മകനെ അവരെല്ലാംകൂടി ചതിച്ചതാണെന്ന് മുഖ്യപ്രതി സിന്‍ജോ ജോണ്‍സന്റെ പിതാവ്; സിദ്ധാര്‍ത്ഥനെ ക്രൂരമായി മര്‍ദ്ദിച്ചത് സിന്‍ജോയെന്ന് ജയപ്രകാശ്
തിരുവനന്തപുരം: ‘ഞങ്ങള്‍ ജീവച്ഛവങ്ങളായി ജീവിക്കുകയാണെന്ന്’ പൂക്കോട് വെറ്ററിനറി കോളജ് വിദ്യാര്‍ഥി സിദ്ധാർത്ഥന്‍റെ മരണത്തില്‍ മുഖ്യപ്രതിയായ സിന്‍ജോ ജോണ്‍സന്റെ പിതാവ് ജോണ്‍സണ്‍ ജോര്‍ജ്. സിന്‍ജോയെ അവരെല്ലാവരും കൂടി ചതിച്ചതാണെന്ന് അദ്ദേഹം മാധ്യമ സിന്‍ഡിക്കറ്റിനോട് പറഞ്ഞു. കൊല്ലം ഓടനാവട്ടം സ്നേഹഭവനില്‍ സിന്‍ജോ ജോണ്‍സണ്‍ (22)ഇന്നലെയാണ് അറസ്റ്റിലായത്. സിന്‍ജോയാണ് സിദ്ധാര്‍ത്ഥനെ ആള്‍ക്കൂട്ട വിചാരണയ്ക്കുള്ള ആസൂത്രണംചെയ്തതും അതിക്രൂരമായി മര്‍ദ്ദിച്ചതും. മര്‍ദ്ദനവിവരം പുറത്തുപറഞ്ഞാല്‍ തലയുണ്ടാകില്ലെന്ന് മറ്റ് വിദ്യാര്‍ഥികളെ ഭീഷണിപ്പെടുത്തിയതും ഇയാളായിരുന്നു. കീഴടങ്ങാനായായി കല്‍പ്പറ്റ ഡിവൈഎസ്പി ഓഫീസിലെത്തുമ്പോഴാണ് സിന്‍ജോ പിടിയിലായത്.
“സിദ്ധാര്‍ത്ഥന്‍റെ മരണത്തില്‍ മകന്‍ പ്രതിയായതോടെ മാനസികമായി കുടുംബം തകര്‍ന്നിരിക്കുകയാണ്. പള്ളികളില്‍ ഞങ്ങള്‍ ആശ്രയം തേടിയിരിക്കുകയാണ്. എന്റെ കുഞ്ഞിന് ഒരു രാഷ്ട്രീയ പശ്ചാത്തലവുമില്ല. കെഎസ് യുവിലുമില്ല, എസ്എഫ്ഐയിലുമില്ല. സിദ്ധാര്‍ത്ഥന്‍റെ നേര്‍ക്ക് മര്‍ദ്ദനം നടക്കുമ്പോള്‍ കണ്ടുനിന്നവര്‍ ആരോ എന്റെ കുഞ്ഞിന്റെ പേരുകൂടി പറഞ്ഞുകൊടുത്തതാണ്. മകന്‍ ഈ സംഭവത്തില്‍ ഉള്‍പ്പെട്ടതല്ല. കോളജില്‍അവന്‍ എല്ലാ കാര്യത്തിലും ഓള്‍ ഇന്‍ ഓള്‍ ആണ്. അതുകൊണ്ട് എല്ലാവര്‍ക്കും അറിയാം. അവനെ അവര്‍ തിരഞ്ഞു പിടിക്കുകയായിരുന്നു.”
“എന്റെ മകന്‍ എസ്എഫ്ഐ മെമ്പര്‍ഷിപ്പ് എടുത്തിട്ടില്ല. ഇതുപോലെ ഒരു സംഭവം നടന്നിട്ടുണ്ടെന്ന് അവന്‍ തന്നെയാണ് എന്നെ വിളിച്ചുപറഞ്ഞത്. ഒരു കുട്ടി ആത്മഹത്യ ചെയ്തു. അടിപിടി നടന്നു. ഞങ്ങള്‍ അതില്‍ കാഴ്ചക്കാരായിരുന്നു. ഒരു പെണ്ണ് കേസാണ് ഇതിന്റെ പ്രശ്നമെന്ന് സിന്‍ജോ എന്നോട് പറഞ്ഞു. സിദ്ധാര്‍ത്ഥന്‍റെ ക്ലാസിലുള്ള കുട്ടികളാണ് അവനെ ആദ്യം കൈകാര്യം ചെയ്തത്. സിദ്ധാര്‍ത്ഥന്‍ വീട്ടിലേക്ക് പോയിട്ടും അവനെ തിരികെ വിളിക്കുകയാണ് ചെയ്തത്. ഒരു കാര്യം പറയാനുണ്ട് എന്ന് പറഞ്ഞിട്ടാണ് തിരികെ വിളിപ്പിച്ചതെന്ന് സിന്‍ജോ എന്നോട് പറഞ്ഞിരുന്നു. റാഗിംങ് കേസ് ആയതുകൊണ്ട് ഒഴിഞ്ഞ് നില്‍ക്കുകയായിരുന്നു എന്നാണ് പറഞ്ഞത്. എസ്എഫ്ഐക്കാര്‍ ഈ സംഭവത്തില്‍ ഇന്‍വോള്‍വ്ഡ് ആണ്. മകന്‍ ഈ കേസില്‍ അകപ്പെട്ടതോടെ നിരന്തരമായ പോലീസ് വേട്ടയാണ് ഞങ്ങള്‍ക്ക് നേരെ വന്നത്. കഴിഞ്ഞ ചൊവാഴ്ച മുതല്‍ ഇന്നലെ വരെ, അവനെത്തേടി പോലീസ് വീട്ടില്‍ വന്നിരുന്നു.”-ജോണ്‍സണ്‍ ജോര്‍ജ് പറഞ്ഞു.
തന്‍റെ മകനെ ഏറ്റവും ക്രൂരമായി മര്‍ദ്ദിച്ചത് സിന്‍ജോ ആണെന്ന് സിദ്ധാര്‍ത്ഥന്‍റെ പിതാവ് ജയപ്രകാശ് ആരോപിച്ചിരുന്നു. അവന്റെ സുഹൃത്തുക്കളാണ് തന്നെ ഈ കാര്യം അറിയിച്ചത്. ഇത് പറയാതെ പോയാല്‍ സമാധാനം കിട്ടില്ല. പുറത്തുപറഞ്ഞാല്‍ സിന്‍ജോ തലവെട്ടുമെന്നും സുഹൃത്തുക്കള്‍ പറഞ്ഞുവെന്നും ജയപ്രകാശ് പറഞ്ഞിരുന്നു.
ഫെബ്രുവരി 18 നാണ് സിദ്ധാർത്ഥന്‍ കോളേജ് ഹോസ്റ്റലില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടത്. സിദ്ധാര്‍ത്ഥന്‍ നേരിട്ട ക്രൂരമായ റാഗിങ്ങും ഭീകരമായ മര്‍ദ്ദനവും ആള്‍ക്കൂട്ട വിചാരണയുടെ വാര്‍ത്തകളും പിന്നീട് പുറത്തെത്തി. 18 പേരാണ് കേസിലെ പ്രതികള്‍. മുഴുവന്‍ പ്രതികളും പിടിയിലായിട്ടുണ്ട്. കേസില്‍ ഉള്‍പ്പെട്ട കുട്ടികള്‍ക്ക് മൂന്ന് വര്‍ഷ പഠനവിലക്ക് ഏര്‍പ്പെടുത്തിയിട്ടുണ്ട്.
കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here