“സിദ്ധാര്‍ത്ഥന്‍ സ്വയം കെട്ടിത്തൂങ്ങി മരിച്ചതാണ്; മറ്റ് സംശയങ്ങള്‍ ഒന്നുമില്ല”; റാഗിങ്ങിനിരയായ സിദ്ധാര്‍ത്ഥന്‍റെ മരണത്തില്‍ സഹപാഠിയുടെ ആദ്യമൊഴി സംശയാസ്പദം

തിരുവനന്തപുരം: പൂക്കോട് വെറ്ററിനറി കോളജ് വിദ്യാര്‍ഥി സിദ്ധാർത്ഥന്‍റെ മരണവുമായി ബന്ധപ്പെട്ട് സഹപാഠി നല്‍കിയ മൊഴിയും സംശയാസ്പദം. സിദ്ധാര്‍ത്ഥന്‍ തൂങ്ങി നില്‍ക്കുന്നത് കണ്ടയാള്‍ എന്ന നിലയില്‍ കൃഷ്ണലാല്‍ നല്‍കിയ മൊഴിയെ ചൊല്ലിയാണ് സംശയങ്ങളുയരുന്നത്. “സിദ്ധാര്‍ത്ഥന്‍ സ്വയം കെട്ടിത്തൂങ്ങി മരിച്ചതാണ്. മരണകാര്യത്തില്‍ മറ്റ് സംശയങ്ങളൊന്നുമില്ല.” എന്നാണ് മൊഴിയില്‍ പറയുന്നത്. പ്രത്യക്ഷത്തില്‍ തന്നെ അസ്വാഭാവികമായ മൊഴിയായാണ് ഇത് വിലയിരുത്തപ്പെടുന്നത്. കൃഷ്ണലാലിന്റെ മൊഴിയുടെ അടിസ്ഥാനത്തിലാണ് പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.

കൃഷ്ണലാല്‍ സംഭവദിവസം ഹോസ്റ്റലില്‍ ഉണ്ടായിരുന്നതായാണ് മൊഴിയില്‍ പറയുന്നത്. എന്നിട്ടും ക്രൂര റാഗിംഗിനെക്കുറിച്ചോ ആള്‍ക്കൂട്ട മര്‍ദ്ദനത്തെക്കുറിച്ചോ ഒരു വരിപോലും മൊഴിയിലില്ല.

“സിദ്ധാര്‍ത്ഥനെ തൂങ്ങിമരിച്ച നിലയില്‍ കണ്ട ഫെബ്രുവരി 18 ഞായറാഴ്ചയായിരുന്നു. അന്ന് ഹോസ്റ്റലില്‍ അധികം കുട്ടികളുണ്ടായിരുന്നില്ല. ഉച്ചയ്ക്ക് 12.30ന് മെസില്‍ ഉച്ചഭക്ഷണത്തിന് പോകുമ്പോള്‍ സിദ്ധാര്‍ത്ഥന്‍ കുളിക്കാനായി ബാത്ത്‌റൂമിലേക്ക് പോകുന്നത് കണ്ടിരുന്നു. 1.45ന് ഒരു സുഹൃത്ത് വിളിച്ചറിയിച്ചത് പ്രകാരം സ്ഥലത്ത് വന്നു നോക്കിയപ്പോള്‍ സിദ്ധാര്‍ത്ഥന്‍ കുളിക്കാനായി കയറിയ ബാത്ത്റൂം അകത്തുനിന്നും കുറ്റിയിട്ട നിലയിലായിരുന്നു.”

“വിളിച്ചപ്പോള്‍ അകത്തുനിന്നും പ്രതികരണമൊന്നും ഉണ്ടാവാത്ത നിലയില്‍ കാണപ്പെട്ടപ്പോള്‍ സീനിയര്‍ വിദ്യാര്‍ഥികളായ സുശാന്തും മറ്റു സുഹൃത്തുക്കളും വാതില്‍ തള്ളിത്തുറന്നു നോക്കിയപ്പോള്‍ സിദ്ധാര്‍ത്ഥന്‍ ബാത്ത്റൂമിലെ വെന്റിലെറ്ററില്‍ ഒരു കാവിമുണ്ട് കഴുത്തില്‍ക്കെട്ടി തൂങ്ങിക്കിടക്കുന്നത് കണ്ടതില്‍ മുണ്ട് അറുത്തുമാറ്റി വൈത്തിരി താലൂക്ക് ആശുപത്രിയില്‍ എത്തിച്ച് ഡോക്ടര്‍മാര്‍ പരിശോധിച്ചതില്‍ സിദ്ധാര്‍ത്ഥന്‍ മരണപ്പെട്ടതായി പറഞ്ഞറിഞ്ഞു.” എന്നാണ് മൊഴിയില്‍ പറയുന്നത്.

സിദ്ധാര്‍ത്ഥന്‍റെ മരണം ആത്മഹത്യയാണെന്ന് പോലീസ് പറയുന്നുണ്ടെങ്കിലും കൊലപാതകമാണോ എന്നതിനെക്കുറിച്ചും അന്വേഷിക്കുന്നുണ്ട് എന്നാണ് റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ പോലീസ് പറയുന്നത്. “സിദ്ധാര്‍ത്ഥന്‍റെ മരണം കൊലപാതകമാണെന്നും മകന്‍ ഒരിക്കലും ആത്മഹത്യ ചെയ്യില്ലായെന്നും, മൃതദേഹത്തിലുള്ള പരുക്കുകള്‍ ആയതിനെ സാധൂകരിക്കുന്നതാണെന്നും സിദ്ധാര്‍ത്ഥന്‍റെ മാതാപിതാക്കളും ബന്ധുക്കളും ദൃശ്യമാധ്യമങ്ങള്‍ വഴിയും അധികാരികള്‍ക്ക് നല്‍കിയ പരാതികളിലും ആരോപിക്കുന്നുണ്ട്. ഈ കാര്യത്തില്‍ ആഴത്തിലുള്ള അന്വേഷണം നടത്തി കൊലപാതക സാധ്യതയെക്കുറിച്ച് വ്യക്തമായ നിഗമനത്തില്‍ എത്തിച്ചേരേണ്ടതായിട്ടുണ്ട്.”- റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ പറയുന്നു.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top