ഡീനിനും അസിസ്റ്റന്റ് വാര്‍ഡനും സസ്‌പെന്‍ഷന്‍; ഇരുവരുടേയും വിശദീകരണം തള്ളി വിസി; സിദ്ധാര്‍ത്ഥന്റെ മരണത്തില്‍ ഒടുവില്‍ നടപടി സ്വീകരിച്ച് വെറ്ററിനറി സര്‍വകലാശാല

വയനാട് : പൂക്കോട് കോളജിലെ വിദ്യാര്‍ത്ഥി സിദ്ധാര്‍ത്ഥന്റെ മരണത്തില്‍ നടപടിയുമായി വെറ്ററിനറി സര്‍വകലാശാല. കോളജ് ഡീന്‍ എം.കെ.നാരായണനേയും അസിസ്റ്റന്റ് വാര്‍ഡന്‍ ഡോ.കാന്തനാഥനേയും സസ്‌പെന്‍ഡ് ചെയ്ത് സര്‍വകലാശാല വിസി ഉത്തരവിറക്കി. സിദ്ധാര്‍ത്ഥന്റെ മരണവുമായി ബന്ധപ്പെട്ട് നിയമപരമായി നിര്‍വഹിക്കേണ്ട ഉത്തരവാദിത്വങ്ങളില്‍ വീഴ്ച വരുത്തിയതിനാണ് നടപടി.
ഡീനിനും അസിസ്റ്റന്റ് വാര്‍ഡനും വൈസ് ചാന്‍സലര്‍ പി.സി.ശശീന്ദ്രന്‍ കാരണം കാണിക്കല്‍ നോട്ടീസ് നല്‍കിയിരുന്നു. വീഴ്ച വന്നിട്ടില്ലെന്ന വിശദീകരണമാണ് ഇരുവരും നല്‍കിയത്. കോളജില്‍ നടന്നുവെന്ന് പറയുന്ന ക്രൂരമര്‍ദനം അറിഞ്ഞിരുന്നില്ല. ഒരു വിദ്യാര്‍ത്ഥിയും ഇക്കാര്യം ശ്രദ്ധയില്‍പ്പെടുത്തിയില്ല. സിദ്ധാര്‍ത്ഥന്റെ മരണ വിവരം മാത്രമാണ് അറിഞ്ഞത്. ഇതിനു ശേഷം നിയമപരമായി ചെയ്യേണ്ട എല്ലാ കാര്യങ്ങളും ചെയ്തിട്ടുണ്ട്. പോസ്റ്റ്‌മോര്‍ട്ടം നടപടികള്‍ക്ക് ശേഷം ഹോസ്റ്റലിലെ വിദ്യാര്‍ത്ഥികളുമായി സംസാരിച്ചിരുന്നുവെന്നും ഇരുവരും മറുപടി നല്‍കിയിരുന്നു.
ഈ മറുപടി തൃപ്തികരമല്ലെന്നാണ് വിസിയുടെ നിലപാട്. ഇതിന്റെ അടിസ്ഥാനത്തിലാണ് അച്ചടക്ക നടപടി സ്വീകരിച്ചിരിക്കുന്നത്. ഡീനിനും അസിസ്റ്റന്റ് വാര്‍ഡനും ക്രൂരമര്‍ദന വിവരം അറിയമായിരുന്നുവെന്നും എസ്എഫ്‌ഐ പ്രവര്‍ത്തകരെ രക്ഷിക്കാനായി ഇവര്‍ കേസ് അട്ടിമറിക്കാന്‍ ശ്രമിക്കുകയായിരുന്നുവെന്നും സിദ്ധാര്‍ത്ഥിന്റെ കുടുംബം ആരോപിച്ചിരുന്നു. സംഭവുമായി ബന്ധപ്പെട്ട് സര്‍വകലാശാല വിസിയായിരുന്ന ഡോ.എം.ആര്‍ ശശീന്ദ്രനാഥിനെ ചാന്‍സലര്‍ കൂടിയായ ഗവര്‍ണര്‍ സസ്പെന്‍ഡ് ചെയ്തിരുന്നു.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here