‘വേട്ടയ്യനിലെ കഥാപാത്രം ചിരിപ്പിക്കും’; രജനികാന്ത് ചിത്രത്തെക്കുറിച്ച് ഫഹദ് ഫാസില്‍; ഒക്ടോബറില്‍ തിയറ്ററുകളിലേക്ക്
മലയാളത്തില്‍ ഗംഭീര സിനിമകളും കഥാപാത്രങ്ങളും തുടരുമ്പോള്‍ തന്നെ മറ്റ് ഭാഷകളിലും സജീവമാകുകയാണ് ഫഹദ് ഫാസില്‍. രജനികാന്തിനൊപ്പം ഫഹദ് എത്തുന്ന വേട്ടയ്യന്‍ എന്ന ചിത്രം ഒക്ടോബറില്‍ തിയറ്ററുകളില്‍ എത്തും. വേട്ടയ്യനിലെ തന്റെ കഥാപാത്രത്തെക്കുറിച്ചാണ് ഫഹദ് ഇപ്പോള്‍ സംസാരിക്കുന്നത്. ഏറ്റവും പുതിയ ചിത്രമായ ആവേശത്തിന്റെ പ്രസ്മീറ്റിനെത്തിയപ്പോഴാണ് ഫഹദ് വേട്ടയ്യനിലെ കഥാപാത്രത്തെ കുറിച്ച് വെളിപ്പെടുത്തിയത്.
വേട്ടയനിലെ തന്റെ കഥാപാത്രം നര്‍മ്മം നിറഞ്ഞതായിരിക്കുമെന്ന് ഫഹദ് പറഞ്ഞു. ഫഹദിന്റെ തമിഴ് സിനിമകളിലെ മുന്‍ വേഷങ്ങളില്‍ നിന്ന് വ്യത്യസ്തമായിരിക്കും വേട്ടയ്യനിലേത് എന്ന് ഇതോടെ ഉറപ്പിക്കാം. ടി.ജെ. ജ്ഞാനവേല്‍ സംവിധാനം ചെയ്യുന്ന വേട്ടയ്യന്‍ ലൈക്ക പ്രൊഡക്ഷന്‍സ് ആണ് നിര്‍മിക്കുന്നത്.
ചിത്രത്തില്‍ ഫഹദിനു പുറമെ രജനികാന്തിനൊപ്പം വമ്പന്‍ താരനിരയാണ് എത്തുന്നത്. അമിതാഭ് ബച്ചന്‍, മഞ്ജു വാര്യര്‍, രാണ ദഗ്ഗുബാട്ടി, റിതിക സിങ്, ദുഷാര വിജയന്‍ എന്നിവര്‍ മുഖ്യ വേഷങ്ങളില്‍ എത്തുന്ന വേട്ടയ്യന് സംഗീതം ഒരുക്കുന്നത് അനിരുദ്ധ് രവിചന്ദര്‍ ആണ്.
തിരുവനന്തപുരം, തിരുനെല്‍വേലി, തൂത്തുക്കുടി എന്നിവിടങ്ങളായിരുന്നു രജനികാന്ത് ചിത്രത്തിന്റെ പ്രധാന ലൊക്കേഷനുകള്‍. സൂര്യ നായകനായ ജയ് ഭീം എന്ന ചിത്രത്തിനു ശേഷം സംവിധായകന്‍ ടി.ജെ. ജ്ഞാനവേല്‍ ഒരുക്കുന്ന ചിത്രം കൂടിയാണ് വേട്ടയ്യന്‍.
കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here