ഒടുവില്‍ അവര്‍ ഇവിടെയും എത്തി….വടക്കേ ഇന്ത്യൻ മോഡൽ ക്രിസ്മസ് വിലക്ക് കേരളത്തിലും; മിണ്ടാട്ടം മുട്ടി ബിജെപിയും ക്രിസംഘികളും
വടക്കേ ഇന്ത്യയിലെ സ്കൂളുകളിൽ ക്രിസ്മസ് ആഘോഷങ്ങൾക്ക് വിലക്കേർപ്പെടുത്തുന്ന മാതൃക കേരളത്തിലും. സംഘപരിവാർ സംഘടനയായ വിശ്വഹിന്ദു പരിഷത്ത് (വിഎച്ച്പി ) പാലക്കാട്ടെ സ്കൂളിൽ ക്രിസ്മസ് ആഘോഷങ്ങൾ തടഞ്ഞത് ക്രൈസ്തവ സമൂഹത്തെയാകെ ഞെട്ടിച്ചിരിക്കയാണ്. മുനമ്പം സംഭവത്തിന്‍റെ പേരിൽ ക്രിസ്ത്യാനികൾക്കൊപ്പം ആണെന്ന് ബിജെപിയും സംഘപരിവാർ സംഘടനകളും കൊട്ടിഘോഷിക്കുന്നതിന് ഇടയിലാണ് ക്രിസ്മസ് ആഘോഷങ്ങൾക്കെതിരായി വടക്കേ ഇന്ത്യൻ മോഡൽ ആക്രമണം കേരളത്തിലും അരങ്ങേറിയത്. സംസ്ഥാന ബിജെപി നേതൃത്വം ഈ സംഭവത്തെക്കുറിച്ച് ഇതേ വരെ പ്രതികരിച്ചിട്ടില്ല. സംഘപരിവാർ അനുകൂലികളായ കാസ, ക്രോസ് എന്നീ സംഘടനകളുടെ നേതാക്കളും പ്രതികരിക്കാൻ തയ്യാറായിട്ടില്ല.
Also Read: സ്കൂളിലെ ക്രിസ്മസ് ആഘോഷം തടഞ്ഞു; വിഎച്ച്പി നേതാക്കള്‍ അറസ്റ്റില്‍
വെള്ളിയാഴ്ച നല്ലേപ്പുള്ളി ഗവ യുപി സ്കൂളിൽ അധ്യാപകരും വിദ്യാർത്ഥികളും ചേർന്ന് നടത്തിയ ക്രിസ്മസ് ആഘോഷങ്ങളാണ് വിഎച്ച്പി പ്രവർത്തകർ തടയാൻ ശ്രമിച്ചത്. ക്രിസ്മസ് ആഘോഷം നടത്തിയതിന് അധ്യാപകരെ ഭീഷണിപ്പെടുത്തിയ സംഭവത്തിൽ മൂന്ന് വിഎച്ച്പി പ്രവ൪ത്തകരെ റിമാൻ്റ് ചെയ്തു. വിശ്വഹിന്ദു പരിഷത്ത് ജില്ലാ സെക്രട്ടറി കെ.അനിൽകുമാ൪, ജില്ലാ സംയോജക് വി.സുശാസനൻ, പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് കെ.വേലായുധൻ എന്നിവരെയാണ് ചിറ്റൂ൪ പൊലീസ് അറസ്റ്റ് ചെയ്തത്.
Also Read: മധ്യപ്രദേശ് സ്കൂളുകളിലെ ക്രിസ്മസ് ആഘോഷങ്ങൾ വിലക്കി; ‘കാസയും ക്രിസംഘി’കളും കാണുന്നില്ലേ
ക്രിസ്മസ് ആഘോഷം നടക്കുന്നതിനിടെ മൂവ൪ സംഘം അധ്യാപകരും വിദ്യാർത്ഥികളും സാൻ്റാക്ലോസിൻ്റെയും മറ്റും വേഷങ്ങൾ ധരിച്ചതിനെതിരെ അസഭ്യം പറയാൻ ശ്രമിക്കുകയും കൈയേറ്റം ചെയ്യാനും ശ്രമിച്ചതിനാണ് ചിറ്റൂർ പോലിസ് കേസെടുത്തത്. പ്രധാന അധ്യാപികയുടെ പരാതിയിലാണ് കേസ് എടുത്തത്.
പരമാവധി ക്രിസ്ത്യാനികളെ പാർട്ടിക്കൊപ്പം നിർത്തുന്നതിന്‍റെ ഭാഗമായി ക്രിസ്മസ് കാലത്ത് ക്രൈസ്തവ ഭവനങ്ങളിൽ കേക്കുമായി സ്നേഹ സന്ദേശ യാത്ര സംഘടിപ്പിക്കാൻ ബി ജെപി ഒരുങ്ങുന്നതിന് ഇടയിലാണ് വിഎച്ച്പിയുടെ അക്രമം അരങ്ങേറിയത്.
ബിജെപി ഭരിക്കുന്ന മധ്യപ്രദേശിൽ സ്കൂളുകളിൽ ക്രിസ്മസ് ആഘോഷങ്ങൾക്ക് നിയന്ത്രണങ്ങളും വിലക്കുകളും ഏർപ്പെടുത്തി വിദ്യാഭ്യാസ വകുപ്പ് ഈ മാസം 12 ന് ഉത്തരവ് പുറപ്പെടുവിച്ച വാർത്ത മാധ്യമ സിൻഡിക്കറ്റ് പുറത്തു വിട്ടിരുന്നു. മധ്യപ്രദേശിലെ ക്രിസ്ത്യൻ മാനേജ്മെൻ്റ് സ്കൂളുകളെയാണ് ഈ നിയന്ത്രണങ്ങൾ ഏറെയും ബാധിക്കുന്നത്. ക്രിസ്മസ് ആഘോഷങ്ങളുടെ ഭാഗമായി കുട്ടികൾ സാന്റാ ക്ലോസ്, കന്യാമറിയം, ജോസഫ്, ആട്ടിടയന്മാർ തുടങ്ങിയ വേഷങ്ങൾ ധരിക്കുന്നതിന് മാതാപിതാക്കളുടെ മുൻകൂർ അനുമതി വാങ്ങണമെന്നാണ് വിദ്യാഭ്യാസ വകുപ്പിൻ്റേയും ബാലാവകാശ കമ്മിഷന്റെയും ഉത്തരവ്.
ബിജെപി ഭരിക്കുന്ന ഉത്തർപ്രദേശ്, ചത്തീസ്ഗഡ്, മധ്യപ്രദേശ്, ഹരിയാന തുടങ്ങിയ സംസ്ഥാനങ്ങളിലാണ് ക്രിസ്ത്യാനികൾക്കും അവരുടെ സ്ഥാപനങ്ങൾക്കുമെതിരെ ഹിന്ദുത്വ ശക്തികളിൽ നിന്ന് അക്രമങ്ങളും വിവേചനങ്ങളും അരങ്ങേറുന്നത്. ഛത്തീസ്ഗഡില്‍ ക്രിസ്മസ് ആഘോഷങ്ങള്‍ ഒഴിവാക്കാന്‍ ക്രൈസ്തവര്‍ക്ക് സംഘപരിവാര്‍ സംഘടനകൾ ഭീഷണി മുഴക്കിയിരിക്കയാണ്. ഗോത്രവര്‍ഗ ക്രൈസ്തവര്‍ താമസിക്കുന്ന ബസ്തര്‍ ജില്ലയിലാണ് ആഘോഷങ്ങള്‍ക്ക് വിലക്കേര്‍പ്പെടുത്തിയത്. ക്രൈസ്തവ വിശ്വാസത്തില്‍ നിന്ന് ഹിന്ദു വിശ്വാസത്തിലേക്ക് ഗോത്രവര്‍ഗക്കാര്‍ (ഘര്‍വാപ്പസി) മടങ്ങി വരണമെന്നാണ് പരിവാര്‍ സംഘടനകള്‍ ആവശ്യപ്പെട്ടുന്നത്.
കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here