‘ഞങ്ങടെ കുഞ്ഞിനെ എസ്എഫ്ഐക്കാർ കൊന്നതാണ്’; വയനാട് വെറ്ററിനറി കോളജ് വിദ്യാർത്ഥി സിദ്ധാർത്ഥിന്റെ മരണത്തിൽ പ്രതികൾക്കായി ഇരുട്ടിൽത്തപ്പി പോലീസ്, കോളജ് അധികൃതർക്കും പങ്കുണ്ടെന്ന് കുടുംബം

തിരുവനന്തപുരം: വയനാട് പൂക്കോട് വെറ്ററിനറി കോളജിലെ രണ്ടാം വർഷ വിദ്യാർത്ഥിയായിരുന്നു ജെ.എസ് സിദ്ധാർത്ഥിനെ തൂങ്ങിമരിച്ച നിലയില്‍ കാണപ്പെട്ട സംഭവത്തില്‍ ഗുരുതര ആരോപണങ്ങളുമായി കുടുംബം. “കോളജിലെ സീനിയര്‍ വിദ്യാര്‍ത്ഥികള്‍ അവനെ ക്രൂരമായി മര്‍ദ്ദിച്ചിരുന്നു. ഈ സംഭവങ്ങൾ പുറത്തുപറയരുതെന്ന് കോളജ് ഡീൻ എം.കെ.നാരായണനും ഫിസിക്കൽ എഡ്യൂക്കേഷൻ അധ്യാപകനായ കാന്തനാഥും വിദ്യാർത്ഥികളെ വിലക്കിയതായി സിദ്ധാർത്ഥിന്റെ സുഹൃത്തുക്കൾ പറഞ്ഞിരുന്നു. കോളജ് അധികൃതർ ഇത് ആത്മഹത്യയാക്കി മാറ്റാനാണ് തുടക്കം മുതൽ ശ്രമിക്കുന്നത്”; സിദ്ധാർത്ഥിന്റെ അമ്മാവൻ ഷിബു.എം മാധ്യമ സിൻഡിക്കറ്റിനോട് പറഞ്ഞു. സിദ്ധാർത്ഥ് മരിച്ചിട്ട് പത്തു ദിവസം കഴിഞ്ഞിട്ടും പ്രതികളെ അറസ്റ്റ് ചെയ്യാൻ ഇതുവരെ പോലീസിന് കഴിഞ്ഞിട്ടില്ല. കോളജ് അധികൃതരുടെ സഹായത്തോടെയാണ് പ്രതികൾ ഒളിവിൽ പോയതെന്ന് സിദ്ധാർത്ഥിന്റെ കുടുംബം ആരോപിച്ചു.
“അവൻ ആത്മഹത്യ ചെയ്യില്ല. ഞങ്ങടെ കുഞ്ഞിനെ എസ്എഫ്ഐക്കാർ കൊന്നതാണ്. നാട്ടിലേക്ക് വരുന്നെന്ന് അവന്റെ അമ്മയോട് പറഞ്ഞിരുന്നതാണ്. 15ന് എറണാകുളത്ത് എത്തിയപ്പോൾ അവന്റെ ബാച്ചിലെ ഒരു കുട്ടിയെ കൊണ്ട് എസ്എഫ്ഐക്കാർ അവനെ തിരിച്ച് വിളിപ്പിച്ചു. എസ്എഫ്ഐ നേതാക്കൾ പിന്നീടുള്ള ദിവസങ്ങളിൽ ക്രൂരമായി മർദ്ദിച്ചു. അവന്റെ സുഹൃത്തുക്കൾ തന്നെയാണ് ഇക്കാര്യം പറഞ്ഞത്. പക്ഷെ നടന്ന സംഭവം പുറത്തു പറഞ്ഞാൽ ആ കുട്ടികളെ കൊല്ലുമെന്നാണ് എസ്എഫ്ഐ നേതാക്കൾ ഭീഷണിപ്പെടുത്തിയത്”; ഷിബു പറഞ്ഞു. 21 പേരടങ്ങുന്ന സംഘം രൂപീകരിച്ച് അന്വേഷണം ആരംഭിച്ചെന്നാണ് പോലീസ് അറിയിച്ചതെന്നും കുടുംബം പറഞ്ഞു. ആന്റി റാഗിങ് നിയമപ്രകാരം 12പേർക്കെതിരെ കേസ് എടുത്തിട്ടുണ്ട്. ആത്മഹത്യയ്ക്കാണ് ആദ്യം വൈത്തിരി പോലീസ് കേസ് രജിസ്റ്റർ ചെയ്തത്. പിന്നീട് ശരീരത്തിലെ മുറിവുകളെക്കുറിച്ച് സർജൻ ചൂണ്ടിക്കാണിച്ചപ്പോഴാണ് ആന്റി റാഗിങ് കമ്മിറ്റി ഇതിനെക്കുറിച്ച് അന്വേഷിച്ചത്. കമ്മിറ്റിയുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് എസ്എഫ്ഐ യൂണിറ്റ് സെക്രട്ടറിയും, കോളജ് യൂണിയൻ പ്രസിഡന്റുമുൾപ്പെടെ 12 പേരെ സസ്‌പെൻഡ് ചെയ്തതും കേസ് എടുത്തതും.
“കോളജിൽ എല്ലാ പ്രവർത്തനങ്ങളിലും സജീവമായിരുന്നു അവൻ. വാലെന്റൈൻസ് ദിനത്തിൽ സീനിയർ വിദ്യാർത്ഥികൾക്കൊപ്പം നൃത്തം ചെയ്തതിനാണ് അവനെ അവർ ഉപദ്രവിച്ചത്. വിദ്യാർത്ഥികളുടെ മുന്നിൽ വിവസ്ത്രനാക്കി അടിക്കുകയും മൂന്ന് ദിവസം ഭക്ഷണവും വെള്ളവും നൽകാതിരിക്കുകയും ചെയ്തു. ഹോസ്പിറ്റലിൽ ബോഡി ഏറ്റുവാങ്ങിയ ശേഷം ഞങ്ങൾ പറഞ്ഞിട്ടാണ് കോളജിൽ പൊതുദർശനത്തിന് വയ്ക്കാൻ അധികൃതർ തയ്യാറായത്. അവർക്ക് എന്തോ പേടിയുള്ളപോലെയാണ് പെരുമാറിയത്”; ഷിബു പറഞ്ഞു. സംഭവത്തിൽ ഉൾപ്പെട്ടവരെ എത്രയും വേഗം അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് ഗവർണർക്കും എഡിജിപി എം ആർ അജിത്കുമാറിനും കുടുംബം പരാതി നൽകിയിട്ടുണ്ട്.
ഇക്കഴിഞ്ഞ ഫെബ്രുവരി 18ന് ഹോസ്റ്റലിലെ കുളിമുറിയിൽ തൂങ്ങി മരിച്ച നിലയിലാണ് സിദ്ധാർത്ഥിനെ കണ്ടെത്തിയത്. ആത്മഹത്യ എന്നായിരുന്നു പ്രാഥമിക നിഗമനമെങ്കിലും ശരീരത്തിൽ മുഴുവൻ മർദ്ദനമേറ്റ പാടുകൾ കണ്ടതിനെത്തുടർന്നാണ് കുടുംബം അന്വേഷണം വേണമെന്ന ആവശ്യവുമായി മുന്നോട്ടെത്തിയത്.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here