രാജ്യം ഭൂരിപക്ഷത്തിന്റെ അഭിപ്രായത്തില്‍ ഭരിക്കപ്പെടണം; മുസ്ലീങ്ങളുടെ ബഹുഭാര്യാത്വം നിരോധിക്കണം; യുപി ജഡ്ജിയുടെ വിഎച്ച്പി വേദിയിലെ പ്രകോപന പ്രസംഗം
ബഹുഭാര്യാത്വവും മുത്തലാക്കും, ഹലാല്‍ ഇറച്ചിക്കച്ചവടവുമൊന്നും ഇനി നടക്കില്ലെന്ന് ജസ്റ്റിസ് ശേഖര്‍ കുമാര്‍ യാദവ്. യുപി ഹൈക്കോടതിയിലെ സിറ്റിംഗ് ജഡ്ജിയാണ് ഇത്തരമൊരു പ്രകോപനപരമായ പ്രസംഗം നടത്തിയത്. ഏകീകൃത സിവില്‍ കോഡിനെക്കുറിച്ച് വിശ്വഹിന്ദു പരിഷത്ത് സംഘടിപ്പിച്ച സെമിനാറില്‍ സംസാരിക്കുമ്പോഴായിരുന്നു ഈ പരാമര്‍ശം. ഭുരിപക്ഷ സമുദായത്തിന്റെ ഇംഗിതമനുസരിച്ച് രാജ്യം ഭരിക്കണമെന്ന് പറയാന്‍ തനിക്ക് മടിയില്ലന്നും അദ്ദേഹം തുറന്നടിച്ചു. ഏകീകൃത സിവില്‍ കോഡ് ഒരു യാഥാര്‍ത്ഥ്യമായി മാറാന്‍ അധികകാലം വേണ്ടിവരില്ലെന്നും ശേഖര്‍ യാദവ് വ്യക്തമാക്കി.
ഹിന്ദുസമുദായത്തിലെ ദുരാരാചാരങ്ങളായ സതി, തൊട്ടുകൂടായ്മ, തീണ്ടല്‍, തുടങ്ങിയവ നിയമം മൂലം നിരോധിച്ചിട്ടും മുസ്ലീം സമുദായത്തില്‍ ബഹുഭാര്യാത്വം തുടരുന്നുണ്ട്. ഇത്തരം ഏര്‍പ്പാടുകള്‍ അംഗീകരിക്കാനാവില്ല. മുത്തലാഖ് തുടരുന്നതും അംഗീകരിക്കാനാവില്ല. ഇതൊന്നും തുടര്‍ന്ന് പോകാന്‍ അനുവദിക്കരുതെന്നും ജസ്റ്റിസ് യാദവ് പറഞ്ഞു. രാജ്യത്തെ ഒരു ഏകീകൃത നിയമത്തിന്റെ പരിധിയില്‍ കൊണ്ടുവരണം. അധികം താമസിയാതെ ഈ നിയമം രാജ്യത്ത് നടപ്പിലാവും. പശു, ഗംഗ, ഗീത ഇതെല്ലാം രാജ്യത്തിന്റെ സംസ്‌കാരത്തിന്റെ ഭാഗമാണെന്നും അദ്ദേഹം വ്യക്തമാക്കി.
ഷാബാനു കേസില്‍ ഉപേക്ഷിക്കപ്പെടുന്ന സ്ത്രീകള്‍ക്ക് നഷ്ടപരിഹാരം നല്‍കണമെന്ന് സുപ്രീം കോടതി പറഞ്ഞിട്ടും അന്നത്തെ ഭരണകൂടം ചില തല്‍പര കക്ഷികള്‍ക്കു മുന്നില്‍ കീഴടങ്ങി. സ്ഥാപിത താല്‍പര്യക്കാര്‍ക്കായി കേന്ദ്ര സര്‍ക്കാര്‍ പുതിയ നിയമം കൊണ്ടുവന്നെന്നും അദ്ദേഹം കുറ്റപ്പെടുത്തി. ആര്‍എസ്എസ് അടുത്ത വര്‍ഷം ശതാബ്ദി ആഘോഷം നടത്തുകയാണ്. സംഘപരിവാര്‍ സംഘടനകള്‍ രാജ്യത്തിന് വേണ്ടി ചെയ്യുന്ന പ്രവര്‍ത്തികളെ വാനോളം പ്രശംസിക്കാനും ജസ്റ്റിസ് ശേഖര്‍ കുമാര്‍ യാദവ് മറന്നില്ല.
ജസ്റ്റിസ് ശേഖര്‍ കുമാര്‍ യാദവിന്റെ പ്രസംഗത്തിലെ വിവരങ്ങള്‍ പുറത്തുവന്നതോടെ വിവാദങ്ങളും ആരംഭിച്ചിട്ടുണ്ട്. വലിയ വിമര്‍ശനമാണ് പലഭാഗത്തു നിന്നും ഉയരുന്നത്. ഇത്തരത്തില്‍ ചിന്തിക്കുന്ന ജഡജിമാര്‍ ഉണ്ടെങ്കില്‍ ന്യൂനപക്ഷങ്ങള്‍ക്ക് എങ്ങനെ നീതി ലഭിക്കുമെന്നാണ് ഉയരുന്ന ചോദ്യം.
കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here