍ത്തിച്ച് മകനെ രക്ഷിക്കാനാണ് ആ അമ്മയുടെ ശ്രമം. മകന്‍ ഷാള്‍ മുറുക്കിയും ചുറ്റിക കൊണ്ട് അടിച്ചും കൊല്ലാന്‍ നോക്കിയതും ഷെമിന മൊഴിയില്‍ പറഞ്ഞില്ല. കട്ടിലില്‍ നിന്ന് വീണാണ് തനിക്ക് പരിക്ക് പറ്റിയത് എന്നാണ് മജിസ്‌ട്രേറ്റിന് നല്‍കിയ മൊഴിയില്‍ അമ്മ ആവര്‍ത്തിച്ചത്.
ഇന്നലെ അഫാന്റെ പിതാവ് അബ്ദുള്‍ റഹീം വിദേശത്ത് നിന്ന് എത്തിയപ്പോഴും മകന്‍ ആക്രമിച്ച വിവരം ഷെമിന പറഞ്ഞില്ല. ഇളയ മകൻ അടക്കം അഞ്ചുപേര്‍ കൊല്ലപ്പെട്ട വിവരം ഇതുവരെ ഷെമിന അറിഞ്ഞിട്ടില്ല. താന്‍ മാത്രം ആക്രമിക്കപ്പെട്ടു എന്ന വിശ്വാസത്തിലാണ് മകനെ രക്ഷിക്കാനായുളള അമ്മയുടെ ശ്രമം. ക്രൂരതയുടെ വിവരങ്ങള്‍ എങ്ങനെ ഷെമിനയെ അറിയിക്കും എന്ന ആലോചനയിലാണ് ബന്ധുക്കള്‍. മൂന്ന് വീടുകളിലായി അഞ്ച് കൊലപാതകങ്ങളാണ് അഫാന്‍ നടത്തിയത്. മുത്തശ്ശി സല്‍മാബീവി, സഹോദരന്‍ അഫ്‌സാന്‍, പിതൃസഹോദരന്‍ അബ്ദുല്‍ ലത്തീഫ്, ലത്തീഫിന്റെ ഭാര്യ സജിതാബീവി, കാമുകി ഫര്‍സാന എന്നിവരാണ് കൊല്ലപ്പെട്ടത്.
കുടുംബത്തിന് കടബാധ്യത ഉണ്ടായിരുന്നതായി പോലീസ് സ്ഥിരീകരിച്ചിട്ടുണ്ട്. ഷെമിന ചിട്ടി നടത്തിയും പണം നഷ്ടമായി. അഫ്‌സാന്‍ കൊലചെയ്ത ലത്തീഫിന്റെ ഭാര്യ ഷാഹിദയും ഇതിൽ ചിട്ടി എടുത്തിരുന്നു. എന്നാല്‍ ഇതിൻ്റെ പണം നല്‍കാന്‍ ഷെമിനക്ക് കഴിഞ്ഞില്ല. ഇതേച്ചൊല്ലി ലത്തീഫും അഫാനും തമ്മില്‍ തര്‍ക്കം ഉണ്ടായതായും പോലീസ് കണ്ടെത്തിയിട്ടുണ്ട്. കുടുംബത്തിന്റെ കടബാധ്യത സംബന്ധിച്ച് അറിവില്ല എന്നാണ് അബ്ദുള്‍ റഹീം പോലീസിന് മൊഴി നല്‍കിയിരിക്കുന്നത്.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here