രജനികാന്തിനൊപ്പം മഞ്ജു വാര്യരും ഫഹദ് ഫാസിലും; ‘വേട്ടയ്യന്‍’ എത്തുന്നത് ഒക്ടോബറില്‍; ചിത്രത്തിലുള്ളത് വമ്പന്‍ താരനിര
സൂപ്പര്‍ സ്റ്റാര്‍ രജനികാന്തിന്റെ 170-ാമത് ചിത്രമായ വേട്ടയ്യന്‍ ഈ വര്‍ഷം ഒക്ടോബറില്‍ റിലീസിനെത്തുന്നു. നിര്‍മാതാക്കളായ ലൈക്ക പ്രൊഡക്ഷന്‍സ് ആണ് റിലീസ് തിയതി പ്രഖ്യാപിച്ചത്. രജനികാന്ത് നീല ഷര്‍ട്ടും കറുത്ത സണ്‍ക്ലാസും കയ്യിലൊരു തോക്കുമായി ചിരിച്ചുകൊണ്ടു നില്‍ക്കുന്ന പോസ്റ്ററാണ് ലൈക്ക പ്രൊഡക്ഷന്‍സ് റിലീസ് ചെയ്തിരിക്കുന്നത്. ആഗോളതലത്തിലാണ് ചിത്രം റിലീസിനൊരുങ്ങുന്നത്.
ചിത്രത്തില്‍ രജനികാന്തിനൊപ്പം വമ്പന്‍ താരനിരയാണ് എത്തുന്നത്. അമിതാഭ് ബച്ചന്‍, ഫഹദ് ഫാസില്‍, മഞ്ജു വാര്യര്‍, രാണ ദഗ്ഗുബാട്ടി, റിതിക സിങ്, ദുഷാര വിജയന്‍ എന്നിവര്‍ അണിനിരക്കുന്ന ചിത്രത്തിന് സംഗീതം ഒരുക്കുന്നത് അനിരുദ്ധ് രവിചന്ദര്‍ ആണ്.
തിരുവനന്തപുരം, തിരുനെല്‍വേലി, തൂത്തുക്കുടി എന്നിവിടങ്ങളായിരുന്നു രജനികാന്ത് ചിത്രത്തിന്റെ പ്രധാന ലൊക്കേഷനുകള്‍. സൂര്യ നായകനായ ജയ് ഭീം എന്ന ചിത്രത്തിന്റെ സംവിധായകന്‍ ടി.ജെ. ജ്ഞാനവേലാണ് വേട്ടയ്യന്‍ സംവിധാനം ചെയ്യുന്നത്.
കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here