സിദ്ധാർത്ഥന്റെ മരണത്തിൽ സിബിഐ അന്വേഷണം വേഗത്തിലാക്കണം; അച്ഛൻ ജയപ്രകാശ് ഹൈക്കോടതിയെ സമീപിച്ചു; ഹര്‍ജി നാളെ പരിഗണിക്കും
കൊച്ചി : പൂക്കോട് വെറ്ററിനറി സര്‍വകലാശാല വിദ്യാര്‍ത്ഥി സിദ്ധാർത്ഥന്റെ മരണത്തിൽ സിബിഐ അന്വേഷണം വൈകുന്നതിനെതിരെ അച്ഛൻ ജയപ്രകാശ് ഹൈക്കോടതിയിൽ. കേസ് വേഗത്തിൽ ഏറ്റെടുക്കാൻ സിബിഐക്ക് നിർദേശം നൽകണമെന്നാണ് ഹര്‍ജിയിലെ ആവശ്യം. കേന്ദ്ര-സംസ്ഥാന സർക്കാരുകൾ, സിബിഐ എന്നിവരാണ് ഹര്‍ജിയിലെ എതിർ കക്ഷികൾ. ഹർജി നാളെ പരിഗണിക്കും.
സിബിഐ അന്വേഷണം അട്ടിമറിക്കാൻ സർക്കാരിന്റെ ഭാഗത്ത് നിന്നും ബോധപൂർവ്വം ശ്രമമുണ്ടെന്ന് ജയപ്രകാശ് ആരോപിച്ചു. “ഗവര്‍ണര്‍ നിയോഗിച്ച അന്വേഷണ കമ്മീഷനില്‍ വിശ്വാസമുണ്ട്. ഇത് അട്ടിമറിക്കാൻ സര്‍ക്കാരിന് സാധിച്ചില്ല. സാധിച്ചിരുന്നെങ്കില്‍ സര്‍ക്കാര്‍ അത് ചെയ്യുമായിരുന്നു.”
“സിബിഐയെ സംബന്ധിച്ച് അവര്‍ കൊലപാതകത്തെ കുറിച്ച് മാത്രമായിരിക്കും അന്വേഷിക്കുന്നത്. അന്വേഷണ കമ്മീഷനാകുമ്പോള്‍ അതിന് പുറമെയുള്ള പല കാര്യങ്ങളും അന്വേഷിക്കും. അതിനാല്‍ രണ്ട് അന്വേഷണങ്ങളും സമാന്തരമായി പോകേണ്ടതുണ്ട്.” ജയപ്രകാശ് പറഞ്ഞു.
കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here