സിദ്ധാർത്ഥന്‍റെ മരണത്തിലെ കൊലപാതക സാധ്യത പരിശോധിക്കണമെന്ന് റിമാന്‍ഡ് റിപ്പോര്‍ട്ട്; നേരിട്ടത് പരസ്യവിചാരണയും ക്രൂരമായ ആള്‍ക്കൂട്ട മര്‍ദ്ദനവും

കൽപ്പറ്റ: പൂക്കോട് വെറ്ററിനറി കോളേജ് വിദ്യാര്‍ഥി സിദ്ധാർത്ഥൻ നേരിട്ടത് അതിക്രൂര പീഡനമെന്ന് പൊലീസ് റിമാൻഡ് റിപ്പോർട്ട്. ഹോസ്റ്റലിലെ അലിഖിത നിയമം അനുസരിച്ചുള്ള കുറ്റവിചാരണയ്ക്കാണ് സിദ്ധാര്‍ത്ഥന്‍ വിധേയമായത്. വീട്ടിലേക്ക് പോകും വഴി എറണാകുളത്ത് എത്തിയ സിദ്ധാർഥനെ ഫോണില്‍ വിളിച്ച് തി രിച്ചെത്തിക്കുകയായിരുന്നു. രഹാന്‍റെ ഫോണിൽ നിന്ന് വിളിച്ചു വരുത്തിയത് ഡാനിഷാണ്. ഫെബ്രുവരി 12ന് സിദ്ധാർത്ഥൻ സഹപാഠിയോട് മോശമായി പെരുമാറിയതായി ആരോപണം ഉയർന്നു.

ഫെബ്രുവരി 16ന് രാവിലെ സിദ്ധാര്‍ത്ഥൻ തിരികെ കോളേജിലെത്തി. നിയമനടപടിയുമായി മുന്നോട്ടു പോയാൽ പൊലീസ് കേസ് ആകുമെന്ന് സിദ്ധാർഥനെ ഭീഷണിപ്പെടുത്തി തടങ്കലിൽ പാർപ്പിച്ച് രാത്രി മുഴുവന്‍ ക്രൂരമായി മർദ്ദിച്ചു. അടിവസ്ത്രം മാത്രം ധരിപ്പിച്ച് ബെൽറ്റ് കൊണ്ടും കേബിൾ വയർ കൊണ്ടും കൈകൊണ്ടും കാലുകൊണ്ടും അതിക്രൂരമായി മർദ്ദിച്ചു.

ഈ മർദ്ദനം 17-ാംതീയതി പുലർച്ചെ രണ്ട് മണി വരെ നീണ്ടു. ക്യാമ്പസിന്റെ വിവിധ ഭാഗങ്ങളിൽ കൊണ്ടുപോയി മർദ്ദിച്ചിരുന്നു. പൊതു മധ്യത്തിൽ പരസ്യ വിചാരണ നടത്തുകയും അപമാനിക്കുകയും ചെയ്തതിനെ തുടർന്ന് മരണമല്ലാതെ മറ്റൊരു മാർഗമില്ലാത്ത സാഹചര്യത്തിലേക്ക് സിദ്ധാർത്ഥനെ പ്രതികൾ എത്തിച്ചു.18-ാംതീയതി ഉച്ചയോടെ സിദ്ധാർത്ഥൻ തൂങ്ങിമരിച്ചുവെന്നും റിമാൻഡ് റിപ്പോർട്ടിൽ പറയുന്നു. തൂങ്ങി നിന്നതും അടിവസ്ത്രത്തില്‍ തന്നെയായിരുന്നു.

“സിദ്ധാര്‍ത്ഥന്‍റെ മരണം കൊലപാതകമാണെന്നും മകന്‍ ഒരിക്കലും ആത്മഹത്യ ചെയ്യില്ലായെന്നും, മൃതദേഹത്തിലുള്ള പരുക്കുകള്‍ ആയതിനെ സാധൂകരിക്കുന്നതാണെന്നും സിദ്ധാര്‍ത്ഥന്‍റെ മാതാപിതാക്കളും ബന്ധുക്കളും ദൃശ്യമാധ്യമങ്ങള്‍ വഴിയും അധികാരികള്‍ക്ക് നല്‍കിയ പരാതികളിലും ആരോപിക്കുന്നുണ്ട്. ഈ കാര്യത്തില്‍ ആഴത്തിലുള്ള അന്വേഷണം നടത്തി കൊലപാതക സാധ്യതയെക്കുറിച്ച് വ്യക്തമായ നിഗമനത്തില്‍ എത്തിച്ചേരേണ്ടതായിട്ടുണ്ട്.”- റിമാന്‍ഡ് റിപ്പോര്‍ട്ടിലെ പ്രസക്തമായ വരികള്‍ ഇങ്ങനെയാണ്. പ്രതികൾക്ക് ജാമ്യം നൽകരുതെന്ന് ആവശ്യപ്പെട്ടുകൊണ്ടാണ് റിമാന്‍ഡ് റിപ്പോര്‍ട്ട് കോടതിയിൽ സമര്‍പ്പിച്ചിരിക്കുന്നത്.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top