വേണു രാജാമണി രാജിവച്ചു; കാലാവധി നീട്ടിയ ഉത്തരവ് നിരസിച്ചു
ന്യൂഡൽഹി: സംസ്ഥാന സർക്കാരിന്റെ ഡൽഹിയിലെ ഓഫീസർ ഓൺ സ്പെഷ്യൽ ഡ്യൂട്ടിയായ (ഒ എസ് ഡി) വേണു രാജാമണി രാജിവച്ചു. അദ്ദേഹത്തിന്റെ കാലാവധി ഈ മാസം 30 വരെ നീട്ടി കൊണ്ട് കഴിഞ്ഞ ആഴ്ച ഉത്തരവ് പുറപ്പെടുവിച്ചിരുന്നു. ഇതിൽ പ്രതിഷേധിച്ചാണ് രാജി എന്നാണ് കരുതുന്നത്. കേവലം രണ്ടാഴ്ചത്തേക്ക് നീട്ടി കൊണ്ടുള്ള ഉത്തരവ് നിരസിക്കുകയാണെന്നും ഒ എസ് ഡി സ്ഥാനം രാജിവക്കുകയാണെന്നും കാണിച്ച് ഇന്നലെ അദ്ദേഹം മുഖ്യമന്ത്രിക്ക് കത്ത് നൽകിയിരുന്നു.
വിദേശ രാജ്യങ്ങളുമായിട്ടുള്ള സംസ്ഥാന സർക്കാരിന്റെ ബന്ധത്തിനു കൂടുതൽ ഊന്നൽ നൽകുന്നതിനു വേണ്ടിയായിരുന്നു ഓഫീസർ ഓൺ സ്പെഷ്യൽ ഡ്യൂട്ടിയായി മുൻ ഐഎഫ്എസ് ഉദ്യോഗസ്ഥനായ വേണു രാജാമണിയെ നിയമിച്ചത്. മന്ത്രിസഭയുടെ തീരുമാനപ്രകാരമായിരുന്നു നിയമനം. നേരത്തെ കേരള ഹൗസിൽ അദ്ദേഹത്തിന് ഒരു മുറി ഉണ്ടായിരുന്നു. എന്നാൽ മുൻ കേന്ദ്ര മന്ത്രി പ്രൊ. കെ.വി. തോമസ് പ്രത്യേക പ്രതിനിധിയായി വന്ന ശേഷം ആ മുറിയിൽ നിന്നും അദ്ദേഹത്തിൻറെ പേരും ബോർഡും നീക്കം ചെയ്തിരുന്നു.
കെ.വി. തോമസുമായുള്ള അധികാര വടംവലിയാകാം കാലാവധി നീട്ടി നൽകാത്തതിന് കാരണമെന്ന് കരുതുന്നു. 2021 സെപ്റ്റംബറിലാണ് ഇദ്ദേഹത്തെ നിയമിച്ചത്. ചീഫ് സെക്രട്ടറി റാങ്കിൽ ഒരു വർഷത്തേയ്ക്ക് കരാർ അടിസ്ഥാനത്തിലായിരുന്നു നിയമനം. പ്രവാസി മലയാളികളുടെ പ്രശ്നങ്ങൾ കേന്ദ്ര സർക്കാരിന്റെയും എംബസികളുടെയും ശ്രദ്ധയിൽപ്പെടുത്തി പരിഹരിക്കലാണ് ചുമതല. ഒരുലക്ഷം രൂപ ഓണറേറിയമായി നൽകിയിരുന്നു. ഇതിനുപുറമെ കാറും മാറ്റ് ആനുകൂല്യങ്ങളും ഉണ്ടായിരുന്നു. ഹരിയാനയിലെ സോനിപത്തിലുള്ള ജിൻഡാൽ ലോ കോളേജിലെ അധ്യാപകനാണ് ഇദ്ദേഹം.
കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here