വീണ്ടും ഗവര്‍ണറുടെ സര്‍ജിക്കല്‍ സ്ട്രൈക്ക്; സിദ്ധാർത്ഥന്റെ മരണത്തിൽ അന്വേഷണ കമ്മീഷനെ നിയോഗിച്ചു; നിര്‍ണായക നീക്കം സിബിഐ എത്താനിരിക്കെ
തിരുവനന്തപുരം: പൂക്കോട് വെറ്ററിനറി കോളേജ് വിദ്യാര്‍ത്ഥി സിദ്ധാർത്ഥന്റെ മരണത്തിൽ ശക്തമായ നീക്കവുമായി ഗവര്‍ണര്‍. സംഭവം അന്വേഷിക്കാന്‍ അന്വേഷണ കമ്മീഷനെ നിയോഗിച്ചു. സര്‍ക്കാരിന് കടുത്ത തിരിച്ചടി നല്‍കുകയും സര്‍വകലാശാലയുമായി ബന്ധപ്പെട്ട ഒരു നടപടിയിലും വിശ്വാസമില്ലെന്ന് തെളിയിക്കുകയാണ് പുതിയ തീരുമാനത്തിലൂടെ ഗവര്‍ണര്‍ ചെയ്തത്. ഹൈക്കോടതി മുൻ ജഡ്ജി എ.ഹരിപ്രസാദിനാണ് ചുമതല നല്‍കിയത്. ഹരിപ്രസാദ് ഗവര്‍ണറെ കണ്ട് ചര്‍ച്ച നടത്തി. മുൻ വയനാട് ഡിവൈഎസ്പി വി ജി കുഞ്ഞന്‍ അന്വേഷണത്തിന് കമ്മീഷനെ സഹായിക്കും. മൂന്ന് മാസത്തിനുള്ളിൽ റിപ്പോർട്ട് നൽകാനാണ് നിർദേശം.
അന്വേഷണ കമ്മീഷനുള്ള പ്രതിഫലവും മറ്റ് ചിലവുകളും നല്‍കാന്‍ സര്‍വ്വകലാശാലയ്ക്ക് നിര്‍ദേശം നല്‍കി. വിസിയുടെയും ഡീനിന്റെയും വീഴ്ചകള്‍ കമ്മീഷന്‍ അന്വേഷിക്കും. ഒപ്പം സര്‍വ്വകലാശാലയിലെ ഭരണപരമായ വീഴ്ചകൾ, റാഗിംഗ്, ക്രിമിനൽ പ്രവർത്തനങ്ങൾ എന്നിവ തടയുന്നതിൽ വന്ന വീഴ്ച എന്നിവയും അന്വേഷിക്കും.
സിദ്ധാർത്ഥന്റെ മരണത്തില്‍ സര്‍ക്കാര്‍ സിബിഐ അന്വേഷണം പ്രഖ്യാപിച്ചെങ്കിലും നടപടികള്‍ ഇഴഞ്ഞു നീങ്ങുകയാണ്. ഇതുമായി സര്‍ക്കാര്‍ വിജ്ഞാപനം ഇറങ്ങിയെങ്കിലും സിബിഐക്ക് രേഖകള്‍ സമര്‍പ്പിക്കാന്‍ കാലതാമസം വന്നു. ഇതിനിടയില്‍ തന്നെയാണ് ഗവര്‍ണറുടെ ഭാഗത്തുനിന്നും നിര്‍ണായക തീരുമാനം വന്നിരിക്കുന്നത്.
കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here