വെട്രിമാരന് 4 കൊല്ലം കാക്കാൻവയ്യ; ‘വിടുതലൈ 2’ ക്ലൈമാക്സ് ചിത്രീകരണം ഉടൻ

വെട്രിമാരൻ സംവിധാനം ചെയ്ത ‘വിടുതലൈ’ ഈ വർഷം ഏറ്റവും കൂടുതൽ ചർച്ച ചെയ്യപ്പെട്ട ചിത്രങ്ങളിൽ ഒന്നാണ്. ഹാസ്യതാരമായ സൂരി ആദ്യമായി നായകനായി എത്തിയ ചിത്രത്തിന്റെ രണ്ടാംഭാഗത്തിനായുള്ള കാത്തിരിപ്പിലാണ് പ്രേക്ഷർ. വിജയ് സേതുപതിയും മറ്റൊരു മുഖ്യവേഷത്തിലെത്തിയ ‘വിടുതലൈ’യുടെ രണ്ടാം ഭാഗം വൈകുന്നത് ക്ലൈമാക്സ് രംഗങ്ങൾ ചിത്രീകരിക്കുന്നതിലെ കാലതാമസംകൊണ്ടാണെന്നാണ് വിവരം.

ചിത്രത്തിന്റെ ക്ലൈമാക്‌സ് മൂടൽമഞ്ഞുള്ള അന്തരീക്ഷത്തിൽ ചിത്രീകരിക്കാനാണ് സംവിധായകൻ ആഗ്രഹിച്ചിരുന്നത്. ഏകദേശം 100 ദിവസത്തോളം ഷോട്ടുകൾ എടുക്കാൻ ടീം അംഗങ്ങൾ ശ്രമിച്ചു. എന്നാൽ സിനിമ ആവശ്യപ്പെടുന്ന തരത്തിലുള്ള ഫ്രെയിമുകൾ പകർത്താൻ നാല് വർഷം വരെ എടുക്കുമെന്ന് മനസിലാക്കിയതോടെ, സിജിഐ ഉപയോഗിച്ച് കൃത്രിമമായി മൂടൽമഞ്ഞ് സൃഷ്ടിക്കാമെന്ന തീരുമാനത്തിലെത്തിയിരിക്കുകയാണ് വെട്രിമാരനും സംഘവും.

റിപ്പോർട്ടുകൾ പ്രകാരം വിജയ് സേതുപതിക്ക് ചിത്രീകരണത്തിന്റെ ഒരു ഭാഗം കൂടിയേ ബാക്കിയുള്ളൂ. അതുകൂടി ചിത്രീകരിക്കുന്നതോടെ ‘വിടുതലൈ- പാർട്ട് 2’വിന്റെ ഷൂട്ടിങ് ഔദ്യോഗികമായി പൂർത്തിയാകും.

1960 കളിൽ നടക്കുന്ന ഒരു ക്രൈം ത്രില്ലറായാണ് ചിത്രം ഒരുങ്ങുന്നത്. മലയാളത്തിന്റെ മഞ്ജു വാര്യരാണ് ‘വിടുതലൈ 2’ലെ നായിക. വിഎഫ്എക്സ്, ഡീ-ഏജിങ് സാങ്കേതിക വിദ്യകൾ ഉപയോഗിച്ച് വിജയ്‌ സേതുപതിയുടെയും മഞ്ജുവാര്യരുടെയും യൗവനകാലവും ചിത്രത്തിൽ ഉൾപ്പെടുത്തുന്നുണ്ട്. പെരുമാൾ എന്ന വിജയ് സേതുപതിയുടെ കഥാപാത്രത്തെ കേന്ദ്രീകരിച്ച് കഥപറയുന്ന രണ്ടാംഭാഗത്തിൽ സേതുപതിയും മഞ്ജുവും ഭാര്യാഭർത്താക്കന്മാരായി അഭിനയിക്കുന്നതായാണ് റിപ്പോർട്ടുകൾ.

പ്രകാശ് രാജ്, ഭവാനി ശ്രീ, ഗൗതം വാസുദേവ് ​​മേനോൻ, ഇളവരസു തുടങ്ങിയവരും മുഖ്യവേഷങ്ങളിൽ എത്തുന്നു. 2024 പകുതിയോടെ ചിത്രം തിയറ്ററിൽ എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.

ബി. ജയമോഹന്റെ ‘തുണൈവന്‍’ എന്ന ചെറുകഥയെ ആസ്പദമാക്കിയാണ് ‘വിടുതലൈ’ ഒരുക്കിയത്. ചിത്രത്തിന്റെ ആമുഖം മാത്രമാണ് ആദ്യ ഭാഗത്തിൽ ഉൾക്കൊള്ളിച്ചിരിക്കുന്നത്. സൂരി പോലീസ് കോൺസ്റ്റബിൾ ആയും വിജയ് സേതുപതി മാവോയിസ്റ്റ് നേതാവായുമാണ് ചിത്രത്തിൽ അഭിനയിച്ചത്.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top