വിക്കി കൗശൽ മനേക് ഷാ ആകുന്നു; ‘സാം ബഹദുര്‍’ ടീസര്‍ പുറത്ത്

വിക്കി കൗശലിനെ നായകനാക്കി മേഘ്ന ഗുൽസർ സംവിധാനം ചെയ്യുന്ന ‘സാം ബഹദുര്‍’ എന്ന ഹിന്ദി സിനിമയുടെ ട്രെയിലർ പുറത്ത് വന്നു. ഇന്ത്യയുടെ ആദ്യ ഫീൽഡ് മാർഷൽ ആയിരുന്ന മനേക് ഷാ ആയാണ് വിക്കി കൗശൽ സിനിമയിൽ എത്തുന്നത്. ചിത്രത്തിനായി വിക്കി നടത്തിയ മേക്ക്ഓവർ ഇതിനോടകം തന്നെ ശ്രദ്ധേയമായതാണ്. സാനിയ മൽഹോത്രയാണ് നായിക. ചിത്രം ഡിസംബർ ഒന്നിന് തിയറ്ററുകളിലെത്തും.

തിരക്കഥ ഭവാനി അയ്യരും, ശാന്തനു ശ്രീവാസ്തവയും ചേർന്നാണ്. നിർമാണം റോണി സ്ക്രൂവാല. ജയ് ഐ പട്ടേലാണ് ഛായാഗ്രാഹണം. മുൻ പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയായി ചിത്രത്തിൽ എത്തുന്നത് ഫാത്തിമ സന ഷെയ്‍ഖ് ആണ്.

ഇന്ത്യയുടെ എക്കാലത്തെയും മികച്ച തന്ത്രശാലിയായ സൈനികമേധാവിയായി അറിയപ്പെടുന്ന ഉദ്യോഗസ്ഥനാണ് മനേക് ഷാ. 1971ലെ യുദ്ധത്തില്‍ പാക്കിസ്ഥാന് എതിരെ ഇന്ത്യയെ വിജയത്തിലേക്ക് നയിച്ചത് മനേക് ഷായാണ്. 1973ല്‍ ഫീല്‍ഡ് മാര്‍ഷല്‍ പദവി ലഭിച്ചു. ‘റാസി’ എന്ന ഹിറ്റ് ചിത്രത്തിനു ശേഷം മേഘ്നയും വിക്കിയും ഒന്നിക്കുന്ന ചിത്രം കൂടിയാണിത്.

ജസ്‍കരൻ സിങ് ഗാന്ധി, നീരജ് കബി, റിച്ചാര്‍ഡ്, എഡ്വാര്‍ഡ് രോഹൻ വര്‍മ, ജെഫ്രീ, രാജീവ്, എഡ് റോബിൻസണ്‍, റിച്ചാര്‍ഡ് മാഡിസണ്‍, അരവിന്ദ് കുമാര്‍, ബോബി അറോറ, അഷ്‍ടൻ, ടഷി, നീരജ് വികാസ് ഹൃത്, അലക്സാണ്ടര്‍ ബോബ്‍കോവ് തുടങ്ങി ഒട്ടേറെ താരങ്ങളും പ്രധാന വേഷത്തിൽ എത്തുന്നു.

സംവിധായകൻ ഷാം കൗശലിന്റെ മകൻ വിക്കി കൗശൽ വെറും നാലു വർഷം കൊണ്ടാണ് ബോളിവുഡിൽ മുൻ നിര താരങ്ങളുടെ നിരയിലേക്ക് ഉയർന്നത്. ആദ്യ ചിത്രം ‘ഗാങ് ഓഫ് വോസ്സിപൂർ’ ആണ്. രണ്‍ബീർ കപൂറിനൊപ്പം ‘സഞ്ജു’, സർജിക്കൽ സ്ട്രൈക്കിന്റെ കഥ പറഞ്ഞ ‘ഉറി’, ആലിയ ഭട്ട് നായികയായ ‘റാസി’ എന്നീ ചിത്രങ്ങളിലൂടെയാണ് ശ്രദ്ധനേടിയത്. ഉറിയിലെ അഭിനയത്തിന് മികച്ച നടനുള്ള ദേശിയ പുരസ്‌കാരം ലഭിച്ചിരുന്നു. കത്രീന കൈഫ് ആണ് ജീവിത പങ്കാളി.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top