ഗവർണർ എഴുത്തിന് ഇരുത്തുക ഏത് ഭാഷയിൽ? രാജ്ഭവനിൽ ആദ്യമായി വിദ്യാരംഭം; രക്ഷിതാക്കളുടെ ആവശ്യം മാനിച്ചെന്ന് വാർത്താക്കുറിപ്പ്

സ്‌മൃതി പ്രേം

കേരള രാജ്ഭവനിൽ ഇതാദ്യമായി വിദ്യാരംഭ ചടങ്ങ്. ഗവർണർ ആരിഫ് മുഹമ്മദ് ഖാനെ കൊണ്ട് കുട്ടികളെ ആദ്യക്ഷരം എഴുതിക്കാൻ പലരും താൽപര്യം പ്രകടിപ്പിച്ച സാഹചര്യത്തിലാണ് ഈ തീരുമാനമെന്ന് രാജ്ഭവൻ പുറത്തിറക്കിയ വാർത്താക്കുറിപ്പിൽ പറയുന്നു. താൽപര്യം ഉള്ളവർക്ക് രജിസ്റ്റർ ചെയ്യാൻ 0471-2721100 എന്ന ഫോൺ നമ്പറും പരസ്യപ്പെടുത്തി. ഈ സാഹചര്യത്തിലാണ് മാധ്യമ സിൻഡിക്കറ്റ് അന്വേഷിച്ചത്, മലയാളി അല്ലാത്ത ആരിഫ് മുഹമ്മദ് ഖാൻ ഏത് ഭാഷയിൽ കുട്ടികളെ എഴുതിക്കും?

ബഹുഭാഷാ പ്രാവീണ്യമുള്ള ഗവർണറെ സംബന്ധിച്ച് അതൊരു പ്രശ്നമേ ആകില്ലെന്നാണ് അദ്ദേഹത്തോട് അടുപ്പമുള്ളവർ പറയുന്നത്. സംസ്കൃതത്തിൽ നല്ല പരിജ്ഞാനമുണ്ട്. കൂടാതെ ദേവനാഗരി, പേർഷ്യൻ അടക്കം പലതിലും നല്ല ധാരണയുണ്ട് കോൺഗ്രസിൻ്റെ ഈ പഴയ പടക്കുതിരക്ക്. രാജീവ് ഗാന്ധിയോട് പിണങ്ങി 1986ൽ കേന്ദ്രമന്ത്രിസ്ഥാനം രാജിവെച്ച ആരിഫ് ഖാൻ ഏത് വെല്ലുവിളിയും ഏറ്റെടുക്കും. വേണ്ടിവന്നാൽ മലയാളം പഠിച്ചു തന്നെ കുട്ടികളെ എഴുതിക്കാനും തയ്യാറായേക്കും എന്നും അടുപ്പക്കാർ പറയുന്നു.

കേരളത്തിൽ ഗവർണറായി വന്നിട്ട് ഇപ്പോൾ നാല് വർഷമായി. ഇതിനിടെ പലപ്പോഴായി സർക്കാരുമായി ഉണ്ടായ ഏറ്റുമുട്ടലിൻ്റെ പശ്ചാത്തലത്തിൽ മലയാളം സാമാന്യമായി കേൾക്കാനും മനസിലാക്കാനും അദ്ദേഹം പഠിച്ചിട്ടുണ്ട്. മന്ത്രിമാരും സിപിഎം നേതാക്കളും മലയാളത്തിൽ നടത്തിയ ചില പരാമർശങ്ങൾ അർത്ഥം മാറിപ്പോകാതെ കൃത്യമായി മനസിലാക്കി എടുക്കാനും ഒക്കെ ഗവർണർ പ്രത്യേകം ശ്രദ്ധ വച്ചിട്ടുണ്ട്. ഏതായാലും ഇപ്പോൾ കേരളത്തിന് പുറത്തുള്ള ഗവർണർ തിരിച്ചെത്തിയ ശേഷമേ ഭാഷയുടെ കാര്യത്തിൽ കൃത്യമായ അറിയിപ്പ് ഉണ്ടാകൂ എന്ന് രാജ്ഭവൻ പിആർഒ എസ്ഡി പ്രിൻസ് മാധ്യമ സിൻഡിക്കറ്റിനോട് പറഞ്ഞു.

അതേസമയം വിദ്യാരംഭം എന്നാൽ മലയാളം പഠനത്തിൻ്റെ മാത്രം ആരംഭം അല്ലെന്നും കുട്ടികളുടെ രക്ഷിതാക്കളുടെ താൽപര്യം അനുസരിച്ച്, ഗവർണർക്ക് വശമുള്ള ഏത് ഭാഷയിലും എഴുതിക്കാമെന്ന് മലയാളം സർവകലാശാലാ മുൻ വൈസ് ചാൻസലർ ഡോ കെ ജയകുമാർ മാധ്യമ സിൻഡിക്കറ്റിനോട് പറഞ്ഞു. ഇംഗ്ലീഷിൽ A എന്നെഴുതി തുടങ്ങിയാലും വിദ്യാരംഭമായി എന്നർത്ഥം. കഴിഞ്ഞവർഷം തിരുവനന്തപുരം പൂജപ്പുര സരസ്വതി മണ്ഡപത്തിൽ ഗവർണർ കുട്ടികളെ ആദ്യക്ഷരം എഴുതിച്ചിരുന്നു.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top