അമ്മൂമ്മയെ കൊന്നിടത്തും സ്വന്തം വീട്ടിലും അഫാനെ എത്തിച്ച് തെളിവെടുത്ത് പോലീസ്; കൂസലില്ലാതെ വിശദീകരിച്ച് പ്രതി

വെഞ്ഞാറമുട് കൂട്ടക്കൊല നടത്തിയ പ്രതി അഫാനുമായി തെളിവെടുപ്പ് തുടര്‍ന്ന് പോലീസ്. ഇന്നലെ കസ്റ്റഡിയില്‍ വാങ്ങിയ പ്രതിയെ ഇന്ന് കുറ്റകൃത്യം നടന്ന രണ്ടിടങ്ങളിലാണ് തെളിവെടുപ്പിന് എത്തിച്ചത്. അമ്മൂമ്മ സല്‍മാ ബീവിയെ കൊലപ്പെടുത്തിയ കേസിലാണ് അഫാന്‍ കസ്റ്റഡിയിലുള്ളത്. അതിരാവിലെ തന്നെ തെളിവെടുപ്പ് നടത്താനായിരുന്നു പാങ്ങോട് പോലീസ് തീരുമാനിച്ചിരുന്നത്. എന്നാല്‍ അഫാന്‍ നടത്തിയ ചില നാടകീയ നീക്കങ്ങള്‍ തെളിവെടുപ്പ് വൈകിച്ചു.

സെല്ലില്‍ കുഴഞ്ഞ് വീണതിനെ തുടര്‍ന്ന് ആശുപത്രിയില്‍ എത്തിച്ച് പരിശോധന നടത്തി ആരോഗ്യവാനാണെന്ന് ഉറപ്പിച്ച ശേഷം ഉച്ചയോടെയാണ് തെളിവെടുപ്പ് തുടങ്ങിയത്. ആദ്യം എത്തിച്ചത് സല്‍മാ ബീവിയെ കൊലപ്പെടുത്തിയ പാങ്ങോടുള്ള വീട്ടിലായിരുന്നു. ഇരുപത് മിനിറ്റോളം ഇവിടെ തെളിവെടുപ്പ് നീണ്ടു. എങ്ങനെയാണ് കൊല നടത്തിയതെന്ന് അഫാന്‍ പോലീസിനോട് വിശദീകരിച്ചു.

അവിടെ നിന്നും എത്തിച്ചത് വെഞ്ഞാറമൂട്ടിലെ അഫാന്റെ സ്വന്തം വീട്ടിലായിരുന്നു. ഇവിടെ വച്ചാണ് അനിയനേയും കാമുകിയേയും ക്രൂരമായി കൊല നടത്തിയതും അമ്മയെ ആക്രമിച്ചതും. ഇവിടെ നടന്ന തെളിവെടുപ്പിലും കൂസലില്ലാതെ കാര്യങ്ങള്‍ മുഴുവന്‍ അഫാന്‍ വിശദീകരിച്ചു. അമ്മൂമ്മയുടെ മാല പണയം വെച്ച സ്വകാര്യ ധനകാര്യ സ്ഥാപനത്തിലും പണം നിക്ഷേപിച്ച എടിഎമ്മിലും അഫാനെ എത്തിച്ച് തെളിവെടുപ്പ് നടത്തും. കൊലപാതകങ്ങള്‍ നടത്തിയ ചുറ്റിക വാങ്ങിയ കടയിലും എത്തിക്കും.

നാളെ വരെയാണ് അഫാനെ പോലീസ് കസ്റ്റഡിയില്‍ വിട്ടിരിക്കുന്നത്. മൂന്ന് സ്‌റ്റേഷന്‍ പരിധിയിലായിട്ടാണ് അഫാന്‍ അഞ്ച് കൊലപാതകങ്ങള്‍ നടത്തിയത്. മറ്റ് സ്റ്റേഷനുകളില്‍ രജിസ്റ്റര്‍ ചെയ്ത കേസുകളിലും പോലീസ് പ്രതിയെ കസ്റ്റഡിയില്‍ വാങ്ങും. വിശദമായി ചോദ്യം ചെയ്യാനാണ് പോലീസ് നീക്കം.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top